ലണ്ടന്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ഹിന്ദുത്വ ദേശീയവാദ സര്‍ക്കാര്‍ ഇന്ത്യയിലെ മനുഷ്യാവകാശങ്ങളും ജനാധിപത്യ സ്വാതന്ത്ര്യങ്ങളും സംരക്ഷിക്കാനുള്ള സ്ഥാപനങ്ങളെ ആസൂത്രിതമായി ദുര്‍ബലപ്പെടുത്തുകയാണെന്ന് ഹ്യൂമന്‍ റൈറ്റ്സ് വാച്ച് റിപ്പോര്‍ട്ട്.
സര്‍ക്കാരിന്റെ അടിച്ചമര്‍ത്തല്‍, അഴിമതി, വോട്ടര്‍പട്ടികയിലെ ഗുരുതരമായ ക്രമക്കേടുകള്‍ എന്നിവയ്ക്കെതിരെ ഇന്ത്യക്കാര്‍ തെരുവിലിറങ്ങി പ്രതിഷേധിക്കുന്ന സാഹചര്യമാണുള്ളതെന്നും സംഘടന തിങ്കളാഴ്ച പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.
95 പേജുള്ള റിപ്പോര്‍ട്ടിന് ‘നമ്മള് പറയുന്ന ജനാധിപത്യം എന്താണ്? ഇന്ത്യയിലെ മോദിയുടെ ഏകാധിപത്യ ഭരണരീതി’ എന്നാണ് പേര്. പാര്‍ലമെന്ററി നടപടിക്രമങ്ങളെ അട്ടിമറിക്കുകയും രാഷ്ട്രീയ പ്രതിപക്ഷത്തെ അട്ടിമറിക്കുകയും കേന്ദ്ര അന്വേഷണ ഏജന്‍സികളെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി ഉപയോഗിക്കുകയും ചെയ്യുന്നതിലൂടെ ബി.ജെ.പി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ജനാധിപത്യ സംവിധാനത്തെ ദുര്‍ബലപ്പെടുത്തുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
തങ്ങളുടെ രാഷ്ട്രീയ അജണ്ട നടപ്പാക്കുന്നതിനായി പാര്‍ലമെന്റിന്റെ മേല്‍നോട്ട സംവിധാനങ്ങളെ മോദി സര്‍ക്കാര്‍ പലപ്പോഴും അവഗണിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു.
പാര്‍ലമെന്റിന്റെ ഇരുസഭകളില്‍നിന്നുമായി റെക്കോര്‍ഡ് എണ്ണം പ്രതിപക്ഷ അംഗങ്ങളെ സമ്മേളനകാലം മുഴുവന്‍ സസ്പെന്‍ഡ് ചെയ്തിരിക്കെ തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ക്ക് നിയമപരിരക്ഷ നല്കുന്ന നിയമം പാസാക്കിയത് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. ലോക്സഭയില്‍നിന്ന് 100 പേരെയും രാജ്യസഭയില്‍നിന്ന് 46 പേരെയുമാണ് അന്ന് സസ്പെന്‍ഡ് ചെയ്തിരുന്നത്.
രാജ്യസഭയില്‍ ബി.ജെ.പിയ്ക്ക് ഭൂരിപക്ഷമില്ലാതിരുന്ന 2014 മുതല്‍ 2024 വരെയുള്ള കാലഘട്ടത്തില്‍ മണി ബില്ലായി പരിഗണിക്കാനുള്ള മാനദണ്ഡത്തില്‍ ഉള്‍പ്പടാത്ത നിയമങ്ങളെ പോലും അതിന്റെ പരിധിയില്‍ പെടുത്തി പാസാക്കിയത് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
മണിബില്ലുകള്ക്ക് രാജ്യസഭയുടെ അംഗീകാരം ആവശ്യമില്ല. മൗലികാവകാശങ്ങളെ ഗുരുതരമായി ബാധിക്കുന്ന നിയമങ്ങള്‍ പാസാക്കാന്‍ മോദി സര്‍ക്കാര്‍ ഈ മാര്‍ഗം സ്വീകരിച്ചുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
2019ല്‍ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധനനിയമത്തില്‍ ഇത്തരത്തില്‍ ഭേദഗതി നടത്തിയ സര്‍ക്കാര്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അധികാരങ്ങള്‍ വര്‍ധിപ്പിച്ചെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
വിദ്വേഷ പ്രസംഗങ്ങളിലൂടെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന ആരോപണങ്ങള്‍ നിലനില്‍ക്കുമ്പോഴും പ്രധാനമന്ത്രി മോദിക്കും മുതിര്‍ന്ന ബി.ജെ.പി നേതാക്കള്‍ക്കുമെതിരെ നടപടിയെടുക്കുന്നതില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ആവര്‍ത്തിച്ച് പരാജയപ്പെട്ടതായി റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.
