| Sunday, 27th September 2026, 8:13 am

മോദി സര്‍ക്കാര്‍ ജെ ന്‍ സി വോട്ടര്‍മാരുടെ രാഷ്ട്രീയ ബോധത്തെ ഭയപ്പെടുന്നു; യുവാക്കളെ എസ്.ഐ.ആര്‍ വഴി ഒഴിവാക്കിയതില്‍ കോണ്‍ഗ്രസ്

നിഷാന. വി.വി

ന്യൂദല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷന്‍ മനപൂര്‍വം ജെന്‍ സി വോട്ടര്‍മാരെ എസ്.ഐ.ആര്‍ വഴി ഒഴിവാക്കിയതിന് ശേഷം അത് മറച്ച് വെക്കാനായി യൂത്ത് രജിസ്‌ട്രേഷന്‍ ക്യാമ്പുകള്‍ നടത്തുകയാണെന്ന് കോണ്‍ഗ്രസ്.

യുവാക്കള്‍ക്കായി ഇലക്ഷന്‍ കമ്മീഷന്‍ നടത്തുന്ന യൂത്ത് രജിസ്‌ട്രേഷന്‍ ക്യാമ്പുകള്‍ വെറും കണ്ണില്‍ പൊടിയിടല്‍ മാത്രമാണെന്ന് കോണ്‍ഗ്രസ് വക്താവ് രാഗിണി നായക് ബസോയ പറഞ്ഞു. ദല്‍ഹിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെയായിരുന്നു അവരുടെ പരാമര്‍ശം.

ജെന്‍ സികളുടെ രാഷ്ട്രീയ ബോധത്തെ മോദി സര്‍ക്കാര്‍ ഭയപ്പെടുന്നുവെന്നും അതിനാലാണ് രണ്ട് വര്‍ഷമായി പുതിയ വോട്ടര്‍മാരുടെ രജിസട്രേഷന്‍ നിര്‍ത്തിവെച്ചിരിക്കുന്നതെന്നും രാഗിണി പറഞ്ഞു. 18 വയസ് തികയുന്ന പൗരന്മാരെ വോട്ടര്‍മാരായി ചേര്‍ക്കുന്നതിനുള്ള പ്രത്യേക സംക്ഷിപ്ത പുതുക്കല്‍ എന്ന നിയമപരമായ പ്രക്രിയ ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ജ്ഞാനേഷ് കുമാര്‍ തടസപ്പെടുത്തിയതായും ബസോയ ആരോപിച്ചു.

2024 മുതല്‍ ഈ പ്രക്രിയ നിര്‍ത്തിവെച്ചിരിക്കുകയാണെന്നും ഇത് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള അവസരം യുവാക്കള്‍ക്ക് നിഷേധിക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

‘മോദി സര്‍ക്കാര്‍ ജെന്‍ സിയുടെ രാഷ്ട്രീയ ബോധത്തെ ഭയപ്പെടുന്നു, അതുകൊണ്ടാണ് ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ പ്രത്യേക സംക്ഷിപ്ത പുതുക്കലിന്റെ നിയമപരമായ പ്രക്രിയ തടഞ്ഞു വെച്ചിരിക്കുന്നത്,’ കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.

വിഷയം വെളിച്ചത്തുവന്നതോടെ, കമ്മീഷന്‍ തങ്ങളുടെ പ്രതിച്ഛായ രക്ഷിക്കാനും കാലതാമസം മറച്ചുവെക്കാനും ധൃതിപിടിച്ച് യുവാക്കള്‍ക്കായി വോട്ടര്‍ രജിസ്‌ട്രേഷന്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുകയാണെന്ന് ബസോയ ചൂണ്ടിക്കാട്ടി.

