| Wednesday, 7th October 2026, 6:08 am

ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള നീക്കങ്ങള്‍ക്കെതിരായ സമരത്തെ അറസ്റ്റ് കൊണ്ട് തടയാമെന്ന വ്യാമോഹം മോദി സര്‍ക്കാരിന് വേണ്ട: രമേശ് ചെന്നിത്തല

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷനെ കാണാനെത്തിയ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും മറ്റ് ജനപ്രതിനിധികളെയും അറസ്റ്റ് ചെയ്ത് നീക്കേണ്ട സാഹചര്യം രാജ്യത്ത് ഉണ്ടായത് അതീവ ഗൗരവകരവും അപകടകരവുമാണെന്ന് കോണ്‍ഗ്രസ് നേതാവും ആഭ്യന്തരമന്ത്രിയുമായ രമേശ് ചെന്നിത്തല.

തെരഞ്ഞെടുപ്പ് കമ്മീഷനെ കാണണമെന്ന ന്യായമായ ആവശ്യവുമായാണ് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മറ്റ് ജനപ്രതിനിധികളും എത്തിയതെന്നും അവരെ കേള്‍ക്കാന്‍ തയ്യാറാകാതെ ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കിയ നടപടി ജനാധിപത്യപരമായ കീഴ്‌വഴക്കങ്ങള്‍ക്ക് ചേര്‍ന്നതല്ലെന്നും ചെന്നിത്തല പറഞ്ഞു.

തെരഞ്ഞെടുപ്പ് നടത്തുക മാത്രമല്ല, തെരഞ്ഞെടുപ്പ് പ്രക്രിയയിലുള്ള ജനങ്ങളുടെ വിശ്വാസം സംരക്ഷിക്കുക എന്നതും തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഭരണഘടനാപരമായ ഉത്തരവാദിത്തമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ ഏകപക്ഷീയമായ നടപടികളെക്കുറിച്ച് മറ്റ് തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ പോലും പരസ്യമായി വിയോജിപ്പ് രേഖപ്പെടുത്തുന്ന സാഹചര്യം ഒരു ഭരണഘടനാ സ്ഥാപനത്തിന്റെ വിശ്വാസ്യതയെ ബാധിക്കുന്നതാണെന്നും ചെന്നിത്തല ആരോപിച്ചു.

ഒരു ഭരണഘടനാ സ്ഥാപനത്തിന്റെ അന്തസ്സ് നിലനില്‍ക്കുന്നത് അതിന്റെ അധികാരം എത്രമാത്രം സുതാര്യമായും നിഷ്പക്ഷമായും വിനിയോഗിക്കുന്നു എന്നതിനെ ആശ്രയിച്ചാണെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷനെതിരായ വിഷയങ്ങളില്‍ ജനാധിപത്യപരമായ രീതിയില്‍ പ്രതിഷേധിക്കുന്ന പ്രതിപക്ഷ നേതാക്കളെയും ജനപ്രതിനിധികളെയും അറസ്റ്റ് ചെയ്ത് നീക്കുന്നത് ആശങ്കാജനകമാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും നടത്തുന്ന പോരാട്ടത്തെ അറസ്റ്റും ബലപ്രയോഗവും കൊണ്ട് ഇല്ലാതാക്കാമെന്ന വ്യാമോഹം നരേന്ദ്ര മോദി സര്‍ക്കാരിന് വേണ്ടെന്നും ചെന്നിത്തല പറഞ്ഞു.

ഇത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ മാത്രം വിഷയമല്ലെന്നും ഇന്ത്യന്‍ ജനാധിപത്യത്തിലെ ഓരോ പൗരന്റെയും വിശ്വാസവുമായി ബന്ധപ്പെട്ട വിഷയമാണെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

Latest Stories

We use cookies to give you the best possible experience. Learn more