| Friday, 9th October 2026, 9:20 pm

ഇന്റര്‍നെറ്റ് വിലക്ക്, ഊബറിനും ഓലക്കും മുന്നറിയിപ്പ്, ഫുഡ് ഡെലിവറിയും നിരീക്ഷിക്കും: ജന്തര്‍ മന്തര്‍ സമരത്തിനെതിരെ സര്‍ക്കാര്‍

റെന്വര്‍ പി

ന്യൂദല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി അടക്കമുള്ള ആവശ്യങ്ങളുന്നയിച്ച് ജന്തര്‍ മന്തറില്‍ പ്രതിഷേധം നടക്കാനിരിക്കെ ദല്‍ഹിയില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കാന്‍ ഉത്തരവ്. ഇന്ന് (ഒക്ടോബര്‍ ഒമ്പത്, വെള്ളി) രാത്രി 10 മുതല്‍ 24 മണിക്കൂര്‍ നേരത്തേക്കാണ് മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ തടയാന്‍ ഉത്തരവിട്ടത്.

നഗരത്തില്‍ ഇന്റര്‍നെറ്റ് സേവനം താത്കാലികമായി നിര്‍ത്തിവെക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കിയതായി എ.എന്‍.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. എല്ലാത്തരം മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങളും താത്കാലികമായി റദ്ദാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ജന്‍പഥ്-കര്‍ത്തവ്യ പഥ് ജംഗ്ഷന് ചുറ്റുമുള്ള നാല് കിലോമീറ്റര്‍ ചുറ്റളവില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ തടയും. ഇക്കാര്യ വ്യക്തമാക്കി ദല്‍ഹി പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ മനീഷി ചന്ദ്ര ഇന്ന് വൈകുന്നേരം വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയിരുന്നു.

ജന്തര്‍ മന്തറിലേക്ക് യാത്ര ചെയ്യുന്ന ‘സംശയാസ്പദമായ’ വ്യക്തികളെ വാഹനങ്ങളില്‍ കയറ്റുന്ന കാര്യത്തില്‍ ജാഗ്രത പാലിക്കണം എന്ന് ഊബര്‍, ഓല തുടങ്ങിയ ഓണ്‍ലൈന്‍ ക്യാബ് സേവനങ്ങളോട് പൊലീസ് ആവശ്യപ്പെട്ടു.

സൊമാറ്റോ, സ്വിഗ്ഗി തുടങ്ങിയ ഫുഡ് ഡെലിവറി സര്‍വീസുകളെയും ദല്‍ഹി പൊലീസ് നിരീക്ഷിക്കുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ പ്ലാറ്റ്‌ഫോമുകൡ ജന്തര്‍ മന്ദര്‍ അഡ്രസിലേക്ക് വലിയ അളവില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നവരെ നിരീക്ഷിക്കാനാണ് പൊലീസ് നീക്കം.

സമരത്തിന്റെ പശ്ചാത്തലത്തില്‍ ദല്‍ഹിയില്‍ പൊലീസിന് പുറമെ അര്‍ധസൈനിക വിഭാഗങ്ങളെ വിന്യസിച്ചിട്ടുണ്ട്. ഏകദേശം 23,000 സൈനികരും 5,000 ദല്‍ഹി പോലീസ് ഉദ്യോഗസ്ഥരെയുമാണ് വിന്യസിച്ചിട്ടുള്ളത്. സമരം നടക്കുന്ന ജന്തര്‍ മന്തറിലേക്കുള്ള റോഡുകളില്‍ പൊലീസ് ബാരിക്കേഡുകളും സ്ഥാപിച്ചിട്ടുണ്ട്.

ജന്തര്‍ മന്തറില്‍ പ്രതിഷേധം നടക്കുന്ന പശ്ചാത്തലത്തില്‍ ദല്‍ഹിയിലെ മെട്രോ സര്‍വീസുകള്‍ നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ദല്‍ഹി മെട്രോയുടെ 57 സ്റ്റേഷനുകളുടെ എന്‍ട്രി എക്സിറ്റ് ഗേറ്റുകള്‍ അടച്ചിടാന്‍ ഡി.എം.ആര്‍.സിക്ക് ദല്‍ഹി പൊലീസ് കത്ത് അയച്ചിട്ടുണ്ട്.

ദല്‍ഹിയില്‍ എത്തിച്ചേരുന്നതിനുള്ള ട്രെയിനുകള്‍ക്ക് ഇന്ത്യന്‍ റെയില്‍വേ നിയന്ത്രണം ഏര്‍പ്പെടുത്തി. ദല്‍ഹിയിലെ നിസാമുദ്ദീന്‍, ന്യൂദല്‍ഹി റെയില്‍വേ സ്റ്റേഷനുകളിലേക്കുള്ള ട്രെയിനുകള്‍ റദ്ദാക്കാന്‍ ഇന്ത്യന്‍ റെയില്‍വേ ഉത്തരവിട്ടിട്ടുണ്ട്.

ദല്‍ഹിയിലെ മെട്രോ സര്‍വീസുകള്‍ പൂര്‍ണമായും നിര്‍ത്തിവെക്കരുതെന്ന് ഇന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ദല്‍ഹിയിലേക്കുള്ള ഇന്ത്യന്‍ റെയില്‍വേയുടെ സര്‍വീസുകളും പൂര്‍ണമായി നിര്‍ത്തിവെക്കരുതെന്ന് സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു.

പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത വിധം, ആനുപാതികതയുടെ തത്വങ്ങള്‍ കണക്കിലെടുത്ത് നിയന്ത്രിതമായ രീതിയില്‍ ഈ സേവനങ്ങള്‍ അനുവദിക്കണമെന്ന് കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാന്‍ ഇതുസംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ക്ക് മതിയായ പ്രചാരം നല്‍കണമെന്നും കോടതി കേന്ദ്രത്തോട് നിര്‍ദേശിച്ചിട്ടുണ്ട്.

Content Highlight: Mobile internet blackout in central Delhi from tonight for anti-EC Protest

 
റെന്വര്‍ പി

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

We use cookies to give you the best possible experience. Learn more