| Tuesday, 1st September 2026, 12:11 pm

മോദി ജീ നിങ്ങളെന്റെ ജീവിതം നരകതുല്യമാക്കി; എനിക്കെല്ലാം നഷ്ടപ്പെട്ടു: ജന്തര്‍ മന്ദര്‍ പ്രതിഷേധത്തിലെ വൈറല്‍ പെണ്‍കുട്ടി

നിഷാന. വി.വി

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ജീവിതം നരകമാക്കിയെന്ന് പതിനഞ്ച് വയസുകാരി പെണ്‍കുട്ടി രുചിക സിങ്. ജന്തര്‍ മന്ദറില്‍ കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്ത് പ്രധാനമന്ത്രിക്കെതിരെ സംസാരിച്ചതിന് പിന്നാലെ വേട്ടയാടപ്പെട്ട കുട്ടിയാണ് രുചിക. നിലവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ജീവിതം നരകമാക്കിയെന്ന് പറയുന്ന രുചികയുടെ വീഡിയോയാണ് വൈറലാവുന്നത്.

‘മോദിജീ നിങ്ങള്‍ എന്റെ ജീവിതം നരക തുല്യമാക്കി. പതിനഞ്ച് വയസുകാരിയായ ഒരു പെണ്‍കുട്ടിയെ വേട്ടയാടുകയും അവള്‍ക്ക് ദുരിതം വരുത്തുകയും ചെയ്തു. എനിക്കിനി നഷ്ടപ്പെടാന്‍ ഒന്നുമില്ല,’ രുചിക പറഞ്ഞു.

തനിക്ക് മുഖം മറയ്ക്കാതെ പുറത്ത് ഇറങ്ങാന്‍ കഴിയുന്നില്ലെന്നും എവിടെയും താമസിക്കാന്‍ കഴിയുന്നില്ലെന്നും അവര്‍ പറഞ്ഞു. ഇനി താന്‍ പിന്മാറില്ലെന്നും രുചിക തന്നെ വീഡിയോയില്‍ പറയുന്നുണ്ട്. വീഡിയോ എ.ഐ നിര്‍മിതമല്ലെന്ന് പെണ്‍കുട്ടിയുടെ അഭിഭാഷകന്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

ആംആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും പെണ്‍കുട്ടിയുടെ വീഡിയോ പങ്കുവെച്ചതോടെ മോദിക്കെതിരെ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്. മോദിയോട് മാപ്പ് പറഞ്ഞ ശേഷവും വേട്ടയാടല്‍ തുടരുകയാണെന്നും ഇതാണ് ജെന്‍ സികളോടുള്ള അദ്ദേഹത്തിന്റെ യഥാര്‍ത്ഥ മുഖമെന്നും കോണ്‍ഗ്രസ് പ്രതികരിച്ചു.

സി.ജെ.പി പ്രതിഷേധം നടക്കുന്നതിനിടെ പ്രധാനമന്ത്രിയെ പെണ്‍കുട്ടി ആക്ഷേപിച്ചെന്ന തരത്തിലാണ് നേരത്തെ ആരോപണങ്ങള്‍ ഉയര്‍ന്നത്. നമ്മുടെ പെണ്‍കുട്ടികള്‍ ഇത്തരം വാക്കുകള്‍ ഉപയോഗിക്കരുതെന്നും സംസ്‌കാരത്തിന് ചേര്‍ന്നതല്ലെന്നുമായിരുന്നു മോദി തന്റെ വീഡിയോയിലൂടെ പറഞ്ഞത്.

വിവാദത്തില്‍പ്പെട്ട ചെറുപ്പക്കാരെ ശിക്ഷാനടപടികള്‍ക്ക് വിധേയരാക്കുന്നതിന് പകരം മാപ്പ് നല്‍കണമെന്നും അവര്‍ക്ക് മറ്റൊരു അവസരം നല്‍കാന്‍ സമൂഹം തയ്യാറാകണമെന്നും പിന്നീട് മോദി പറഞ്ഞിരുന്നു.

എന്നാല്‍ പെണ്‍കുട്ടിയെ തേടി പൊലീസുകാരും ടെലിവിഷന്‍ റിപ്പോര്‍ട്ടര്‍മാരും അപരിചിതരായ ആളുകളും നോയിഡയിലെ വാടക ഫ്‌ലാറ്റിലേക്ക് വീണ്ടും വീണ്ടും എത്തിയതായും റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. നിലവില്‍ അവിടുത്തെ താമസം മതിയാക്കി ഹരിയാനയിലേക്ക് പോയതായാണ് റിപ്പോര്‍ട്ട്.

പ്രധാനമന്ത്രിയുടെ വീഡിയോയ്ക്ക് പിന്നാലെ കൈക്കൂപ്പി രുചിക മാപ്പ് പറയുന്ന വീഡിയോയും പുറത്ത് വന്നിരുന്നു. എന്നാല്‍ അതിന് ശേഷവും വിദ്യാര്‍ത്ഥിനിക്കെതിരെ നോയിഡ പൊലീസ് സീറോ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.

Content Highlight: “Modi-ji, you turned my life into a living hell; I have lost everything”: Viral girl from the Jantar Mantar protest.

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more