ഫോം 6എ യില്‍ വരുത്തിയ മാറ്റങ്ങളെയും അവര്‍ ചോദ്യം ചെയ്തു. ജൂലൈയില്‍ കൊണ്ടുവന്ന പുതിയ നിര്‍ബന്ധിത വ്യവസ്ഥ പ്രകാരം, ആദ്യമായി വോട്ട് ചെയ്യുന്നവര്‍ മുന്‍പത്തെ എസ്.ഐ.ആര്‍ സമയത്ത് തങ്ങളുടെ മാതാപിതാക്കളോ അവരുടെ മാതാപിതാക്കളോ എവിടെയാണ് രജിസ്റ്റര്‍ ചെയ്തതെന്ന വിവരങ്ങള്‍ നല്‍കേണ്ടതുണ്ട്.

ജനപ്രാതിനിധ്യ നിയമം , ഇലക്ടേഴ്‌സ് രജിസ്‌ട്രേഷന്‍ റൂള്‍സ് എന്നിവ പ്രകാരം തെരഞ്ഞെടുപ്പ് കമ്മീഷന്റെ അധികാര പരിധിക്കും ചുമതലകള്‍ക്കും അപ്പുറത്തുള്ളതാണ് ഇത്തരം മാറ്റങ്ങളെന്ന് അവര്‍ പറഞ്ഞു.

പാര്‍ലമെന്റിനെ അറിയിച്ച ശേഷം കേന്ദ്ര സര്‍ക്കാരിന് മാത്രമേ പ്രസക്തമായ നിയമങ്ങളില്‍ ഭേദഗതി വരുത്താന്‍ സാധിക്കൂ എന്നും കോണ്‍ഗ്രസ് വക്താവ് പറഞ്ഞു.

കൂടാതെ, മറ്റ് രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ ഈ വ്യവസ്ഥയ്ക്കെതിരെ എഴുതി തയ്യാറാക്കിയ എതിര്‍പ്പുകള്‍ ഉന്നയിച്ചിട്ടുണ്ടെന്നും, ഇത് ‘നിയമവിരുദ്ധവും അധികാരപരിധിക്ക് പുറത്തുള്ളതുമാണ്’ എന്ന് വിശേഷിപ്പിച്ചിട്ടുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി.

‘പുതിയ വോട്ടര്‍മാര്‍ക്കുള്ള പ്രക്രിയ കൂടുതല്‍ എളുപ്പമാക്കുകയാണ് വേണ്ടത്, അല്ലാതെ കൂടുതല്‍ തടസങ്ങള്‍ സൃഷ്ടിച്ച് ഭാരപ്പെടുത്തുകയല്ല. എസ്.ഐ.ആറിന്റെ മൂന്നാം ഘട്ടമായപ്പോഴേക്കും കമ്മീഷന്‍ പ്രായപൂര്‍ത്തിയായ ഏകദേശം 13.8 കോടി വോട്ടര്‍മാരെ വോട്ടെടുപ്പ് പ്രക്രിയയില്‍ നിന്ന് ഒഴിവാക്കി,’ ബസോയ പറഞ്ഞു.

മോദി സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം ഗ്യാനേഷ് കുമാര്‍ വോട്ട് മോഷണത്തിന് സൗകര്യമൊരുക്കുക മാത്രമല്ല, ജെന്‍-സി വോട്ടര്‍മാരുടെ വോട്ടവകാശത്തില്‍ കൃത്രിമം കാണിക്കുന്നതില്‍ പങ്കാളിയാകുകയും ചെയ്യുകയാണെന്ന് ബസോയ പറഞ്ഞു.

‘ഗ്യാനേഷ് കുമാറിന് ഇനി രണ്ട് വഴികള്‍ മാത്രമേയുള്ളൂ, രാജി വെക്കുക, അല്ലെങ്കില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നിര്‍ദേശിച്ചതുപോലെ മാപ്പ് സാക്ഷിയായി വോട്ട് മോഷണത്തിന്’ പിന്നിലെ യഥാര്‍ത്ഥ ഗൂഢാലോചനക്കാര്‍ ആരാണെന്ന് വെളിപ്പെടുത്തുക,’ അവര്‍ പറഞ്ഞു

Content Highlight: Modi government fears the political consciousness of Gen Z voters; Congress criticizes exclusion of youth via FIRs.

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more