| Sunday, 18th October 2026, 7:16 pm

വോട്ട് മോഷണത്തിന് മോദിയും അമിത്ഷായും ഗ്യാനേഷും നിയമ നടപടി നേരിടേണ്ടി വരും: രാഹുല്‍ ഗാന്ധി

റെന്വര്‍ പി

മഡ്ഗാവ്: വോട്ട് മോഷണം നടത്തിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറും വലിയ വില നല്‍കേണ്ടി വരുമെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഗോവയിലെ മര്‍ഗാവോയില്‍ കോണ്‍ഗ്രസിന്റെ ഗോയ് രാഖോണ്‍ (ഗോവയെ രക്ഷിക്കൂ) യാത്രയുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ വോട്ട് മോഷണം നടപ്പിലാക്കിയെന്നും അമിത് ഷായും പ്രധാനമന്ത്രി മോദിയും അയാള്‍ക്ക് പിന്തുണ നല്‍കുന്നുണ്ടെന്നും രാജ്യത്തിന് മുഴുവന്‍ അറിയാമെന്നും രാഹുല്‍ പറഞ്ഞു. വോട്ട് മോഷണത്തിന് ഇവര്‍ മൂന്ന് പേരും നിയമ നടപടി നേരിടേണ്ടി വരുമെന്നും രാഹുല്‍ പറഞ്ഞു.

കോണ്‍ഗ്രസ് ഭരണഘടനയുടെ സംരക്ഷകനാണെന്ന് പറഞ്ഞ രാഹുല്‍, തങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയില്ലെന്ന് മോദിക്കും ഷായ്ക്കും ഗ്യാനേഷ് കുമാറിനും അറിയാമെന്നും കൂട്ടിച്ചേര്‍ത്തു.

ഒരുകാലത്ത് ഇന്ത്യയില്‍ ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസ സമ്പ്രദായം ഉണ്ടായിരുന്നുവെന്നും, എന്നാല്‍ ഇന്ന് വിദ്യാര്‍ത്ഥി പ്രക്ഷോഭകര്‍ക്കെതിരെ പെല്ലറ്റ് ഗണ്ണുകള്‍ ഉപയോഗിക്കപ്പെടുന്ന അവസ്ഥയാണെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി.

2027-ലെ ഗോവ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് കോണ്‍ഗ്രസ് ഗോയ് രാഖോണ്‍ യാത്ര സംഘടിപ്പിച്ചത്. അലെമാവോയുടെയും ചോദങ്കറിന്റെയും നേതൃത്വത്തില്‍ നടന്ന യാത്ര 27 ദിവസം പിന്നിട്ട ശേഷമാണ് ഇന്ന് (ഒക്ടോബര്‍ 18, ഞായര്‍) സമാപിച്ചത്.

യാത്രയില്‍ പങ്കെടുക്കുന്നതിനായി ഇന്ന് ഉച്ചയോടെയാണ് രാഹുല്‍ ദബോലിമില്‍ വിമാനമിറങ്ങിയത്. എ.ഐ.സി.സി ഗോവ ഡെസ്‌ക് ചുമതലയുള്ള മണിക്‌റാവു താക്കറെ, സഹ-ചുമതലയുള്ള ഡോ. അഞ്ജലി നിംബാല്‍ക്കര്‍, പ്രതിപക്ഷ നേതാവ് യൂറി അലെമാവോ, ഗോവ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഗിരീഷ് ചോദങ്കര്‍ തുടങ്ങിയവര്‍ അദ്ദേഹത്തോടൊപ്പം ഗോയ് രാഖോണ്‍ യാത്രയില്‍ പങ്കെടുത്തു.

തെരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസിന്റെ താഴേത്തട്ടുതലത്തിലുള്ള സാന്നിധ്യം ശക്തിപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ളതായിരുന്നു യാത്ര. ഗോവയുടെ ഭൂമി, പരിസ്ഥിതി, സാംസ്‌കാരിക പൈതൃകം, സ്വത്വം എന്നിവ സംരക്ഷിക്കുക എന്നതായിരുന്നു ഈ യാത്രയുടെ ലക്ഷ്യമെന്ന് പാര്‍ട്ടി അറിയിച്ചു.

അതേസമയം, രാജ്യത്ത് ഇപ്പോള്‍ നിലവിലുള്ളത് ഒരു വിദ്യാഭ്യാസ സമ്പ്രദായമല്ലെന്നും ലക്ഷക്കണക്കിന് ഇന്ത്യന്‍ യുവാക്കളെ പുറന്തള്ളാന്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ള ഒരു എക്‌സ്‌ക്ലൂഷന്‍ സിസ്റ്റം ആണെന്നും രാഹുല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഒരു വീഡിയോയില്‍ പറഞ്ഞു. ഒരു കൂട്ടം വിദ്യാര്‍ത്ഥികളുമായി നടത്തിയ സംഭാഷണത്തിന്റെ വീഡിയോ ആണ് രാഹുല്‍ പങ്കുവെച്ചത്.

‘നിങ്ങളുടെ കൈവശം പണമോ സ്വാധീനമോ ഇല്ലെങ്കില്‍, അല്ലെങ്കില്‍ നിങ്ങള്‍ക്ക് ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയില്ലെങ്കില്‍, ഈ വ്യവസ്ഥിതി നിങ്ങളെ ഒട്ടും മടിക്കാതെ പുറന്തള്ളും,’ എന്ന് വീഡിയോയില്‍ രാഹുല്‍ പറഞ്ഞു.

‘ഇതിനെ ഒരു വിദ്യാഭ്യാസ സമ്പ്രദായമെന്ന് വിളിക്കാന്‍ കഴിയില്ല. ഇതൊരു ഒഴിവാക്കല്‍ സമ്പ്രദായം ആണ്. ലക്ഷക്കണക്കിന് ഇന്ത്യന്‍ യുവാക്കളെ പുറം തള്ളാന്‍ വേണ്ടി രൂപകല്‍പ്പന ചെയ്ത ഒന്ന്,’ അദ്ദേഹം പറഞ്ഞു.

Content Highlight: Modi, Shah, CEC will pay price for ‘vote chori’: Rahul Gandhi at ‘Goy Rakhonn’ Yatra

റെന്വര്‍ പി

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

Latest Stories

We use cookies to give you the best possible experience. Learn more