ന്യൂദല്‍ഹി: ഇന്ത്യയില്‍ നിന്നും മടങ്ങുകയായിരുന്ന ഇറാനിയന്‍ കപ്പില്‍ ആക്രമിക്കപ്പെട്ടിട്ടും കേന്ദ്ര സര്‍ക്കാരും പ്രധാനമന്ത്രി നരേന്ദ്ര മോദിയും മൗനം പാലിക്കുകയാണെന്ന് വിമര്‍ശിച്ച് എ.ഐ.സി.സി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ഇന്ത്യയുടെ പ്രഖ്യാപിത വിദേശനയത്തില്‍ നിന്നും മോദി പിന്മാറി. രാജ്യത്തിന്റെ നയതന്ത്ര, ദേശീയ താത്പര്യങ്ങളില്‍ വീഴ്ച സംഭവിച്ചെന്നും ഖാര്‍ഗെ കുറ്റപ്പെടുത്തി.
ഇറാനിയന്‍ കപ്പല്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ രാജ്യത്തിന്റെ അതിര്‍ത്തിയില്‍ വെച്ച് തകര്‍ക്കപ്പെട്ടിട്ടും മോദി അപലപിച്ചില്ല. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം തടസപ്പെട്ട് ഇന്ത്യന്‍ കപ്പലുകള്‍ കുടുങ്ങി കിടന്നിട്ടും രണ്ട് പേര്‍ മരിച്ചെന്ന റിപ്പോര്‍ട്ടുകള്‍ വന്നിട്ടും രക്ഷാപ്രവര്‍ത്തനം നടത്താതെ കേന്ദ്രം സ്വന്തം പൗരന്മാരെ അവഗണിക്കുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
‘ഇന്ത്യ ആതിഥേയത്വം വഹിച്ച ഇന്റനാഷണല്‍ ഫ്‌ളീറ്റ് റിവ്യൂവില്‍ പങ്കെടുത്ത് നിരായുധരായി മടങ്ങുകയായിരുന്ന ഇറാനിയന്‍ കപ്പലിനെ കടലില്‍ മുക്കി. ഈ വിഷയത്തില്‍ ആശങ്കയോ അനുശോചനമോ അറിയിക്കാതെ പ്രധാനമന്ത്രി മൗനം പാലിക്കുകയാണ്’, ഖാര്‍ഗെ എക്‌സിലൂടെ പ്രതികരിച്ചു.
രാജ്യത്തിന്റെ സ്വന്തം പിന്മുറ്റത്ത് എന്താണ് സംഭവിക്കുന്നതെന്ന് പറയാന്‍ കഴിയാത്തവര്‍ മഹാസാഗറിന്റെയും ഇന്ത്യന്‍ മഹാസമുദ്ര മേഖലയുടെ സംരക്ഷകരെന്ന അവകാശവാദത്തന്റെയും പേരില്‍ അഭിമാനം കൊള്ളുന്നത് എന്തിനാണെന്നും ഖാര്‍ഗെ ചോദ്യം ചെയ്തു.
38 ഇന്ത്യന്‍ വാണിജ്യ കപ്പലുകളും 1100 നാവികരും ഹൊര്‍മുസ് കടലിടുക്കില്‍ കുടുങ്ങിക്കിടക്കുകയാണ്. ക്യാപ്റ്റന്‍ ആശിഷ് കുമാര്‍ ഉള്‍പ്പടെ രണ്ട് ഇന്ത്യന്‍ നാവികര്‍ മരിച്ചെന്ന റിപ്പോര്‍ട്ടുകളും പുറത്തെത്തിയിട്ടുണ്ട്. എന്നിട്ടും സമുദ്ര രക്ഷാപ്രവര്‍ത്തനം നടത്താത്തത് എന്തുകൊണ്ടാണെന്നും ഖാര്‍ഗെ അക്കമിട്ട് ചോദിച്ചു.
രാജ്യത്ത് ഇനി 25 ദിവസത്തെ ക്രൂഡ് ഓയിലും എണ്ണ സ്റ്റോക്കും മാത്രമേ ശേഷിക്കുന്നുള്ളൂ എന്ന് കേന്ദ്രം പറയുന്നു. രാജ്യത്തെ എണ്ണവില ഉയരുന്ന സാഹചര്യത്തില്‍, റഷ്യന്‍ എണ്ണ ഇറക്കുമതി നിര്‍ത്തണമെന്ന ആവശ്യം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ച സാഹചര്യത്തില്‍, രാജ്യത്തിന്റെ ഊര്‍ജ്ജ അടിയന്തര പദ്ധതി എന്താണെന്നും ഗള്‍ഫ് രാജ്യങ്ങളുമായുള്ള മറ്റ് പ്രധാന വസ്തുക്കളുടെ വ്യാപാരത്തെക്കുറിച്ച് എന്താണ് പറയാനുള്ളതെന്നും അദ്ദേഹം ചോദിച്ചു.
ചില ഇന്ത്യന്‍ പൗരന്മാര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു അല്ലെങ്കില്‍ കാണാതായിയെന്ന് കേന്ദ്രസര്‍ക്കാര്‍ തന്നെ വ്യക്തമാക്കിയതാണ്. ഗള്‍ഫ് മേഖലയിലെ രാജ്യങ്ങളില്‍ ഒരു കോടി ഇന്ത്യക്കാരുണ്ട്.
സഹായം തേടി മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ നിരാശാജനകമായ വീഡിയോ സന്ദേശങ്ങള്‍ പുറത്തിറക്കുകയാണ്. കേന്ദ്ര സര്‍ക്കാര്‍ ഇതിനോടൊക്കെ പ്രതികരിക്കുന്നുണ്ടോ? അവരുടെ ക്ഷേമം എങ്ങനെ ഉറപ്പാക്കുന്നു? സംഘര്‍ഷബാധിത പ്രദേശങ്ങളില്‍ നിന്ന് എന്തെങ്കിലും ഒഴിപ്പിക്കല്‍ പദ്ധതി തയ്യാറാക്കിയിട്ടുണ്ടോയെന്നും ഖാര്‍ഗെ ചോദിച്ചു.
മോദിയുടെ കീഴടങ്ങല്‍ രാഷ്ട്രീയവും ധാര്‍മികവുമാണ്. ഇത് ഇന്ത്യയുടെ ദേശീയ താത്പര്യങ്ങളെ അപമാനിക്കുകയാണ്. കാലങ്ങള്‍ കൊണ്ട് ഇന്ത്യയിലെ വിവിധ സര്‍ക്കാരുകള്‍ ശ്രദ്ധാപൂര്‍വം നിര്‍മിച്ച് പിന്തുടരുന്ന രാജ്യത്തിന്റെ വിദേശനയത്തെ നശിപ്പിക്കുകയുമാണ് മോദി സര്‍ക്കാര്‍ ചെയ്യുന്നതെന്നും ഖാര്‍ഗെ വിമര്‍ശിച്ചു.
Content Highlight: Modi remains silent despite Indians dying in Hormuz : Congress criticizes