ന്യൂദല്‍ഹി: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ അടുത്തസൗഹൃദമുണ്ടെന്ന അവകാശവാദത്തില്‍ തനിക്ക് വലിയ വിശ്വാസമില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. പ്രധാനമന്ത്രി മോദി രാജ്യത്തിന്റെ ശത്രുവായി മാറിയെന്ന് അദ്ദേഹം വിമര്‍ശിച്ചു. ട്രംപ് ഭരണകൂടം കനത്ത തീരുവ ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് ചുമത്തിയ സാഹചര്യത്തിലാണ് ഖാര്‍ഗെയുടെ വിമര്‍ശനം.
ഇരുവരും തമ്മിലുള്ള സൗഹൃദത്തിന് കാരണം പരസ്പരം വോട്ട് തേടി എന്നത് മാത്രമാണ്. ഇന്ത്യയുടെ ചെലവിലാണ് മോദി-ട്രംപ് സൗഹൃദമുണ്ടായതെന്നും അതിന് ഇന്ത്യയെ തന്നെ വിലകൊടുക്കേണ്ടി വന്നെന്നും രാജ്യസഭയിലെ പ്രതിപക്ഷനേതാവ് കൂടിയായ ഖാര്‍ഗെ വിമര്‍ശിച്ചു.
‘ട്രംപിനും മോദിക്കും സുഹൃത്തുക്കളാകാം, പക്ഷെ മോദി രാജ്യത്തിന്റെ ശത്രുവായി മാറിയിരിക്കുന്നു. രാജ്യത്തിന്റെ അവസ്ഥയെ തന്നെ നശിപ്പിച്ചു’, കല്‍ബുറഗിയില്‍ വെച്ച് ഖാര്‍ഗെ മാധ്യമങ്ങളോട് പറഞ്ഞു.
ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് മേല്‍ ട്രംപ് വമ്പന്‍ തീരുവ ചുമത്തി, 50 ശതമാനം തീരുവ ചുമത്തി നമ്മുടെ ജനങ്ങളെയാണ് തകര്‍ത്തുകളഞ്ഞതെന്നും ഖാര്‍ഗെ കുറ്റപ്പെടുത്തി.
ദശാബ്ദങ്ങളായി ഇന്ത്യ പിന്തുടരുന്ന വിദേശനയം ആരോടും ചായ്‌വില്ലാത്ത ചേരി-ചേരാ നയമാണെന്ന് പ്രധാനമന്ത്രി ഓര്‍ക്കണം. അത് അങ്ങനെ തന്നെ തുടരണമെന്നും ഖാര്‍ഗെ ആവശ്യപ്പെട്ടു. രാഷ്ട്രമാണ് പ്രധാനം, സൗഹൃദം രണ്ടാമതായാണ് പരിഗണിക്കേണ്ടത്. പ്രധാനമന്ത്രി സ്വന്തം ആശയങ്ങളിലൂടെ സഞ്ചരിച്ച് ജനങ്ങളെ സംരക്ഷിക്കണമെന്നും ഖാര്‍ഗെ ആവശ്യപ്പെട്ടു.
ജി.എസ്.ടി നിരക്ക് പരിഷ്‌കരണത്തെ കുറിച്ചും ഖാര്‍ഗെ പ്രതികരിച്ചു. പാവപ്പെട്ട ജനങ്ങള്‍ക്ക് സഹായകരമാകുന്ന ഏത് തീരുമാനത്തേയും കോണ്‍ഗ്രസ് സ്വാഗതം ചെയ്യും. പക്ഷെ ബി.ജെ.പി വര്‍ഷങ്ങളായി സാധാരണക്കാരെ ബുദ്ധിമുട്ടിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
എട്ട് വര്‍ഷമായി കോണ്‍ഗ്രസ് പറഞ്ഞുകൊണ്ടിരിക്കുന്നതാണ് ജി.എസ്.ടി സ്ലാബുകള്‍ രണ്ടെണ്ണമാക്കി കുറക്കണമെന്ന്. എന്നാല്‍ ഇത്രനാളും നാല്-അഞ്ച് സ്ലാബുകള്‍ അവതരിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുകയായിരുന്നു കേന്ദ്രസര്‍ക്കാരെന്നും ഖാര്‍ഗെ കുറ്റപ്പെടുത്തി.
പ്രധാനമന്ത്രിയുടെ ചൈനീസ് സന്ദര്‍ശനത്തേയും കോണ്‍ഗ്രസ് അധ്യക്ഷന്‍ വിമര്‍ശിച്ചു. ചൈനയുമായുള്ള സംഘര്‍ഷമുണ്ടായ സമയത്ത് ഇന്ത്യന്‍ മണ്ണിലേക്ക് ആരും കടക്കില്ലെന്ന് അവകാശപ്പെട്ട മോദി തന്നെ ഇപ്പോള്‍ ചൈനയുടെ അടുത്തേക്ക് പോയിരിക്കുകയാണെന്ന് ഖാര്‍ഗെ പറഞ്ഞു. രാജ്യത്തിന്റെ കാര്യം വരുമ്പോള്‍ മറ്റൊന്നും ചിന്തിക്കാതെ കോണ്‍ഗ്രസ് പിന്തുണക്കുമെന്നും പ്രധാനമന്ത്രിയോട് ഖാര്‍ഗെ പറഞ്ഞു.
Content Highlight: Modi is Trump’s friend but an enemy of the country: Mallikarjun Kharge