| Tuesday, 6th May 2025, 4:56 pm

മോദിക്ക് എല്ലാം അറിയാമായിരുന്നു, മൂന്ന് ദിവസം മുമ്പേ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ലഭിച്ചിരുന്നു; പ്രധാനമന്ത്രിക്കെതിരെ ഖാര്‍ഗെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഭീകരാക്രമണമുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ലഭിച്ചിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് പ്രധാനമന്ത്രി അവിടേക്കുള്ള സന്ദര്‍ശനം റദ്ദാക്കിയതെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.

ഏപ്രില്‍ 22ന് പഹല്‍ഗാം ആക്രമണം നടക്കുന്നതിന് മുമ്പാണ് പ്രധാനമന്ത്രിക്ക് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ലഭിച്ചതെന്നും ഖാര്‍ഗെ അറിയിച്ചു. ഇന്റലിജന്‍സ് പരാജയം ഉണ്ടായിട്ടുണ്ടെന്നും അത് സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ടെന്നും ഖാര്‍ഗെ പറഞ്ഞു. അറിയാമായിരുന്നിട്ടും എന്ത് കൊണ്ട് അവര്‍ ഒന്നും ചെയ്തില്ലായെന്നും അദ്ദേഹം ചോദിച്ചു.

നിങ്ങള്‍ക്ക് അതിനെക്കുറിച്ച് അറിയാമെങ്കില്‍ എന്തുകൊണ്ട് നല്ല ക്രമീകരണങ്ങള്‍ ചെയ്തില്ല എന്നതാണ് ഞങ്ങളുടെ ചോദ്യമെന്നും ഖാര്‍ഗെ ചോദിച്ചു.

അതേസമയം കഴിഞ്ഞ മാസം ആദ്യം കത്രയില്‍ നിന്ന് ശ്രീനഗറിലേക്കുള്ള ആദ്യ ട്രെയിന്‍ ഫ്‌ലാഗ് ഓഫ് ചെയ്യാന്‍ പ്രധാനമന്ത്രി മോദി എത്തിയപ്പോള്‍ തീവ്രവാദികള്‍ ഇത്തരമൊരു ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നതായി സൂചനകള്‍ ഉണ്ടായിരുന്നു. എന്നാല്‍, കത്ര പ്രദേശത്ത് അതിവേഗ കാറ്റ് പ്രവചിക്കുന്ന പ്രതികൂല കാലാവസ്ഥാ പ്രവചനങ്ങളെത്തുടര്‍ന്ന് ഏപ്രില്‍ 19ന് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം മാറ്റിവച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.

ഏപ്രില്‍ 22നായിരുന്നു കശ്മീരിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ പഹല്‍ഗാമിലെ ബൈസരന്‍ താഴ്വരയില്‍ അവധിക്കാലം ആഘോഷിക്കുകയായിരുന്ന ആളുകള്‍ക്ക് നേരെ ഭീകരാക്രമണം ഉണ്ടായത്. ആക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടിരുന്നു. പിന്നാലെ പലയിടത്തും പ്രതികാരമെന്നോണം കശ്മീരികള്‍ ആക്രമിക്കപ്പെടുകയായിരുന്നു.

പഹല്‍ഗാമില്‍ ഭീകരാക്രമണമുണ്ടായതിന് പിന്നാലെ നിയന്ത്രണ രേഖയിലടക്കം പാകിസ്ഥാന്‍ അപ്രതീക്ഷിതമായി ആക്രമണവും വെടിവെപ്പും നടത്തുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നാളെ രാജ്യത്ത് മോക് ഡ്രില്‍ സംഘടിപ്പിക്കാനുള്ള നീക്കം നടത്തുന്നുണ്ട്.

Content Highlight: Modi knew everything, received intelligence report three days ago: Kharge against PM

We use cookies to give you the best possible experience. Learn more