| Friday, 14th November 2025, 8:31 pm

ഇത് വോട്ടര്‍ പട്ടിക 'ശുദ്ധീകരണം'; ഇലക്ഷന്‍ കമ്മീഷനില്‍ വിശ്വാസം വര്‍ധിച്ചു; ബീഹാര്‍ വിജയത്തില്‍ എസ്.ഐ.ആറിനെ വാഴ്ത്തി മോദി

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാട്‌ന: ബീഹാര്‍ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നില്‍ എസ്.ഐ.ആര്‍ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുവ വോട്ടര്‍മാര്‍ വോട്ടര്‍ പട്ടികയുടെ ശുചീകരണത്തെ ഗൗരവമായി കണ്ടുവെന്നും അത് വിജയത്തിലേക്ക് നയിച്ചെന്നുമാണ് മോദി അവകാശപ്പെട്ടത്.

എന്‍.ഡി.എ സഖ്യത്തിന്റെ വിജയത്തിന് പിന്നാലെ ബി.ജെ.പി ദേശീയ ആസ്ഥാനത്തെത്തി പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി.

‘ബീഹാര്‍ തെരഞ്ഞെടുപ്പ് ഒരു കാര്യം കൂടി തെളിയിച്ചു. ഇപ്പോള്‍ രാജ്യത്തെ വോട്ടര്‍മാര്‍, പ്രത്യേകിച്ച് യുവ വോട്ടര്‍മാര്‍ വോട്ടര്‍ പട്ടികയുടെ ‘ശുദ്ധീകരണത്തെ’ ഗൗരവമായി കാണുന്നു. ബീഹാറിലെ യുവാക്കളും ഇതിനെ പിന്തുണച്ചു,’ പ്രധാനമന്ത്രി പറഞ്ഞു.

ഈ വിജയം എന്‍.ഡി.എയുടെത് മാത്രമല്ലെന്നും ജനാധിപത്യത്തിന്റെ വിജയമാണെന്നും അദ്ദേഹം അവകാശപ്പെട്ടു. ഒപ്പം തെരഞ്ഞെടുപ്പ് കമ്മീഷനോടുള്ള പൊതുജനങ്ങളുടെ വിശ്വാസം ശക്തിപ്പെട്ടെന്നും മോദി പറഞ്ഞു.

കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി മാറ്റി നിര്‍ത്തപ്പെട്ട വിഭാഗങ്ങള്‍ക്കിടയില്‍ വോട്ട് വര്‍ധിച്ചുവരുന്നത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നേട്ടമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പോളിങ് ബൂത്തുകളില്‍ പാര്‍ട്ടിയെ സജീവമാക്കി നിര്‍ത്തേണ്ടതും വോട്ടര്‍പട്ടിക ശുചീകരിക്കേണ്ടതും വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണത്തിന് 100 ശതമാനം പിന്തുണ നല്‍കേണ്ടതും ഓരോ പാര്‍ട്ടിയുടെയും ഉത്തരവാദിത്തമാണെന്നും മോദി പറഞ്ഞു.

അവശേഷിക്കുന്ന പ്രദേശങ്ങളിലും വോട്ടര്‍ പട്ടികയിലെ തീവ്ര പരിഷ്‌കരണം നടപ്പാക്കുമെന്നും മോദി പറഞ്ഞു.

ജനങ്ങള്‍ യഥാര്‍ത്ഥ സാമൂഹിക നീതിക്കും വികസനത്തിനും വേണ്ടിയാണ് വോട്ട് ചെയ്തതെന്നും മോദി പ്രതികരിച്ചു. മഹാഗഡ്ബന്ധന്‍ ബീഹാറില്‍ ഒരിക്കലും ഭരണത്തിലെത്തില്ലെന്നും മോദി പ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു.

നേരത്തെ, കോണ്‍ഗ്രസ് നേതാവ് ഉദിത് രാജ് എന്‍.ഡി.എയുടെ വിജയത്തിന് പിന്നില്‍ എസ്.ഐ.ആര്‍ ആണെന്ന് കുറ്റപ്പെടുത്തിയിരുന്നു.

തെരഞ്ഞെടുപ്പിലെ വിജയം ബി.ജെ.പി-ജെ.ഡി.യു സഖ്യത്തിന്റെ വിജയത്തേക്കാള്‍ എസ്.ഐ.ആറിന്റെ വിജയമെന്നാണ് ഉദിത് രാജ് പറഞ്ഞത്. വോട്ടെണ്ണലില്‍ എസ്.ഐ.ആര്‍ ലീഡ് ചെയ്യുകയാണ്. ഈ വിജയം എന്‍.ഡി.എയുടെതാണെന്ന് പറയാനാകില്ല. ഇത് തെരഞ്ഞെടുപ്പ് കമ്മീഷന്റെയും എസ്.ഐ.ആറിന്റെയും വിജയമാണ്. വോട്ടര്‍ പട്ടിക പരിശോധിച്ച് ലക്ഷക്കണക്കിന് പൊരുത്തക്കേടുകളാണ് ചൂണ്ടിക്കാണിച്ചത്.

എന്നാല്‍, തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒന്നിനു പോലും മറുപടി നല്‍കിയില്ല. 89 ലക്ഷത്തോളം പരാതി ഉയര്‍ന്നിട്ടും ഒരു പരാതി പോലുമില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞത്. ഇത്രയേറെ ജനങ്ങള്‍ വഞ്ചിക്കപ്പെടുമ്പോള്‍ നമുക്കെന്ത് ചെയ്യാനാകും ഇത് ജനാധിപത്യത്തെ കശാപ്പ് ചെയ്യലാണെന്നും ഉദിത് രാജ് പറഞ്ഞിരുന്നു.

അതേസമയം, നിലവിലെ വോട്ട് നില അനുസരിച്ച് ആകെയുള്ള 243 സീറ്റുകളില്‍ എന്‍ഡിഎ 206 സീറ്റുകളില്‍ മുന്നേറുകയാണ്. മഹാഗഡ്ബന്ധന്‍ 30 സീറ്റുകളില്‍ ഒതുങ്ങിയപ്പോള്‍ മറ്റുള്ളവര്‍ ഏഴ് സീറ്റുകളില്‍ ലീഡെടുത്തു.

Content  Highlight: This is ‘purification’ of voter list; Trust in Election Commission has increased; Modi praises SIR for Bihar victory

We use cookies to give you the best possible experience. Learn more