ന്യൂദല്‍ഹി: ലൈംഗിക കുറ്റവാളിയും വ്യവസായിയുമായ ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും വിവാദത്തില്‍.
എപ്സ്റ്റീന്റെ നിര്‍ദേശമനുസരിച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് വേണ്ടി, മോദി ഇസ്രഈലിലേക്ക് യാത്ര ചെയ്തെന്നും അവിടെ നൃത്തമാടുകയും പാട്ടുകള്‍ പാടിയെന്നുമാണ് യു.എസ് നീതിന്യായവകുപ്പ് പുറത്തുവിട്ട ഫയലില്‍ പറയുന്നത്. ഇതോടെയാണ് മോദി വിവാദത്തില്‍ ആയിരിക്കുന്നത്.
എഫ്സ്റ്റീന്‍ ഫയലില്‍ മോദിയുമായി ബന്ധപ്പെട്ട വിവരങ്ങളുള്ളത് ഇന്ത്യക്ക് നാണക്കേടെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു. എഫ്സ്റ്റീനും മോദിയും തമ്മിലുള്ള ബന്ധം ദേശീയ അന്തസിനെയും രാജ്യത്തിന്റെ അന്താരാഷ്ട്ര ബന്ധങ്ങളെയും മോശമായി ബാധിക്കുന്ന ഒന്നാണെന്നും കോണ്‍ഗ്രസ് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
അമേരിക്കയിലെ ലൈംഗിക കുറ്റവാളിയുമായുള്ള ബന്ധത്തില്‍ പ്രധാനമന്ത്രി മൗനം വെടിയണമെന്നും കോണ്‍ഗ്രസ് പറഞ്ഞു. ഇത്തരത്തിലൊരു റിപ്പോര്‍ട്ട് പുറത്തുവരുന്നത് തികച്ചും അപമാനകരമാണെന്നും പ്രധാനമന്ത്രി ഉടന്‍ വിശദീകരണം നല്‍കണമെന്നും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ജയറാം രമേശ് പ്രതികരിച്ചു.
ജെഫ്രി എപ്സ്റ്റീന്റെ നിര്‍ദേശം എന്തിന് സ്വീകരിച്ചു, യു.എസ് പ്രസിഡന്റിന്റെ എന്ത് നേട്ടത്തിന് വേണ്ടിയാണ് നിങ്ങള്‍ ഇസ്രഈലില്‍ നൃത്തം ചെയ്തത്, ഫയലില്‍ പറയുന്നതുപോലെ ‘വിജയിക്കാന്‍’ മാത്രം എന്താണ് ഇസ്രഈലില്‍ ചെയ്തത് എന്നീ ചോദ്യങ്ങളില്‍ പ്രധാനമന്ത്രി വ്യക്തത നല്‍കണമെന്നും കോണ്‍ഗ്രസ് ഐ.ടി വിഭാഗം മേധാവി പവന്‍ ഖേര ആവശ്യപ്പെട്ടു.
2017 ജൂലൈ നാല് മുതല്‍ ആറ് വരെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രഈലിലായിരുന്നുവെന്നാണ് ഫയലില്‍ പറയുന്നത്. ഇതിന് മുന്നോടിയായി, 2017 ജൂണ്‍ 25-26 തീയതികളില്‍ മോദി യു.എസില്‍ വെച്ച് ട്രംപിനെ കണ്ടിരുന്നുവെന്നും പറയുന്നു.
ജെഫ്രി എപ്സ്റ്റീന്റെ ഇ-മെയിലുകളാണ് ഈ വാദത്തെ സാധൂകരിക്കുന്നതിനായി റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന തെളിവുകള്‍.
എപ്സ്റ്റീന്‍ ഫയലില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ശതകോടീശ്വരന്മാരായ ഇലോണ്‍ മസ്‌ക്, ബില്‍ഗേറ്റ്സ്, പോപ്പ് താരം മൈക്കിള്‍ ജാക്സണ്‍, ഓസ്‌കാര്‍ ജേതാവ് കെവിന്‍ സ്‌പേസി തുടങ്ങിയവരുടെ പേരുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍ വ്യക്തമാക്കുന്നത്.
നിലവില്‍ മൂന്ന് ദശലക്ഷത്തിലധികം പേജുകളും 2000ത്തിലധികം വീഡിയോകളും 180,000 ചിത്രങ്ങളുമാണ് യു.എസ് നീതിന്യായ വകുപ്പ് പുറത്തുവിട്ടിരിക്കുന്നത്.
Content Highlight: Modi’s name in Epstein file, controversy; Congress says it is a shame for the country