| Thursday, 23rd July 2026, 11:08 am

മൗനം വെടിഞ്ഞ് മോദി; യുവാക്കളുടെ ഭാവിക്കാണ് പ്രഥമ പരിഗണന: പ്രധാന്‍ രാജിവെക്കണമെന്ന് തിരിച്ചടിച്ച് സി.ജെ.പി

നിഷാന. വി.വി

ന്യൂദല്‍ഹി: നീറ്റ് പരീക്ഷാക്രമക്കേടുമായി ബന്ധപ്പെട്ട് സി.ജെ.പി പ്രതിഷേധം ആളിക്കത്തുന്നതിനിടയില്‍ ആദ്യ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. വിദ്യാര്‍ത്ഥികളുടെ ഭാവി സംരക്ഷിക്കുക എന്നതാണ് സര്‍ക്കാരിന്റെ പ്രഥമ പരിഗണനയെന്ന് പ്രധാനമന്ത്രി പറഞ്ഞു. എക്‌സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ചോദ്യപേപ്പര്‍ ചോര്‍ച്ച കേസുകളില്‍ വേഗത്തിലുള്ള വിചാരണയും കര്‍ശനമായ ശിക്ഷയും ഉറപ്പാക്കുന്നതിനായി ഫാസ്റ്റ് ട്രാക്ക് കോടതികള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചതായി മോദി പറഞ്ഞു.

‘നമ്മുടെ യുവാക്കളുടെ ക്ഷേമത്തേക്കാളും ഭാവിയെക്കാളും പ്രധാനപ്പെട്ടതായി ഒന്നുമില്ല. എല്ലാ പേപ്പര്‍ ചോര്‍ച്ച കേസുകളുടെയും വിചാരണ വേഗത്തിലാക്കാന്‍ ഫാസ്റ്റ് ട്രാക്ക് കോടതികള്‍ സ്ഥാപിക്കും, ഉത്തരവാദികള്‍ക്ക് ഏറ്റവും വേഗത്തിലും കര്‍ശനമായും ശിക്ഷ ഉറപ്പാക്കും. ആവശ്യമായ നടപടികള്‍ ഉറപ്പാക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി സര്‍ക്കാര്‍ എടുക്കുന്ന നിരവധി തീരുമാനങ്ങളിലെ പ്രധാന ഘട്ടമാണിത്. നമ്മുടെ യുവാക്കളുടെ ഭാവി വച്ച് കളിക്കാന്‍ ശ്രമിക്കുന്ന ഒരാളെയും വെറുതെ വിടില്ല,’ പ്രധാനമന്ത്രി പറഞ്ഞു.

വിഷയത്തില്‍ ആദ്യമായാണ് പ്രധാനമന്ത്രി പ്രതികരിക്കുന്നത്. സി.ജെ.പി പ്രതിഷേധം ശക്തമായികൊണ്ടിരിക്കുന്ന സാഹചര്യത്തിലാണിത്.മോദിയുടെ പോസ്റ്റ് പങ്കുവെച്ച് കൊണ്ട് ധര്‍മേന്ദ്ര പ്രധാന്‍ നിര്‍ബന്ധമായും രാജിവെക്കണമെന്നായിരുന്നു സി.ജെ.പിയുടെ പ്രതികരണം.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ് സി.ജെ.പി. ഇന്നലെ കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചയ്ക്കും അവര്‍ തയ്യാറായിരുന്നില്ല. ആരുടെയും വീട്ടിലേക്ക് ചര്‍ച്ചയ്ക്ക് വന്ന് സമയം കളയാനില്ലെന്നും ചര്‍ച്ച നടത്താന്‍ ആഗ്രഹിക്കുന്നവര്‍ ജന്തര്‍മന്ദറിലേക്ക് വരണമെന്നുമായിരുന്നു സി.ജെ.പിയുടെ നിലപാട്.

Content Highlight: Modi breaks silence; youth’s future is the top priority: CJP hits back, demanding Pradhan’s resignation.

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more