| Friday, 26th August 2016, 7:40 pm

ഒളിമ്പിക്‌സ് പ്രകടനം മെച്ചപ്പെടുത്താനുളള നിര്‍ദ്ദേശങ്ങള്‍ക്കായി സര്‍ക്കാര്‍ പ്രത്യേക സംഘത്തെ നിയമിക്കുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഒളിമ്പിക്‌സിലെ ഇന്ത്യയുടെ പ്രകടനം മെച്ചപ്പെടുത്താനുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനായി സര്‍ക്കാര്‍ പ്രത്യേക സംഘത്തെ നിയമിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അടുത്ത മുന്ന് മൂന്ന് ഒളിമ്പിക്‌സുകള്‍ക്ക് വേണ്ട തയ്യാറെടുപ്പുകള്‍ നടത്തുന്നതിനായുള്ള പരിപാടികള്‍ ആസുത്രണം ചെയ്യുന്നതിനായാണ് പ്രത്യേക സംഘത്തെ നിയമിക്കുന്നത്.

റിയോ ഒളിമ്പിക്‌സിലെ ഇന്ത്യയുടെ താരതമ്യേന മോശം പ്രകടനത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ തീരുമാനം. രാജ്യത്തിന്റെ എക്കാലത്തെയും വലിയ ഒളിമ്പിക്‌സ് സംഘവുമായി റിയോയിലേക്ക് പുറപ്പെട്ട ഇന്ത്യന്‍ ടീമിന് ആകെ രണ്ട് മെഡല്‍ മാത്രമാണ് നേടാനായത്.

ബാഡ്മിന്റണില്‍ പി.വി.സിന്ധുവും ഗുസ്തിയില്‍ സാക്ഷി മാലിക്കുമാണ് ഇന്ത്യയുടെ മെഡല്‍ ജേതാക്കള്‍. സിന്ധു വെള്ളി മെഡല്‍ നേടിയപ്പോള്‍ സാക്ഷി വെങ്കല മെഡലാണ് നേടിയത്. എക്കാലത്തെയും വലിയ സംഘവുമായി റിയോയിലേക്ക് തിരിക്കുമ്പോള്‍ റെക്കോര്‍ഡ് മെഡലുമായി തിരിച്ചെത്താനാവുമെന്നായിരുന്നു പ്രതീക്ഷ.

2012 ല്‍ ലണ്ടനില്‍ നേടിയ ആറ് മെഡലെന്ന നേട്ടം മറികടന്ന്, ചുരുങ്ങിയത് പത്ത് മെഡലെങ്കിലും ഇത്തവണ സ്വന്തമാക്കാനാവുമെന്നായിരുന്നു ഇന്ത്യന്‍ ക്യാംപിന്റെ പ്രതീക്ഷ. എന്നാല്‍ രണ്ട മെഡലുമായി റിയോയില്‍ നിന്ന് വണ്ടി കയറാനായിരുന്നു ഇന്ത്യന്‍ ടീമിന്റെ വിധി. ഈ സാഹചര്യത്തിലാണ് പ്രകടനം മെച്ചപ്പെടുത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ ആരായുന്നതിനായി ഒരു സംഘത്തെ തീരുമാനിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം.

കായിക രംഗത്ത് രാജ്യത്ത് നിലനില്‍ക്കുന്ന എല്ലാ കാര്യങ്ങളെ കുറിച്ചും പ്രത്യേക സംഘം വിശദമായി പഠിക്കും. കായിക സൗകര്യങ്ങളൊരുക്കുന്നതിനെകുറിച്ചും പരിശീലനത്തെകുറിച്ചും സെലക്ഷന്‍ രീതികളെകുറിച്ചുമെല്ലാം പ്രത്യേക സംഘത്തിനോട് നിര്‍്‌ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

We use cookies to give you the best possible experience. Learn more