പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള ഗാനമാണ് സമൂഹമാധ്യമമായ എക്‌സിലെ പ്രധാന ചര്‍ച്ച. മീറ്റ് ബ്രോസ് കമ്പോസ് ചെയ്ത ഗാനം ഇന്ത്യയിലെ മുന്‍നിര മ്യൂസിക് കമ്പനിയായ ടി സീരീസാണ് പുറത്തിറക്കിയത്. സെപ്റ്റംബര്‍ 22ന് പബ്ലിഷ് ചെയ്ത ഗാനം ചര്‍ച്ചയാകുന്നത് അതിന്റെ കമന്റ് ബോക്‌സ് കാരണമാണ്.
മൂവായിരത്തിലധികം കമന്റുകളുണ്ടെങ്കിലും ഒന്നുപോലും പാട്ടിനെക്കുറിച്ച് നല്ലത് പറയുന്നില്ലെന്നാണ് എക്‌സിലെ ഒരു പോസ്റ്റില്‍ പറയുന്നത്. ടി സീരീസിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാകും ഒരു പാട്ടിന് ഇങ്ങനെ നെഗറ്റീവ് കമന്റുകള്‍ ലഭിക്കുന്നതെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. ബോളിവുഡിലെ മുന്‍നിര താരങ്ങള്‍ ഗാനരംഗത്തില്‍ മോദിയ പുകഴ്ത്തുന്നതും വിമര്‍ശനത്തിന് വഴിവെച്ചു.
വരുണ്‍ ധവാന്‍, രാജ്കുമാര്‍ റാവു, വിക്രാന്ത് മാസേ, അര്‍ഷദ് വാര്‍സി എന്നിവരാണ് ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെട്ട താരങ്ങള്‍. ബോളിവുഡ് സംഘപരിവാറിന് മുന്നില്‍ മുട്ടുമടക്കിയെന്നും ഇനി ഈ ഇന്‍ഡസ്ട്രിക്ക് തിരിച്ചുവരവില്ലെന്നുമാണ് പലരും അഭിപ്രായപ്പെടുന്നത്. സൗത്ത് ഇന്ത്യയിലെ താരങ്ങള്‍ സിനിമയെ പ്രൊമോട്ട് ചെയ്യുമ്പോള്‍ ബോളിവുഡിലുള്ളവര്‍ മോദിക്ക് മുന്നില്‍ മുട്ട് മടക്കുന്നെന്നും കമന്റുകളുണ്ട്.
ഈ വര്‍ഷത്തെ ദേശീയ അവാര്‍ഡ് ജേതാവായ വിക്രാന്ത് മാസേക്കെതിരെയും കമന്റുണ്ട്. ‘വെറുതെയല്ല ദേശീയ അവാര്‍ഡ് കിട്ടിയത്. ഇപ്പോള്‍ ടെക്‌നിക് മനസിലായി’ എന്നാണ് വിക്രാന്തിനെ പരിഹസിച്ചുകൊണ്ടുള്ള കമന്റ്. ‘രാജ്കുമാര്‍ റാവുവിന്റെ ഗതികേട്’, ‘അര്‍ഷദ് വാര്‍സിയെ നിര്‍ബന്ധിച്ച് പറയിപ്പിക്കുന്നതുപോലെ തോന്നുന്നു’ എന്നൊക്കെയാണ് ബോളിവുഡിനെ പരിഹസിച്ചുകൊണ്ടുള്ള കമന്റ്.
പാട്ടിന്റെ ടൈറ്റിലായ ‘മോദി ഹേ തോ മുംകിന്‍ ഹേ’യെ പരിഹസിച്ചും കമന്റുകളുണ്ട്. ‘മോദിക്ക് എല്ലാം സാധ്യമാകും, പ്രസ് കോണ്‍ഫറന്‍സ് ഒഴികെ’, ‘ഗോബി ഹേ തോ മഞ്ചൂരിയന്‍ ഹേ’ (ഗോബിയുണ്ടെങ്കില്‍ മഞ്ചൂരിയനുണ്ട്), ‘ഇലക്ഷന്‍ കമ്മീഷനുണ്ടെങ്കില്‍ മോദിയുമുണ്ട്’, ‘ഇത്രയും സ്വയംപൊങ്ങിയായിട്ടുള്ള മനുഷ്യനെ വേറെ കണ്ടിട്ടില്ല’ എന്നിങ്ങനെയാണ് കമന്റുകള്‍.
ചന്ദ്രയാന്‍ 2 വിജയിച്ചതും മോദി കാരണമാണെന്ന് ഗാനരംഗത്തില്‍ കാണിച്ചതിനെയും ട്രോളുന്നുണ്ട്. ‘ISRO ശാസ്ത്രജ്ഞരുടെ ക്രെഡിറ്റും അടിച്ചുമാറ്റി’ എന്നാണ് കമന്റ്. ‘അയോധ്യയില്‍ ദീപം ജ്വലിപ്പിച്ചു, പക്ഷേ വോട്ടൊന്നും കിട്ടിയില്ല’ എന്നാണ് മറ്റൊരു രസകരമായ കമന്റ്. ‘ഇതിന് മുമ്പുള്ള ഗവണ്മെന്റ് പുറത്തിറക്കിയ പാട്ട് ‘മിലേ സുര്‍ തുമാര’ ആയിരുന്നു, മോദി സ്വയം പൊങ്ങുന്ന പാട്ട് പുറത്തിറക്കി’ എന്നിങ്ങനെയാണ് കമന്റ് ബോക്‌സിലെ കളിയാക്കലുകള്‍.
Content Highlight: Modi’s special song released by T Series getting negative comments