| Tuesday, 24th February 2026, 4:08 pm

മോദി സര്‍ക്കാര്‍ ഫലസ്തീനികളെ കൈവിട്ടു; പ്രധാനമന്ത്രിയുടെ ഇസ്രഈല്‍ സന്ദര്‍ശനത്തില്‍ കോണ്‍ഗ്രസ്

രാഗേന്ദു. പി.ആര്‍

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രഈല്‍ സന്ദര്‍ശിക്കുന്നതിനെതിരെ വിമര്‍ശനം കടുപ്പിച്ച് കോണ്‍ഗ്രസ്. മോദി സര്‍ക്കാര്‍ ഫലസ്തീനികളെ ഉപേക്ഷിച്ചുവെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിന്റെ പല പ്രസ്താവനകളും ഫലസ്തീനികളുടെ ലക്ഷ്യബോധത്തെ നിന്ദിക്കും വിധത്തിലുള്ളതാണെന്നും ജയറാം രമേശ് ചൂണ്ടിക്കാട്ടി. എക്‌സ് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

1988 നവംബര്‍ 18ന് ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിച്ച ആദ്യകാല രാജ്യങ്ങളില്‍ ഒന്നായിരുന്നു ഇന്ത്യ. എന്നാല്‍ ഈ യാഥാര്‍ത്ഥ്യം മോദി സര്‍ക്കാര്‍ മറന്നുപോകുകയോ ഉപേക്ഷിക്കുകയോ ചെയ്തിട്ടുണ്ടെന്നാണ് വിമര്‍ശനം.

ഗസയില്‍ സാധാരണക്കാരായ മനുഷ്യര്‍ക്ക് നേരെ യാതൊരു ദയയും കൂടാതെ ആക്രമണം തുടരുമ്പോഴും പ്രധാനമന്ത്രി ഇസ്രഈലിലേക്ക് യാത്രയാകാന്‍ തയ്യാറെടുക്കുകയാണെന്നും ജയറാം രമേശ് പറഞ്ഞു.

അധിനിവേശ വെസ്റ്റ് ബാങ്കില്‍ ആയിരക്കണക്കിന് ഫലസ്തീനികളെ ഇസ്രഈല്‍ നാടുകടത്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇസ്രഈലും അമേരിക്കയും ചേര്‍ന്ന് ഇറാനെതിരെ വ്യോമാക്രമണം നടത്താന്‍ പദ്ധതിയിടുന്നു. ഇതിനിടെയാണ് ഗുരുതരമായ അഴിമതി ആരോപണങ്ങള്‍ നേരിടുന്ന തന്റെ ഉറ്റ സുഹൃത്തും ഇസ്രഈല്‍ പ്രധാനമന്ത്രിയുമായ ബെഞ്ചമിന്‍ നെതന്യാഹുവിനെ മോദി കാണാന്‍ പോകുന്നതെന്നും ജയറാം രമേശ് പറഞ്ഞു.

ഇസ്രഈലുമായി പ്രധാനമന്ത്രിക്കുള്ളത് ‘മൊദാനി’ ബന്ധമാണെന്നും ജയറാം രമേശ് വിമര്‍ശിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രഈല്‍ പാര്‍ലമെന്റില്‍ നടത്താനിരിക്കുന്ന പ്രസംഗം ബഹിഷ്‌കരിക്കുമെന്ന് രാജ്യത്തെ പ്രതിപക്ഷം ഇതിനകം അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇസ്രഈലി ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം നെതന്യാഹു ഇല്ലാതാക്കുകയാണെന്നാണ് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം മോദിയുടെ പ്രസംഗം ബഹിഷ്‌കരിക്കുന്നത്.

ഫെബ്രുവരി 25, 26 തീയതികളിലാണ് നരേന്ദ്ര മോദി ഇസ്രഈല്‍ സന്ദര്‍ശിക്കാന്‍ ഒരുങ്ങുന്നത്. ഇതിനുമുമ്പ് 2017ലാണ് മോദി ഇസ്രഈല്‍ സന്ദര്‍ശിച്ചത്. ഇസ്രഈല്‍ സന്ദര്‍ശിച്ച ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രി കൂടിയാണ് അദ്ദേഹം.

അതേസമയം വെസ്റ്റ് ബാങ്കിലെ അധിനിവേശ പ്രദേശങ്ങള്‍ ദേശീയ സ്വത്തായി രജിസ്റ്റര്‍ ചെയ്യാന്‍ ശ്രമിക്കുന്നത് ഉള്‍പ്പെടെയുള്ള ഇസ്രഈല്‍ നീക്കങ്ങളില്‍ ഇന്ത്യ ഫലസ്തീന് പിന്തുണ അറിയിച്ചിരുന്നു. വെസ്റ്റ് ബാങ്കിലെ നിയമവിരുദ്ധ കുടിയേറ്റങ്ങളെ അപലപിച്ച നൂറിലധികം രാജ്യങ്ങള്‍ക്കും അന്താരാഷ്ട്ര സംഘടനകള്‍ക്കുമൊപ്പം ഇന്ത്യ അണിചേരുകയായിരുന്നു.

Content Highlight: Modi government has abandoned Palestinians: Congress on PM modi’s visit to Israel

ഇനി ഓരോ പ്രധാന വാർത്തകളും നേരിട്ട് നിങ്ങളിലെത്തും. അം​ഗമാകൂ ഡൂൾന്യൂസ് വാട്സ്ആപ്പ് ചാനലിൽ

രാഗേന്ദു. പി.ആര്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more