ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ഭയമാണെന്ന് ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി.
ഇന്ത്യ റഷ്യയുടെ എണ്ണ വാങ്ങുന്നത് അവസാനിപ്പിക്കാന്‍ സമ്മതിച്ചുവെന്ന ട്രംപിന്റെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു രാഹുല്‍.
ഇന്ത്യ-പാകിസ്ഥാന്‍ യുദ്ധം അവസാനിപ്പിച്ചത് ട്രംപ് ആണെന്ന അവകാശവാദത്തിനും തീരുവ വര്‍ധിപ്പിച്ചുള്ള ഭീഷണിക്കുമിടയിലും ട്രംപിനെ അഭിനന്ദിച്ച് നിരന്തരം എക്‌സ് സന്ദേശങ്ങള്‍ പങ്കുവെക്കുകയാണ് മോദിയെന്ന് രാഹുല്‍ കുറ്റപ്പെടുത്തി.
ഗസയില്‍ സമാധാനം പുനസ്ഥാപിക്കാനുള്ള ഈജിപ്തിലെ ഉച്ചകോടിയില്‍ മോദി പങ്കെടുത്തില്ലെന്നും രാഹുല്‍ വിമര്‍ശിച്ചു. ധനമന്ത്രിയുടെ യു.എസ് സന്ദര്‍ശനം മോദി റദ്ദാക്കിയെന്നും ഓപ്പറേഷന്‍ സിന്ദൂരിനെ എതിര്‍ക്കുന്ന ട്രംപിന്റെ വാക്കുകളെ ചോദ്യം ചെയ്യുന്നില്ലെന്നും രാഹുല്‍ എക്‌സ് പോസ്റ്റിലൂടെ അക്കമിട്ട് വിമര്‍ശിച്ചു.
നേരത്തെ ഇന്ത്യന്‍ കയറ്റുമതി ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ഏര്‍പ്പെടുത്തിയ ട്രംപിന്റെ നടപടിയെ രാഹുല്‍ ഗാന്ധി വിമര്‍ശിച്ചിരുന്നു. സാമ്പത്തിക ഭീഷണി മുഴക്കുകയാണെന്നും അന്യായമായ വ്യാപാര കരാറിലേക്ക് ഇന്ത്യയെ വലിച്ചിഴക്കാനാണ് ശ്രമങ്ങളെന്നും രാഹുല്‍ പറഞ്ഞിരുന്നു.
നേരത്തെ റഷ്യയില്‍ നിന്നും എണ്ണവാങ്ങുന്നത് അവസാനിപ്പിക്കുമെന്ന് ഇന്ത്യ അറിയിച്ചതായി ട്രംപ് അവകാശപ്പെട്ടിരുന്നു. ഉക്രൈനിലെ യുദ്ധം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി സാമ്പത്തിക ഉപരോധമടക്കം പരിഗണിക്കുന്നതിനിടെയാണ് ട്രംപിന്റെ വാക്കുകള്‍.
റഷ്യയുമായി എണ്ണ വ്യാപാരം നടത്തുന്നത് റഷ്യയുടെ യുദ്ധത്തിന് സഹായം നല്‍കുന്നതിന് തുല്യമാണെന്നും മോദിയോട് ഇക്കാര്യത്തിലെ ആശങ്ക താന്‍ പങ്കുവെച്ചിരുന്നെന്നും ട്രംപ് പറഞ്ഞിരുന്നു.
എണ്ണ വാങ്ങുന്നത് പെട്ടെന്ന് അവസാനിപ്പിക്കാനാകില്ലെന്നും സമയമെടുത്താണെങ്കിലും വ്യാപാരം അവസാനിപ്പിക്കുമെന്ന് അറിയിച്ചെന്നും മോദി തന്റെ അടുത്ത സുഹൃത്താണെന്നും ട്രംപ് പറഞ്ഞിരുന്നു. ചൈനയുടെ റഷ്യയുമായുള്ള എണ്ണ വ്യാപാരം അവസാനിപ്പിക്കാന്‍ നടപടികളെടുക്കുമെന്നും ട്രംപ് പ്രതികരിച്ചിരുന്നു.
Content Highlight: Modi is afraid of Trump; praises him despite threats: Rahul Gandhi