| Sunday, 11th October 2026, 1:07 pm

മോദി ഇന്ത്യയ്ക്ക് നാണക്കേട്; ഇത്ര വലിയ ഭീരുവിനെയും ബുള്ളിയെയും രാജ്യം കണ്ടിട്ടില്ല: അഭിജിത് ദീപ്‌കെ

റെന്വര്‍ പി

ന്യൂദല്‍ഹി: ദല്‍ഹി പൊലീസിന്റെ കസ്റ്റഡിയില്‍ നിന്ന് പുറത്ത് വന്നതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സി.ജെ.പി കണ്‍വീനര്‍ അഭിജിത് ദീപ്‌കെ. പ്രധാനമന്ത്രിയെന്ന നിലയില്‍ മോദി ഇന്ത്യക്ക് നാണക്കേടാണെന്ന് ദീപ്‌കെ എക്‌സ് പോസ്റ്റില്‍ കുറിച്ചു. ഇത്രയും വലിയൊരു ഭീരുവിനെയും ഗുണ്ടയെയും ഈ രാജ്യം ഇതിനുമുമ്പ് കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

‘പ്രധാനമന്ത്രിയെന്ന നിലയില്‍ മോദി ഇന്ത്യയ്ക്ക് ഒരു നാണക്കേടാണ്. ഇത്രയും വലിയൊരു ഭീരുവിനെയും ഗുണ്ടയെയും ഈ രാജ്യം ഇതിനുമുമ്പ് കണ്ടിട്ടില്ല,’ ദീപ്‌കെ എക്‌സ് പോസ്റ്റില്‍ കുറിച്ചു.

അതെസമയം കസ്റ്റഡിയില്‍ നിന്ന് പുറത്തിറങ്ങിയ താന്‍ മഹാരാഷ്ട്രയില്‍ കുടുംബാംഗങ്ങളെ കാണാന്‍ പോവുകയാണെന്ന് മറ്റൊരു എക്‌സ് പോസ്റ്റില്‍ അഭിജിത് പറഞ്ഞു. അഭിജിത്തിന്റെ മുത്തശ്ശി കഴിഞ്ഞ ദിവസം മരണപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് അദ്ദേഹം മഹാരാഷ്ട്രയിലേത്ത് തിരിച്ചു പോകുന്നത്.

‘ഈ ദുഖവേളയില്‍ കുടുംബത്തോടൊപ്പം ചേരാനായി ഞാന്‍ ഗ്രാമത്തിലേക്ക് മടങ്ങുകയാണ്,’ എന്ന് അദ്ദേഹം എക്‌സ് പോസ്റ്റില്‍ കുറിച്ചു.

സൗരവ് ദാസും അശുതോഷും ദല്‍ഹിയില്‍ ഉടന്‍ വാര്‍ത്താ സമ്മേളനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. തങ്ങള്‍ ഭീഷണിക്ക് വഴങ്ങി സമരം അവസാനിപ്പിക്കില്ല. ഈ ഏകാധിപത്യത്തിന്റെ അന്ത്യത്തിന്റെ തുടക്കമായി ഒക്ടോബര്‍ 10 അടയാളപ്പെടുത്തപ്പെടുമെന്നും അദ്ദേഹം കുറിച്ചു.

ജന്തര്‍ മന്തറില്‍ കോക്രോച്ച് ജനത പാര്‍ട്ടി നടത്താനിരുന്ന പ്രതിഷേധത്തിന് മുന്നോടിയായിരുന്നു ദല്‍ഹി പൊലീസ് ഇന്നലെ അഭിജിത് ദീപ്‌കെയെയും മറ്റ് സി.ജെ.പി നേതാക്കളായ അശുതോഷ് രങ്ക, സൗരവ് ദാസ് എന്നിവരെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. ഏതാണ്ട് 24 മണിക്കൂറോളം പിന്നിട്ട ശേഷം ഇന്ന് (ഒക്ടോബര്‍ 11, ഞായര്‍) രാവിലെ 10മണിയോട് കൂടെ ഇവരെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി. ഇതിന് പിന്നാലെയാണ് ഇവരെ വിട്ടയച്ചത്.