വോട്ടര്‍പട്ടികയില്‍ കൃത്രിമം നടത്തിയെന്ന വോട്ടര്‍മാര്‍, സാമൂഹിക പ്രവര്‍ത്തകര്‍, അക്കാദമിക് വിദഗ്ധര്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ എന്നിവരുടെ ആരോപണങ്ങള്‍ വിശ്വാസ്യതയോടെ അന്വേഷിക്കുന്നതിലും കമ്മീഷന് പരാജയപ്പെട്ടുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
വോട്ടെടുപ്പ് വിവരങ്ങള്‍ മറച്ചുവെക്കല്‍, വോട്ടെണ്ണലിലെ ക്രമക്കേടുകള്‍, വോട്ടിങ് യന്ത്രങ്ങളില്‍ ഇടപെടല്‍ തുടങ്ങിയ ആരോപണങ്ങളിലും ഫലപ്രദമായ അന്വേഷണം ഉണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടിലെ വിമര്‍ശനം.
ഭരണനിര്‍വഹണ വിഭാഗത്തില്‍ നിന്ന് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കഴിയുമോ എന്ന ആശങ്കകള്‍ക്കിടെ സ്ഥാപനം വലിയ വിശ്വാസ്യതാ പ്രതിസന്ധി നേരിടുകയാണെന്നും റിപ്പോര്‍ട്ട് പറയുന്നു.
മറ്റ് രാഷ്ട്രീയ പാര്‍ട്ടികളിലെ അംഗങ്ങളെ സമ്മര്‍ദത്തിലാക്കി ബി.ജെ.പിയിലേക്ക് കൂറുമാറ്റാന്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളെ സര്‍ക്കാര്‍ ഉപയോഗിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
2014 മുതല്‍ വിദേശ സംഭാവന നിയന്ത്രണ നിയമം (എഫ്.സി.ആര്.എ), സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട മറ്റ് നിയമങ്ങള്‍ എന്നിവ ഉപയോഗിച്ച് ഇന്ത്യയിലെയും വിദേശത്തെയും മനുഷ്യാവകാശ സംഘടനകള്‍, മനുഷ്യാവകാശ അഭിഭാഷകര്‍, സാമൂഹിക പ്രവര്‍ത്തകര്‍, മാധ്യമസ്ഥാപനങ്ങള്‍ എന്നിവരെ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ലക്ഷ്യമിടുന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
യു.എ.പി.എ പോലുള്ള നിയമങ്ങള്‍ ദുരുപയോഗം ചെയ്ത് മനുഷ്യാവകാശ പ്രവര്‍ത്തകര്‍, മാധ്യമപ്രവര്‍ത്തകര്‍, വിദ്യാര്‍ഥികള്‍, സമാധാനപരമായി പ്രതിഷേധിക്കുന്നവര്‍, അക്കാദമിക് വിദഗ്ധര്‍, വിമര്‍ശകര്‍ എന്നിവരെ അന്യായമായി ജയിലിലടച്ചതായും പറയുന്നു.
മൗലിക സ്വാതന്ത്ര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ ഇന്ത്യന്‍ കോടതികളും പരാജയപ്പെട്ടതായി ഹ്യൂമന്‍ റൈറ്റ്സ് വാച്ച് വിലയിരുത്തുന്നു. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ മോദി സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ ഒറ്റപ്പെട്ട സ്ഥാപനപരമായ വീഴ്ചകളല്ലെന്നും മറിച്ച് ഏകാധിപത്യ ഭരണരീതിയുടെ പരസ്പരം ശക്തിപ്പെടുത്തുന്ന ഘടകങ്ങളാണെന്നും ഹ്യൂമന്‍ റൈറ്റ്സ് വാച്ച് പറയുന്നു.
സ്വതന്ത്ര സ്ഥാപനങ്ങള്‍ക്കെതിരായ നീക്കങ്ങള്‍ അവസാനിപ്പിക്കാനും ഭരണനിര്‍വഹണ വിഭാഗത്തിന്റെ അധികാരത്തിന് മേലുള്ള നിയന്ത്രണങ്ങള്‍ പുനഃസ്ഥാപിക്കാനും ഇന്ത്യയുടെ സഖ്യരാജ്യങ്ങള്‍ മോദി സര്‍ക്കാരിനുമേല്‍ സമ്മര്‍ദം ചെലുത്തണമെന്നും ഹ്യൂമന്‍ റൈറ്റ്സ് വാച്ച് ഏഷ്യന്‍ ഡയറക്ടര്‍ എലെയ്ന് പിയേഴ്സണ്‍ ആവശ്യപ്പെട്ടു.
Content Highlights: Modi’s rule is weakening Indian democratic institutions: Human Rights Watch report