| Saturday, 24th January 2026, 9:52 am

മോദിയുടെ 'ഇരട്ട എഞ്ചിന്‍' സര്‍ക്കാര്‍ 'ഡബ്ബ സര്‍ക്കാര്‍'; തമിഴ്നാട്ടില്‍ അത് ഓടില്ല: സ്റ്റാലിന്‍

രാഗേന്ദു. പി.ആര്‍

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. മോദിയുടെ ഇരട്ട എഞ്ചിന്‍’ സര്‍ക്കാര്‍ ഒരു ‘ഡബ്ബ എഞ്ചിന്‍’ സര്‍ക്കാരാണെന്നും അത് തമിഴ്നാട്ടില്‍ ഓടില്ലെന്നും സ്റ്റാലിന്‍ പറഞ്ഞു.

തമിഴ്നാടിന്റെ വളര്‍ച്ചയ്ക്ക് എന്‍.ഡി.എയുടെ ഇരട്ട എഞ്ചിന്‍ സര്‍ക്കാര്‍ ആവശ്യമാണെന്ന മോദിയുടെ തെരഞ്ഞെടുപ്പ് പ്രസംഗത്തിനുള്ള മറുപടിയായാണ് എം.കെ. സ്റ്റാലിന്റെ പരാമര്‍ശം. എക്‌സ് പോസ്റ്റിലൂടെയാണ് സ്റ്റാലിന്‍ പ്രതികരിച്ചത്.

പശ്ചിമ ബംഗാള്‍, കേരളം, കര്‍ണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങള്‍ ഇന്നുകാണുന്ന വികസനത്തിലെത്താന്‍ കാരണം എന്‍.ഡി.എയുടെ അഭാവമാണെന്നും സ്റ്റാലിന്‍ പറഞ്ഞു.

എന്‍.ഡി.എയുടെ ഇരട്ട എഞ്ചിന്‍ പ്രവര്‍ത്തിക്കുന്ന ഉത്തര്‍പ്രദേശ്, ബീഹാര്‍ പോലുള്ള സംസ്ഥാനങ്ങളില്‍ യാതൊരുവിധ വളര്‍ച്ചയില്ലെന്നും സ്റ്റാലിന്‍ വിമര്‍ശിച്ചു.

തമിഴ്നാട്ടില്‍ ബി.ജെ.പിയും മോദിയും ഒരുപോലെ ആവര്‍ത്തിച്ച് തിരിച്ചടി നേരിടും. തമിഴ്‌നാടിനോടും ഈ നാട്ടിലെ ജനങ്ങളോടും ബി.ജെ.പി കാണിച്ച വഞ്ചന മോദി അടിച്ചമര്‍ത്തിയാല്‍ പോലും ആരും മറക്കില്ലെന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.

ദല്‍ഹിയുടെ ധാര്‍ഷ്ട്യത്തിന് മുന്നില്‍ തമിഴ്നാട് മുട്ടുമടക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്നലെ (വെള്ളി) കേരളത്തിലും തുടര്‍ന്ന് തമിഴ്നാട്ടിലും സംഘടിപ്പിച്ചിരുന്ന പരിപാടികളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തിരുന്നു.

മോദി തമിഴ്നാട്ടില്‍ എത്തുന്നതിന് മുന്നോടിയായി ബി.ജെ.പിയെ ലക്ഷ്യമിട്ട് സ്റ്റാലിൻ മറ്റൊരു എക്സ് പോസ്റ്റും പങ്കുവെച്ചിരുന്നു.

‘തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രം മോദി ഇടയ്ക്കിടെ തമിഴ്‌നാട് സന്ദര്‍ശിക്കും,’ സ്റ്റാലിന്‍ പറഞ്ഞു. ‘തമിഴ്‌നാട് എന്‍.ഡി.എയ്‌ക്കൊപ്പം’ എന്ന മോദിയുടെ ട്വീറ്റിന് മറുപടി നല്‍കികൊണ്ടായിരുന്നു സ്റ്റാലിന്റെ പ്രതികരണം.

സമഗ്ര ശിക്ഷാ പദ്ധതി പ്രകാരം സംസ്ഥാനത്തിന് ലഭിക്കാനുള്ള 3,458 കോടി രൂപ എപ്പോള്‍ ലഭിക്കും? അതിര്‍ത്തി നിര്‍ണയിക്കുബോള്‍ മണ്ഡലങ്ങളുടെ എണ്ണത്തില്‍ കുറവുണ്ടാകില്ലെന്ന് തമിഴ്നാടിന് എപ്പോള്‍ ഉറപ്പ് കിട്ടും? ബി.ജെ.പിയുടെ ഏജന്റായി പ്രവര്‍ത്തിക്കുന്ന ഗവര്‍ണര്‍ ആര്‍.എന്‍. രവിയുടെ അതിക്രമങ്ങള്‍ എപ്പോള്‍ അവസാനിക്കും? തമിഴ് ജനതക്ക് നല്‍കേണ്ട ഫണ്ട് എപ്പോള്‍ അനുവദിക്കും?

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തുടരുമെന്നും വിബി ജി റാംജി ഉപേക്ഷിക്കുമെന്നും എപ്പോള്‍ ഉറപ്പ് ലഭിക്കും? മധുരയിലെയും കോയമ്പത്തൂരിലെയും ഹൊസൂര്‍ വിമാനത്താവളത്തിനും മെട്രോ റെയില്‍ പദ്ധതികള്‍ക്കും എപ്പോള്‍ അംഗീകാരം ലഭിക്കും? കീഴടി റിപ്പോര്‍ട്ട് എന്ന് പുറത്തുവിടും? നീറ്റ് ഒഴിവാക്കണമെന്ന തമിഴ്നാടിന്റെ ആവശ്യം എപ്പോള്‍ പരിഗണിക്കും തുടങ്ങിയ ചോദ്യങ്ങളും സ്റ്റാലിന്‍ ഉന്നയിച്ചിരുന്നു.

Content Highlight: Modi’s ‘twin engine’ government is a ‘dabba government’; it won’t work in Tamilnadu: Stalin

രാഗേന്ദു. പി.ആര്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more