| Monday, 1st September 2025, 6:34 pm

ഓര്‍മയുണ്ടോ മിസ്റ്റര്‍ മോദി, ഞങ്ങളെ ചൈനീസ് റഷ്യന്‍ ചാരന്മാര്‍ എന്ന് വിളിച്ചത്; മോദിയോട് ബിനോയ് വിശ്വം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമര്‍ശനവുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മോദിയുടെ ചൈനീസ് സന്ദര്‍ശനവും ഷി ജിന്‍പിങ്ങുമായുള്ള ചര്‍ച്ചയും മുന്‍നിര്‍ത്തിയായിരുന്നു ബിനോയ് വിശ്വത്തിന്റെ പ്രതികരണം.

മുന്‍പ് പാര്‍ലമെന്റില്‍ ഇന്ത്യ-ചൈന ബന്ധത്തില്‍ നല്ലൊരു മുന്നേറ്റത്തിനായി അഭ്യര്‍ത്ഥിച്ച സമയത്ത് മോദിയും ബി.ജെ.പിയും തന്നേയും ഇടതുപക്ഷ എം.പിമാരേയും കടന്നാക്രമിച്ചെന്നും താങ്കള്‍ക്ക് അത് ഓര്‍മ കാണുമെന്നാണ് കരുതുന്നതെന്നും ബിനോയ് വിശ്വം പറഞ്ഞു.

ഇന്ത്യ-ചൈന സൗഹൃദം ഊഷ്മളമാകണമെന്ന് അഭ്യര്‍ത്ഥിച്ചു എന്നതായിരുന്നു അന്ന് തങ്ങള്‍ ചെയ്ത കുറ്റമെന്നും താങ്കളുടെ സഹപ്രവര്‍ത്തകര്‍, തങ്ങളെ ചൈനയുടെയും റഷ്യയുടെയും ഏജന്റുമാര്‍ എന്ന് പോലും അന്ന് വിളിച്ചെന്നും ബിനോയ് വിശ്വം പറഞ്ഞു.

‘മോദിജി, മുന്‍പ് പാര്‍ലമെന്റില്‍ ഇന്ത്യ-ചൈന ബന്ധത്തില്‍ നല്ലൊരു മുന്നേറ്റത്തിനായി അഭ്യര്‍ത്ഥിച്ച സമയത്ത് താങ്കളും ബി.ജെ.പി സഹപ്രവര്‍ത്തകരും എന്റെ നേരെയും മറ്റു ഇടതുപക്ഷ എം.പിമാരുടെ നേരെയും നടത്തിയ ആക്രമണങ്ങള്‍ താങ്കള്‍ ഓര്‍ക്കുന്നുണ്ടെന്ന് കരുതുന്നു.

ഇന്ത്യ-ചൈന സൗഹൃദം ഊഷ്മളമാകണമെന്ന് അഭ്യര്‍ത്ഥിച്ചു എന്നതായിരുന്നു ഞങ്ങള്‍ ചെയ്ത കുറ്റം. താങ്കളുടെ സഹപ്രവര്‍ത്തകര്‍ ഞങ്ങളെ ചൈനയുടെയും റഷ്യയുടെയും ഏജന്റുമാര്‍ എന്ന് പോലും അന്ന് വിളിച്ചു ഇന്ത്യയോടുള്ള ഞങ്ങളുടെ പ്രതിബദ്ധത താങ്കള്‍ മറന്നു. ട്രംപില്‍ ആയിരുന്നു താങ്കള്‍ താങ്കളുടെ രക്ഷകനെ കണ്ടത്,’ ബിനോയ് വിശ്വം ഫേസ്ബുക്കില്‍ കുറിച്ചു.

ഡൊണാള്‍ഡ് ട്രംപിന്റെ താരിഫ് സമ്മര്‍ദ്ദത്തിനെതിരെ റഷ്യയുമായും ചൈനയുമായുമുള്ള ബന്ധം ഉറപ്പിക്കുകയാണ് ഇപ്പോള്‍ മോദി. റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസിഡന്റ് പുടിനെ അറിയിച്ചു കഴിഞ്ഞു.

പഹല്‍ഗാം ഭീകരാക്രമണം സംയുക്ത പ്രസ്താവനയില്‍ പരാമര്‍ശിച്ചുകൊണ്ട് ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ നിലപാട് ഷാങ്ഹായി സഹകരണ ഉച്ചകോടി അംഗീകരിച്ചു. ഇത് ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയിലെ ബന്ധം മെച്ചപ്പെടുന്നുവെന്ന സൂചന നല്‍കുന്നതായിരുന്നു.

മാത്രമല്ല റഷ്യയും ഇന്ത്യയും ചൈനയും ഏറെ നാളുകള്‍ക്കുശേഷം ഒരേ നിലപാടിലേക്കെത്തുന്ന അസാധാരണ ദൃശ്യമാണ് ഷാങ്ഹായി സഹകരണ ഉച്ചകോടിക്കിടെ പുറത്തു വന്നത്.

വ്‌ളാദിമിര്‍ പുടിനും നരേന്ദ്ര മോദിയും ഉച്ചകോടിയുടെ വേദിയില്‍ കണ്ടുമുട്ടിയപ്പോള്‍ പരസ്പരം ആലിംഗനം ചെയ്തു. പുടിനെ കാണുന്നത് ആഹ്‌ളാദകരമെന്നായിരുന്നു മോദി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. പിന്നീട് രണ്ടു നേതാക്കളും ഷി ജിന്‍പിങുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.

പരസ്പര വിശ്വാസം, ബഹുമാനം എന്നിവയെ അടിസ്ഥാനമാക്കി ചൈനയുമായുള്ള ബന്ധം മുന്നോട്ട് കൊണ്ടുപോകാന്‍ ഇന്ത്യ പ്രതിജ്ഞാബന്ധമാണെന്ന് മോദി പറഞ്ഞിരുന്നു.

കഴിഞ്ഞ വര്‍ഷത്തെ സൈനിക നടപടികള്‍ക്ക് ശേഷം അതിര്‍ത്തിയില്‍ സമാധാനവും സ്ഥിരതയുമുണ്ടെന്ന് മോദി ചൂണ്ടിക്കാട്ടിയിരുന്നു.

ഇന്ത്യയും ചൈനയും തമ്മില്‍ സൗഹൃദം സ്ഥാപിക്കുക എന്നതാണ് ശരിയായ തീരുമാനമെന്നായിരുന്നു ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് പറഞ്ഞത്.

അതിര്‍ത്തി പ്രശ്നം ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധത്തെ നിര്‍വചിക്കരുതെന്നും അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദിയോട് പറഞ്ഞിരുന്നു.

Content Highlight: Modi meet putin and xi jinping Binoy Viswam Reply

We use cookies to give you the best possible experience. Learn more