| Tuesday, 25th August 2026, 1:19 pm

രാഹുൽ, സി.ജെ.പി, ഇടത് പ്രക്ഷോഭങ്ങളിൽ ഭയന്ന് മോദി; ഭരണശൈലിയിൽ മാറ്റത്തിനൊരുങ്ങി കേന്ദ്ര സർക്കാർ

ശ്രീലക്ഷ്മി പി.പി

ന്യൂദൽഹി: രാജ്യത്തെ രൂക്ഷമായ വിദ്യാഭ്യാസ പ്രതിസന്ധികളിലും തൊഴിലില്ലായ്മയിലും പ്രതിപക്ഷവും സി.ജെ.പിയും ഇടതുപക്ഷ വിദ്യാർത്ഥി സംഘടനകളും ഉയർത്തുന്ന ശക്തമായ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ ഭരണ-പൊലീസ് പ്രവർത്തന ശൈലിയിൽ കാതലായ മാറ്റങ്ങൾക്ക് നിർദേശം നൽകി കേന്ദ്ര സർക്കാർ.

സമരരംഗത്തുള്ള വിദ്യാർത്ഥികളോട് യാതൊരുവിധ അക്രമവും കാട്ടാതെ തികച്ചും മാന്യമായി മാത്രമേ പെരുമാറാവൂ എന്ന് പൊലീസ് സേനയ്ക്ക് കർശന നിർദ്ദേശം നൽകിക്കഴിഞ്ഞു. ഇതിനൊപ്പം പുതുതലമുറയുമായി നേരിട്ട് ആശയവിനിമയം നടത്താനും അവരുടെ പ്രശ്നങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കാനും കേന്ദ്രമന്ത്രിമാരോട് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ സജീവമാകാനും റീലുകൾ അടക്കമുള്ള മാധ്യമങ്ങളിലൂടെ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനും എല്ലാ യൂണിവേഴ്സിറ്റികളും നേരിട്ട് സന്ദർശിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.

ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള വിദ്യാർത്ഥി സമ്പർക്ക പരിപാടികൾ, സി.ജെ.പിയുടെ സ്കൂൾ ക്യാമ്പയിനുകൾ, ഇടതുപക്ഷ വിദ്യാർത്ഥി സംഘടനകളുടെ മുന്നേറ്റങ്ങൾ എന്നിവ ദേശീയതലത്തിൽ വലിയ രാഷ്ട്രീയ ശ്രദ്ധയാണ് നേടുന്നത്.
ഈ വിദ്യാർത്ഥി മുന്നേറ്റങ്ങളുടെയെല്ലാം പ്രധാന തുടക്കം ദൽഹിയിലെ ജന്തർ മന്ദിറിൽ സി.ജെ.പി നടത്തിയ ശക്തമായ പ്രതിഷേധങ്ങളായിരുന്നു.

വിദ്യാഭ്യാസ രംഗത്തെ അപാകതകൾക്കും അനീതികൾക്കുമെതിരെ ജന്തർ മന്ദിറിൽ ഉയർന്ന ശബ്ദം പിന്നീട് രാജ്യവ്യാപകമായ വിദ്യാർത്ഥി രോഷമായി പടരുകയായിരുന്നു. ഇതിന്റെ തുടർച്ചയായി വിവിധ സ്കൂളുകളിലേക്ക് പ്രക്ഷോഭങ്ങൾ വ്യാപിപ്പിക്കാൻ സി.ജെ.പി തീരുമാനിച്ചു.

‘സ്കൂൾ ഠീക് കരോ’എന്ന പേരിൽ സി.ജെ.പി സംഘടിപ്പിക്കുന്ന ക്യാമ്പയിന്റെ ഭാഗമായി പ്രവർത്തകർ നിരവധി സ്കൂളുകൾ ആണ് സന്ദർശിക്കുന്നത്. രാജസ്ഥാനിലെ സ്കൂളുകളിൽ സി.ജെ.പി പ്രവർത്തകർക്ക് പ്രവേശനം നിഷേധിക്കപ്പെടുകയും, തുടർന്ന് പ്രവർത്തകർക്ക് നേരെ ആക്രമണങ്ങൾ ഉണ്ടാകുകയും ചെയ്തു.

