| Friday, 7th November 2025, 7:01 am

'റഷ്യയുമായുള്ള വ്യാപാരം മോദി ഏറെക്കുറെ നിര്‍ത്തി'; അടുത്തവര്‍ഷം ഇന്ത്യയിലെത്തും: ട്രംപ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: ഇന്ത്യയുമായുള്ള നയതന്ത്രബന്ധത്തിലെ ഉലച്ചിലിനിടെ അടുത്തവര്‍ഷം ഇന്ത്യയില്‍ സന്ദര്‍ശനം നടത്താന്‍ ഒരുങ്ങി ഡൊണാള്‍ഡ് ട്രംപ്.

ഇന്ത്യയുടെ കയറ്റുമതി ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം അധിക തീരുവ ഏര്‍പ്പെടുത്തിയ തീരുമാനത്തില്‍ രാജ്യം പ്രതിസന്ധി നേരിടുന്നതിനിടെയാണ് ട്രംപിന്റെ തീരുമാനം.
ഇന്ത്യ റഷ്യയുമായുള്ള വ്യാപാരങ്ങള്‍ ഏറെക്കുറെ അവസാനിപ്പിച്ചെന്നും ട്രംപ് അവകാശപ്പെട്ടു.

ഇരുരാജ്യങ്ങളും തമ്മില്‍ വ്യാപാരക്കരാര്‍ ചര്‍ച്ചകള്‍ തുടരുകയാണെന്നും 2026ല്‍ ഇന്ത്യ സന്ദര്‍ശിച്ചേക്കുമെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി തന്റെ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹവുമായി വ്യക്തിപരമായി അടുത്തബന്ധമാണ് ഉള്ളതെന്നും ട്രംപ് വ്യാഴാഴ്ച വൈറ്റ്ഹൗസില്‍ പറഞ്ഞു.

‘മോദി റഷ്യയുമായുള്ള വ്യാപാരം ഏറെക്കുറെ അവസാനിപ്പിച്ചു. അദ്ദേഹം എന്റെ അടുത്ത സുഹൃത്താണ്. മികച്ച മനുഷ്യനാണ്. ഞങ്ങള്‍ തമ്മില്‍ സംസാരിക്കുന്നുണ്ട്. ഞാന്‍ അവിടെ (ഇന്ത്യ) ചെല്ലണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നുണ്ട്. അതെനിക്ക് മനസിലാകും. ഞാന്‍ തീര്‍ച്ചയായും പോകും,’ ട്രംപ് പറഞ്ഞു.

അടുത്തവര്‍ഷമാണോ ഇന്ത്യ സന്ദര്‍ശിക്കുന്നത് എന്ന ചോദ്യത്തിന്. അത് അങ്ങനെ തന്നെ ആയിരിക്കാമെന്നായിരുന്നു ട്രംപിന്റെ മറുപടി. ശരീരഭാരം കുറയ്ക്കാനുള്ള മരുന്നുകളുടെ വില കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ് മാധ്യമങ്ങളെ കാണുകയായാരുന്നു ട്രംപ്.

റഷ്യയുമായുള്ള എണ്ണ വ്യാപാരത്തിനെ ചൊല്ലിയാണ് ട്രംപ് ഭരണകൂടം ഇന്ത്യക്കുമേല്‍ അധിക തീരുവ ചുമത്തിയത്. റഷ്യയുമായുള്ള വ്യാപാരം നിര്‍ത്തുന്നതിന് പിന്നാലെത്തന്നെ അമിത തീരുവ പിന്‍വലിക്കുമെന്നാണ് മുമ്പ് ട്രംപ് വാഗ്ദാനം നല്‍കിയത്.

ചൊവ്വാഴ്ച ഇന്ത്യ-യു.എസ് ബന്ധത്തെ കുറിച്ച് വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി കരോലീന്‍ ലീവിറ്റും സംസാരിച്ചിരുന്നു. പ്രസിഡന്റ് ട്രംപ് ഈ വിഷയത്തില്‍ പോസിറ്റീവായാണ് പ്രതികരിക്കുന്നത്. യു.എസ്-ഇന്ത്യ ബന്ധത്തൈ കുറിച്ച് അദ്ദേഹത്തിന് കൃത്യമായ കാഴ്ചപ്പാടുണ്ട്.

കുറച്ചുദിവസം മുമ്പ് വൈറ്റ്ഹൗസില്‍ ഉന്നത ഇന്ത്യന്‍-അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ഓവല്‍ ഓഫീസില്‍ ദീപാവലി ആഘോഷിച്ചപ്പോള്‍ ട്രംപ് നേരിട്ട് മോദിയോട് സംസാരിച്ചിരുന്നെന്നും കരോലീന്‍ വെളിപ്പെടുത്തിയിരുന്നു.

അതേസമയം, ഇന്ത്യക്ക് മേല്‍ ചുമത്തിയ അധിക തീരുവയില്‍ യു.എസ് ഇതുവരെ ഇളവ് പ്രഖ്യാപിച്ചിട്ടില്ല. കൂടാതെ, ഓപ്പറേഷന്‍ സിന്ദൂരില്‍ ഇന്ത്യ തുടര്‍നടപടികളെടുക്കാത്തതും ഇന്ത്യ-പാകിസ്ഥാന്‍ യുദ്ധം സംഭവിക്കാത്തതും തന്റെ ഇടപെടല്‍കൊണ്ടാണെന്ന് ട്രംപ് കഴിഞ്ഞദിവസവും ആവര്‍ത്തിച്ചിരുന്നു.

ഇതിനെതിരെ പ്രതികരിക്കാന്‍ പ്രധാനമന്ത്രി തയ്യാറാകാത്തതിനെതിരെ പ്രതിപക്ഷവും കടുത്തവിമര്‍ശനം ഉന്നയിക്കുന്നുണ്ട്.

ഈ സാഹചര്യത്തിലാണ് ട്രംപ് റഷ്യയുമായുള്ള വ്യാപാരം ഇന്ത്യ അവസാനിപ്പിക്കുകയാണെന്ന പ്രഖ്യാപനം നടത്തിയിരിക്കുന്നതും.

വരുംദിവസങ്ങളില്‍ രാജ്യത്ത് രാഷ്ട്രീയ സംവാദങ്ങള്‍ക്ക് ഈ വിഷയം കാരണമാകുമെന്നാണ് വിലയിരുത്തുന്നത്.

Content Highlight: ‘Modi has almost stopped trade with Russia’; Will visit India next year: Trump

We use cookies to give you the best possible experience. Learn more