ദല്‍ഹി കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷനില്‍ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന് മുന്നിലാണ് ഇവരെ ഹാജരാക്കിയത്. ഇതിനിടെ പൊലീസ് സി.ജെ.പി നേതാക്കളുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.

സി.ജെ.പി നേതാക്കള്‍ അടക്കമുള്ളവരെ കോടതിയില്‍ ഹാജരാക്കാനും മോചിപ്പിക്കാനും ആവശ്യപ്പെട്ട് സി.ജെ.പി ഇന്നലെ സുപ്രീം കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹരജി സമര്‍പ്പിച്ചിരുന്നു. ഈ ഹരജി കോടതി പരിഗണിക്കാനിരിക്കെയാണ് ഇവരെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കുകയും വിട്ടയക്കുകയും ചെയ്തത്.

പ്രതിഷേധത്തില്‍ പങ്കെടുക്കാനായി മുംബൈയില്‍ നിന്ന് ദല്‍ഹിയിലെത്തിയ അഭിജീത് ദിപ്കെ, സൗരവ് ദാസ്, അശുതോഷ് രങ്ക എന്നിവരെ ശനിയാഴ്ച രാവിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിമാനത്തിനുള്ളില്‍ കയറിയാണ് പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്.

ജന്തര്‍ മന്തര്‍ പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തിയ യൂട്യൂബര്‍ ധ്രുവ് റാഠിയെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ധ്രുവ് റാഠിയെ ഇന്ന് പുലര്‍ച്ചെയോടെ കസ്റ്റഡിയില്‍ നിന്ന് വിട്ടയച്ചു. ഇന്നലെ ഗുഡ്ഗാവില്‍ നിന്നായിരുന്നു റാഠിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

കസ്റ്റഡിയില്‍ നിന്ന് വിട്ടയച്ചെങ്കിലും ധ്രുവ് റാഠി വീണ്ടും ജന്തര്‍ മന്തറിലേക്ക് പോകാന്‍ ശ്രമിച്ചാല്‍ അദ്ദേഹത്തെ വീണ്ടും കസ്റ്റഡിയിലെടുക്കുമെന്നും പൊലീസ് വ്യക്തമാക്കി. ‘നിരോധനാജ്ഞ നിലനില്‍ക്കെ ജന്തര്‍ മന്തറിലേക്ക് പോകാന്‍ ശ്രമിച്ചാല്‍ അദ്ദേഹത്തെ വീണ്ടും കസ്റ്റഡിയിലെടുക്കുകയോ തുടര്‍ നിയമനടപടികള്‍ സ്വീകരിക്കുകയോ ചെയ്തേക്കാം,’ പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

വോട്ടര്‍ പട്ടികയിലെ ക്രമക്കേടുകളില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടാണ് സി.ജെ.പി ജന്തര്‍ മന്തറില്‍ പ്രതിഷേധം പ്രഖ്യാപിച്ചത്. പ്രതിഷേധത്തിനായി ദല്‍ഹിയിലെത്തിയ യുവാക്കളെയും വിദ്യാര്‍ത്ഥികളെയും പൊലീസ് കൂട്ടമായി കസ്റ്റഡിയിലെടുത്തിരുന്നു.

പ്രതിഷേധത്തില്‍ പങ്കാളികളാവാനെത്തിയ പിണറായി വിജയന്‍, മമത ബാനര്‍ജി, അരവിന്ദ് കെജ് രിവാള്‍, മണിക് സര്‍കാര്‍ എന്നീ മുന്‍ മുഖ്യമന്ത്രിമാരെയും നേഹ ബോറ അടക്കമുള്ള വിദ്യാര്‍ത്ഥി നേതാക്കളെയും പ്രശാന്ത് ഭൂഷണും യോഗേന്ദ്ര യാദവും അടക്കമുള്ള സാമൂഹ്യ പ്രവര്‍ത്തകരെയും പൊലീസ് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത് വിട്ടയച്ചിരുന്നു.

Content Highlight: Modi, as PM, is an embarrassment to Indi, Never has this country seen a bigger coward and bully: Abhijeet Dipke

റെന്വര്‍ പി

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

We use cookies to give you the best possible experience. Learn more