സി.ജെ.പി സ്ഥാപകൻ അഭിജിത് ദീപ്‌കേ സ്കൂൾ ഠീക് കരോ ക്യാമ്പയിനിനിടയിൽ

എങ്കിലും ശക്തമായ ജനകീയ സമ്മർദത്തെതുടർന്ന് രാജസ്ഥാൻ സർക്കാർ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കാൻ മൂന്ന് വർഷത്തെ സമഗ്ര പദ്ധതി പ്രഖ്യാപിക്കാൻ നിർബന്ധിതരായി. ഇതിന്റെ ഭാഗമായി 12,500 കോടി രൂപയുടെ വൻ പദ്ധതിയാണ് സംസ്ഥാന സർക്കാർ അനുവദിച്ചത്. ഇതിൽ 2,487.7 കോടി രൂപ ചെലവിൽ 3,587 പുതിയ സ്കൂൾ കെട്ടിടങ്ങളുടെ നിർമാണം, 8,378.3 കോടി രൂപ ചെലവിൽ 83,783 ക്ലാസ് മുറികളുടെ നിർമാണം , 22,589 സ്കൂളുകളുടെ അറ്റകുറ്റപ്പണികൾക്കായി 1,129.5 കോടി രൂപ, 13,616 ടോയ്‌ലറ്റ് കോംപ്ലക്സുകൾക്കായി 340.4 കോടി രൂപ എന്നിവ ഉൾപ്പെടുന്നു. കൂടാതെ 9,000 സ്മാർട്ട് ക്ലാസ് മുറികളും 7,000 ഐ.സി.ടി ലാബുകളും 80,000 ടാബ്‌ലെറ്റുകളും ഉൾപ്പെടെ ഡിജിറ്റൽ വിദ്യാഭ്യാസത്തിനായി 1,087 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത, ഗുണനിലവാരമുള്ള ഭക്ഷണത്തിന്റെയും ശുദ്ധജലത്തിന്റെയും അഭാവം എന്നിവ ചൂണ്ടിക്കാട്ടി സി.ജെ.പിയുടെ നേതൃത്വത്തിൽ തുടങ്ങിയ സ്കൂൾ പ്രതിഷേധങ്ങൾ രാജ്യവ്യാപകമായി ശ്രദ്ധ നേടുകയാണ്. ഇതിന്റെ ഭാഗമായി ഏറ്റവും പുതിയ തലമുറയായ ‘ജൻ ആൽഫ’ കുട്ടികൾ പ്രൈമറി ക്ലാസുകളിൽ നിന്നുപോലും സ്കൂളുകളിൽ പ്രതിഷേധം സംഘടിപ്പിച്ചുതുടങ്ങി. അടിസ്ഥാന ജീവിതാവശ്യങ്ങൾ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ചെറിയ പ്രായത്തിൽ തന്നെ വിദ്യാർത്ഥികൾ സംഘടിക്കുന്നത് ദേശീയതലത്തിൽ വലിയ ചർച്ചയായിട്ടുണ്ട്.

വിദ്യാർത്ഥികളും ഉദ്യോഗാർത്ഥികളും നേരിടുന്ന പ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കി അവ പൊതുസമൂഹത്തിലും പാർലമെന്റിലും ഉന്നയിക്കുന്നതിനായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആരംഭിച്ച ‘ഛാത്രോം കി ഗൂഞ്ച്’ സംവാദ പരിപാടിയും വലിയ ജനശ്രദ്ധയാണ് നേടുന്നത്. ചോദ്യപേപ്പർ ചോർച്ച, പരീക്ഷാ ഏജൻസികളുടെ വീഴ്ചകൾ, ഉയർന്ന പഠനച്ചെലവ്, മത്സരപരീക്ഷകളുടെ മാനസിക സമ്മർദ്ദം, തൊഴിലില്ലായ്മ, ക്യാംപസുകളിലെ സ്ത്രീസുരക്ഷ എന്നിവയാണ് ഈ വേദികളിൽ പ്രധാനമായും ചർച്ച ചെയ്യപ്പെടുന്നത്.

