| Sunday, 26th January 2025, 10:48 am

വികസിത കേരളമില്ലാതെ മോദിയുടെ വികസിത് ഭാരതം സാക്ഷാത്കരിക്കാനാകില്ല; റിപ്പബ്ലിക് ദിനത്തില്‍ ഗവര്‍ണര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസിത് ഭാരതം വികസിത കേരളമില്ലാതെ സാക്ഷാത്കരിക്കാനാകില്ലെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍.

മുഖ്യമന്ത്രി പിണറായി വിജയന് കേരളത്തെ കുറിച്ച് കൃത്യമായ ദീര്‍ഘവീക്ഷണമുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ 75മത് റിപ്പബ്ലിക് ദിന പരേഡിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളം ഒന്നിനും പിറകിലല്ലെന്ന് പറഞ്ഞ ഗവര്‍ണര്‍ മുഖ്യമന്ത്രിയുടെ ലക്ഷ്യം കേരളത്തിന്റെ വികസനമാണെന്നും പറഞ്ഞു. രാജ്യത്ത് ഒട്ടനവധി സൂചകങ്ങളില്‍ കേരളം ഒന്നാമതാണെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. എഴുതി തയ്യാറാക്കിയ പ്രസംഗം ഒഴിവാക്കിയായിരുന്നു ഗവര്‍ണറുടെ പ്രസംഗം.

കേരളത്തിലെ ജനങ്ങള്‍ മികച്ചവരാണെനന്നും ഇനിയും മുന്നേറാനുള്ള യാത്രയെക്കുറിച്ച് ഒന്നിച്ച് ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു.
തന്റെ സംസ്ഥാനത്തിനാണ് ഏറ്റവും കൂടുതല്‍ സാക്ഷരതയുള്ളതെന്നും ഗവര്‍ണര്‍ പറഞ്ഞു. പത്മ പുരസ്‌കാരങ്ങള്‍ നേടിയവരെ വേദിയില്‍ വച്ച് ഗവര്‍ണര്‍ അഭിനന്ദിക്കുകയും ചെയ്തു.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുമായി വികസിത കേരളവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിച്ചുവെന്നും ഗവര്‍ണര്‍ അറിയിച്ചു. തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളും വിയോജിപ്പുകളും ഉണ്ടാകുമെന്നും അത് സ്വാഭാവികമാണെന്നും ഗവര്‍ണര്‍ പറഞ്ഞു.

മനുഷ്യരാണ്, കൃത്രിമ യന്ത്രങ്ങളല്ല ഒരുമിച്ച് സഞ്ചരിക്കേണ്ടവരാണ് തങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളം മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്നും രാജേന്ദ്ര ആര്‍ലേക്കര്‍ പറഞ്ഞു.

മന്ത്രിമാരായ ജി.ആര്‍. അനില്‍, വി. ശിവന്‍കുട്ടി, മേയര്‍ ആര്യ രാജേന്ദ്രന്‍, എ.എ. റഹീം തുടങ്ങിയ ജനപ്രതിനിധികളും ചീഫ് സെക്രട്ടറി, സംസ്ഥാന പൊലീസ് മേധാവി, തിരുവനന്തപുരം ജില്ലാ കളക്ടര്‍ തുടങ്ങിയ ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു.

അതേസമയം ഗവര്‍ണറുടെ ആശംസാ പ്രസംഗത്തിനിടെ കമ്മീഷ്ണര്‍ തോംസണ്‍ ജോസ് കുഴഞ്ഞ് വീണു. അദ്ദേഹത്തെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

Content Highlight: Modi’s developed India cannot be realized without a developed Kerala; Governor on Republic Day

We use cookies to give you the best possible experience. Learn more