| Wednesday, 27th August 2025, 6:43 pm

മോദിയുടെ 'മെഗാ' ഫോര്‍മുല രാജ്യത്തിന് 'മഹാ' തലവേദനയായി; പരിഹസിച്ച് പ്രതിപക്ഷം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം താരിഫ് ചുമത്തിയ യു.എസ് നടപടി രാജ്യത്തിന് തിരിച്ചടിയായതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരെ പരിഹാസവുമായി കോണ്‍ഗ്രസ് രംഗത്ത്. നരേന്ദ്ര മോദിയുടെ വിജയഫോര്‍മുലയായ മഗാ+മിഗാ=മെഗാ (MAGA+MIGA=MEGA) ഇപ്പോള്‍ രാജ്യത്തിന് ‘മഹാ’ തലവേദനയായെന്നാണ് കോണ്‍ഗ്രസ് വിമര്‍ശിച്ചത്.

ട്രംപിന്റെ മെയ്ക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ന്‍ (MAGA) എന്ന പദപ്രയോഗത്തെ അനുകരിച്ചുള്ള മെയ്ക്ക് ഇന്ത്യ ഗ്രേറ്റ് എഗെയ്ന്‍ (MIGA) ശൈലിയെയും ചേര്‍ത്ത് മെഗാ (MEGA) MAGA+MIGA=MEGA എന്ന വിജയഫോര്‍മുല മോദി തന്നെയാണ് മുന്‍പ് അവതരിപ്പിച്ചത്.

ഫെബ്രുവരിയിലെ യു.എസ് സന്ദര്‍ശനത്തിനിടെ ഇരുരാജ്യങ്ങളുടെയും അഭിവൃദ്ധിയ്ക്കായുള്ള ‘മെഗാ’ പാര്‍ട്ണര്‍ഷിപ്പെന്നായിരുന്നു മോദി ‘മെഗാ’ ശൈലിയെ വിജയഫോര്‍മുലയായി അവതരിപ്പിച്ചുകൊണ്ട് പറഞ്ഞത്.

യുഎസ് തെരഞ്ഞെടുപ്പ് കാലത്താണ് ഡൊണാള്‍ഡ് ട്രംപ് മെയ്ക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ന്‍ (MAGA) ശൈലി ആദ്യമായി ഉപയോഗിച്ചത്. ഇതിനെ അനുകരിച്ചായിരുന്നു മോദിയുടെ മെയ്ക്ക് ഇന്ത്യ ഗ്രേറ്റ് എഗെയ്ന്‍ (MIGA) എന്ന പ്രയോഗം.

ഈ പ്രയോഗങ്ങളെ പരിഹസിച്ചാണ് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് രംഗത്തെത്തിയിരിക്കുന്നത്. യു.എസ് 50 ശതമാനം താരിഫ് ചുമത്തുന്നതിലൂടെ ടെക്‌സ്‌റ്റൈല്‍സ്, ജ്വല്ലറി, എഞ്ചിനീയറിങ്, സമുദ്രഉത്പന്നങ്ങള്‍ തുടങ്ങിയ ഇന്ത്യയുടെ തൊഴിലാളീ കേന്ദ്രീകൃതമായ കയറ്റുമതികള്‍ക്ക് വലിയ രീതിയിലുള്ള തിരിച്ചടിയാണ് ഉണ്ടാവുകയെന്ന് ജയറാം രമേശ് ചൂണ്ടിക്കാണിച്ചു.

ഇന്ത്യയില്‍ നിന്നുള്ള ഐ.ടി ജീവനക്കാര്‍ക്ക് അനുകൂലമായിരുന്ന എച്ച് വണ്‍ ബി വിസയുടെ നടപടികള്‍ യു.എസ് കൂടുതല്‍ കര്‍ശനമാക്കുന്നതിലെ ആശങ്കയും ജയറാം രമേശ് പങ്കുവെച്ചു. കഴിഞ്ഞദിവസം യു.എസ് വാണിജ്യ സെക്രട്ടറിയും ഇതിനെതിരെ പ്രതികരിച്ചെന്ന് അദ്ദേഹം വിശദമാക്കി.

റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നതില്‍ നിന്നും ഇന്ത്യ പിന്മാറാത്തതിനെ തുടര്‍ന്നാണ് യു.എസ് നിലവിലുണ്ടായിരുന്ന 25 ശതമാനം താരിഫിന് പുറമെ 25 ശതമാനം താരിഫ് കൂടി ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് മേല്‍ ചുമത്തിയത്. ബുധനാഴ്ചയാണ് പുതുക്കിയ 50 ശതമാനം താരിഫ് നിലവില്‍ വന്നത്.

കേന്ദ്രസര്‍ക്കാരിന്റെ ഉപരിപ്ലവമായ വിദേശകാര്യ നയമാണ് താരിഫ് വര്‍ധനയിലേക്ക് നയിച്ചതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ കുറ്റപ്പെടുത്തി. രാജ്യത്തെ വലിയ തൊഴില്‍ നഷ്ടത്തിലേക്കാണ് കേന്ദ്രസര്‍ക്കാര്‍ തള്ളി വിട്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘നരേന്ദ്ര മോദി ജി, നിങ്ങളുടെ പ്രിയസുഹൃത്ത് ‘അബ് കി ബാര്‍, ട്രംപ് സര്‍ക്കാര്‍’ 50 ശതമാനം താരിഫ് ഇന്ത്യക്ക് മേല്‍ ചുമത്തിയിരിക്കുകയാണ്.

ഇതിലൂടെ ആദ്യഘട്ടത്തില്‍ തന്നെ ഏകദേശം 2.17 ലക്ഷം കോടിയുടെ നഷ്ടമാണ് പത്ത് മേഖലകളില്‍ മാത്രം സംഭവിക്കാന്‍ പോകുന്നത്,’ മല്ലികാര്‍ജുന്‍ ഖാര്‍ഗെ എക്‌സില്‍ കുറിച്ചു. രാജ്യത്തെ പാവപ്പെട്ടവരായ പരുത്തി കര്‍ഷകരെയാണ് ഇതേറ്റവും പ്രതികൂലമായി ബാധിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

Content Hoghlight: Modi’s ‘mega’ formula has become a ‘major headache’ for the country says opposition

We use cookies to give you the best possible experience. Learn more