രാജസ്ഥാനിലെ കോട്ടയിൽ തുടങ്ങിയ സംവാദം പിന്നീട് ഡെറാഡൂൺ, പ്രയാഗ്‌രാജ്, പൂനെ തുടങ്ങിയ നഗരങ്ങളിലേക്കും വ്യാപിച്ചു. പൂനെയിൽ നടന്ന പതിനായിരക്കണക്കിന് വിദ്യാർത്ഥിനികൾ പങ്കെടുത്ത സംവാദത്തിൽ, സ്ത്രീത്വത്തെ മകൾ, ഭാര്യ, അമ്മ എന്നീ മൂന്ന് കള്ളികളിൽ മാത്രം തളച്ചിടുന്ന വ്യവസ്ഥിതികളെയും മനുസ്മൃതി പരാമർശങ്ങളെയും വിമർശിച്ച രാഹുൽ, സ്ത്രീകൾക്ക് സ്വതന്ത്ര വ്യക്തിത്വം അനിവാര്യമാണെന്ന് ഓർമ്മിപ്പിച്ചു.

അതുപോലെ,ഓൾ ഇന്ത്യ സ്റ്റുഡന്റസ് അസോസിയേഷൻ (AISA) ദേശീയ പ്രസിഡന്റ് നേഹ ബോറയുടെ നേതൃത്വത്തിൽ ആരംഭിച്ച ‘ജെൻ-സി റൈസിംഗ് മൂവ്‌മെന്റ്’ യുവാക്കൾക്കിടയിൽ പുത്തൻ ഉണർവ് സൃഷ്ടിച്ചിട്ടുണ്ട്. പരമ്പരാഗത രാഷ്ട്രീയ ശൈലികൾക്കപ്പുറം സോഷ്യൽ മീഡിയ ക്യാംപയിനുകളിലൂടെയും തെരുവ് പ്രക്ഷോഭങ്ങളിലൂടെയും അവകാശങ്ങൾ നേടാനാണ് ജെൻ-സി ലക്ഷ്യമിടുന്നത്.

യുവാക്കൾക്കിടയിലെ ഉയർന്ന തൊഴിലില്ലായ്മ പരിഹരിക്കുക, പരീക്ഷാ ക്രമക്കേടുകൾക്കെതിരെ നടപടി സ്വീകരിക്കുക, ഡൽഹി ജന്തർ മന്ദിറിൽ ഉയർന്ന പ്രക്ഷോഭങ്ങളുടെ സന്ദേശം രാജ്യവ്യാപകമാക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. റാഞ്ചിയിൽ നിന്ന് ആരംഭിച്ച് ജാർഖണ്ഡ്, പശ്ചിമ ബംഗാൾ, മഹാരാഷ്ട്ര, തെലങ്കാന, ആന്ധ്രാപ്രദേശ്, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിലൂടെ ഒരു മാസത്തെ യാത്രയായി ഈ കാമ്പയിൻ മുന്നോട്ട് നീങ്ങുന്നു.

രാജ്യവ്യാപകമായി ആളിപ്പടരുന്ന ഈ വിദ്യാർത്ഥി-യുവജന പ്രക്ഷോഭങ്ങളുടെയും പ്രതിഷേധങ്ങളുടെയും പശ്ചാത്തലത്തിലാണ് ലോക യുവജന ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി യുവാക്കളെ അഭിസംബോധന ചെയ്ത് സംസാരിച്ചത്.രാജ്യത്തെ രൂക്ഷമായ വിദ്യാഭ്യാസ പ്രതിസന്ധികളിലും തൊഴിലില്ലായ്മയിലും പ്രതിപക്ഷവും സി.ജെ.പി -ഇടത് വിദ്യാർത്ഥി സംഘടനകളും ഉയർത്തുന്ന ശക്തമായ പ്രക്ഷോഭങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിരോധത്തിലായി.അതിന്റെ ഭാഗമായാണ് ഭരണ സംവിധാന ശൈലികളും പൊളിച്ചെഴുതുന്നത്.

Content Highlight:Modi Fears Rahul, CJP and Left Protests; Centre Set to Change Its Style of Governance.

ശ്രീലക്ഷ്മി പി.പി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more