| Wednesday, 17th December 2025, 3:40 pm

ആളുകളെ ബുദ്ധിമുട്ടിക്കരുത്; മോദിയും അമിത്ഷായും രാജിവെക്കണം: നാഷണല്‍ ഹെറാള്‍ഡ് കേസിലെ കോടതി ഉത്തരവിൽ കോൺഗ്രസ്

ശ്രീലക്ഷ്മി എ.വി.

ന്യൂദൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമെതിരായ നാഷണൽ ഹെറാൾഡ് കേസ് നിലനിൽക്കില്ലെന്ന കോടതി ഉത്തരവിന് പിന്നാലെ ബി.ജെ.പിക്കെതിരെ വിമർശനവുമായി കോൺഗ്രസ്. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജിവെക്കണമെന്ന് മല്ലികാർജുൻ ഖാർഗെ ആവശ്യപ്പെട്ടു.

പ്രതിപക്ഷ നേതാക്കളെ പ്രത്യേച്ച് ഗാന്ധി കുടുംബത്തെ ഉപദ്രവിക്കാൻ മോദി സർക്കാർ കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുന്നുവെന്ന് കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ പറഞ്ഞു.

രാഷ്ട്രീയ പകപോക്കലാണ് മോദി സർക്കാർ നടത്തുന്നതെന്നും ഗാന്ധി കുടുംബത്തെ ബുദ്ധിമുട്ടിക്കാൻ മാത്രമാണ് ഈ കേസെന്നും അദ്ദേഹം പറഞ്ഞു.

‘രാഷ്ട്രീയ പകപോക്കലാണ് അവർ നടത്തുന്നത്. ഗാന്ധി കുടുംബത്തെ ബുദ്ധിമുട്ടിക്കാൻ വേണ്ടി മാത്രമാണ് ഈ കേസ്. ഈ കേസിൽ എഫ്‌.ഐ.ആർ ഇല്ല. സത്യമേവ ജയതേ എന്നതാണ് ഞങ്ങളുടെ മുദ്രാവാക്യം. കേസിലെ വിധിയെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു,’ മല്ലികാർജുൻ ഖാർഗെ പറഞ്ഞു.

ഏഴ് വർഷമായി ഇ.ഡി തുടർച്ചയായി ഉപദ്രവിക്കുന്നുവെന്നും തങ്ങൾ ഈ വിഷയം തെരുവിലിറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നരേന്ദ്ര മോദിയും അമിത്ഷായും രാജിവെക്കണമെന്നും ഇത്തരത്തിൽ ആളുകളെ ബുദ്ധിമുട്ടിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

രാജ്യവ്യാപകമായി പ്രതിപക്ഷത്തെ ഇത് പ്രകോപിപ്പിച്ചിട്ടുണ്ടെന്നും പ്രതിപക്ഷ നേതാക്കളെ ലക്ഷ്യമിട്ടുള്ള ഇ.ഡിയുടെ വ്യവസ്ഥാപിത ദുരുപയോഗം തുറന്നുകാട്ടുന്നതിന് കോൺഗ്രസ് ഇന്ത്യയിലുടനീളം പ്രകടനം നടത്തുമെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ വ്യക്തമാക്കി.

അധികാര ദുർവിനിയോഗത്തിന്റെ ഉദാഹരണമാണ് ഈ കേസെന്ന് കോൺഗ്രസ് നേതാവ് അഭിഷേക് മനു സ്വിങ്വി പറഞ്ഞു.

നാഷണൽ ഹെറാൾഡ് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിക്കും സോണിയ ഗാന്ധിക്കുമെതിരെ ക്രിമിനൽ ഗൂഢാലോചനക്കുറ്റം ചുമത്തിയിരുന്നു. ദൽഹി പൊലീസിൻ്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം സമർപ്പിച്ച എഫ്.ഐ.ആറിലാണ് കുറ്റങ്ങൾ ചുമത്തിയിരുന്നത്.

സോണിയക്കും രാഹുലിനും പുറമെ കോൺഗ്രസ് നേതാവായ സാം പിത്രോഡ, നാഷണൽ ഹെറാൾഡ് പ്രസാധകരായ അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡ്, യങ് ഇന്ത്യൻ കമ്പനി എന്നിവർക്കെതിരെയാണ് കള്ളപ്പണം വെളുപ്പിക്കൽ ആരോപിച്ച് കേസെടുത്തിരുന്നത്.

സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് 2008ൽ പത്രം നിർത്തുന്നതിന് മുന്നോടിയായി കോൺഗ്രസ് പത്രത്തിന് 90 കോടി രൂപയുടെ പലിശ രഹിത വായ്‌പ നൽകിയിരുന്നു. പിന്നീട് 2010ൽ സോണിയ ഗാന്ധി പ്രധാന ഷെയർഹോൾഡറും, രാഹുൽ ഗാന്ധി ഡയറക്‌ടറുമായ യങ് ഇന്ത്യ കമ്പനിയുടെ കീഴിലേക്ക് നാഷണൽ ഹെറാൾഡിൻ്റെ ബാധ്യതകൾ മാറ്റി.

പണം തിരിച്ചു നൽകാൻ എ.ജെ.എല്ലിന് സാധിക്കാതിരുന്നതോടെ എ.ജെ.എല്ലിന്റെ 2000കോടി രൂപയുടെ സ്വത്തുക്കൾ യങ് ഇന്ത്യ വാങ്ങി. 50 ലക്ഷം മുതൽ മുടക്കിൽ ആരംഭിച്ച യങ് ഇന്ത്യ എൻ.ജി.ഒ കോടിക്കണക്കിന് രൂപ സമ്പാദിച്ചെന്നും, ഇതിൽ ഷെയർ ഉള്ള രാഹുൽ 154 കോടി രൂപ നേടിയിട്ടുണ്ടെന്നുമായിരുന്നു ആരോപണം.

Content Highlight: Modi and Amit Shah should resign: Congress on court order in National Herald case

ശ്രീലക്ഷ്മി എ.വി.

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാന്തര ബിരുദം.

We use cookies to give you the best possible experience. Learn more