ഇറാന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് എല്‍.പി.ജിക്കും വളത്തിനും ക്ഷാമമുണ്ടാകുമെന്ന തരത്തില്‍ പ്രതിപക്ഷം തെറ്റായ പ്രചാരണം നടത്തുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ ചിലര്‍ അതില്‍ സന്തോഷം കണ്ടെത്തുകയാണെന്നും ഇത്തരം പ്രചാരണങ്ങളിലൂടെ പ്രധാനമന്തിയുടെ പ്രതിച്ഛായ തകര്‍ക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഗുജറാത്തിലെ ബനസ്‌കാന്ത ജില്ലയിലെ ഭില്‍ഡിയില്‍ സംഘടിപ്പിച്ച പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു മോദി. തന്റെ അവസാന ശ്വാസം വരം രാജ്യത്തെ ജനങ്ങളെ സേവിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഭാരത് ബോവിന്‍ ബ്രീഡിങ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ ഉദ്ഘാടനം ചെയ്ത മോദി 14000 കോടിയുടെ പദ്ധതികള്‍ക്ക് തുടക്കം കുറിച്ചു.
ഗുജറാത്തിലെ ബനസ്‌കാന്ത ജില്ലയിലെ ഭില്‍ഡിയില്‍ സംഘടിപ്പിച്ച പൊതുപരിപാടിയില്‍ സംസാരിക്കുന്ന മോദി-Photo: Hindustantimes
കിസാന്‍ സമ്മാന്‍ നിധി പദ്ധതിയുടെ 24ാം ഗഡു പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തിറക്കി. ഇതിന്റെ ഭാഗമായി രാജ്യത്തുടനീളമുള്ള ഏകദേശം 10 കോടി കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 18,000 കോടിയിലധികം രൂപ കൈമാറിയെന്നാണ് അവകാശവാദം.
‘പിഎം കിസാന്‍ പദ്ധതിയുടെ മറ്റൊരു ഗഡു ഇന്ന് രാജ്യത്തെ കര്‍ഷകരുടെ അക്കൗണ്ടുകളിലെത്തി. നമ്മുടെ കര്‍ഷകര്‍ അന്നദാതാക്കളും രാജ്യത്തിന്റെ ഏറ്റവും ശക്തമായ തൂണുകളിലൊന്നുമാണ്. കര്‍ഷകരെ ശാക്തീകരിക്കുന്നതിനാണ് സര്‍ക്കാര്‍ എക്കാലവും മുന്‍ഗണന നല്‍കുന്നത്,’ മോദി പറഞ്ഞു.
ഭില്‍ഡിയിലെ 127 ഏക്കര്‍ വിസ്തൃതിയുള്ള ഭാരത് ബോവിന്‍ ബ്രീഡിങ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ കാങ്കെജ് കന്നുകാലി ഇനത്തിനായി സമര്‍പ്പിച്ചു, കൂടാതെ കന്നുകാലികളുടെ പ്രജനനം, ജനിതക നവീകരണം, നൂതന പ്രത്യുല്‍പാദന സാങ്കേതികവിദ്യകള്‍ എന്നിവ ശക്തിപ്പെടുത്താനും പദ്ധതി ലക്ഷ്യമിടുന്നു. ഇത് ഇനത്തിന്റെ പുരോഗതി 10-20 മടങ്ങ് ത്വരിതപ്പെടുത്തുമെന്നും അദ്ദേഹം പറയുന്നു.
Content Highlight: Modi says the opposition finds joy in the crisis facing India