| Saturday, 6th September 2025, 12:49 pm

പശ്ചിമ ബംഗാളില്‍ രണ്ട് പേരെ അടിച്ച് കൊന്ന് ആൾക്കൂട്ടം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ വീണ്ടും ആള്‍ക്കൂട്ട കൊലപാതകം. രണ്ട് യുവാക്കളെയാണ് ജനക്കൂട്ടം അടിച്ച് കൊന്നത്. ആറ് വയസുകാരനായ കുട്ടിയെ കൊലപ്പെടുത്തിയെന്ന് ആരോപിച്ചാണ് യുവാക്കളെ ജനക്കൂട്ടം ആക്രമിച്ചത്. പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിലെ നിഷിന്ദയിലാണ് സംഭവം. ഇന്ന് രാവിലെയാണ് കൊലപാതകം നടന്നത്.

ഇന്നലെ പ്രദേശത്തെ ആറ് വയസുകാരനായ ഒരു കുട്ടിയെ കാണാനില്ല എന്ന പരാതി ഉയര്‍ന്നിരുന്നു. ഇതോടെ കുട്ടിക്കായി കഴിഞ്ഞ ദിവസം പ്രദേശത്ത് ഊര്‍ജ്ജിതമായി തിരച്ചില്‍ നടത്തിയിരുന്നു. തിരച്ചിലിനൊടുവില്‍ ഇന്ന് പുലര്‍ച്ചെ പ്രദേശത്തെ ഒരു ജലാശയത്ത് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. ടാര്‍പോളില്‍ പൊതിഞ്ഞ നിലയിലായിരുന്നു കുട്ടിയുടെ മൃതദേഹം ലഭിച്ചത്. .

ഇതിന് പിന്നാലെയാണ് അയല്‍വാസികളായ ഈ രണ്ട് യുവാക്കള്‍ക്കെതിരെ കുടുംബവും നാട്ടുകാരും കുറ്റം ആരോപിച്ച് രംഗത്തെത്തിയത്. പിന്നാലെ ഇവരുടെ വീട്ടില്‍ അതിക്രമിച്ച് ജനക്കൂട്ടം യുവാക്കളെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. സംഘര്‍ഷാവസ്ഥ നിലനില്‍ന്ന സാഹചര്യത്തില്‍ പോലീസ് എത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇരുവരും കൊല്ലപ്പെട്ടുവെന്നാണ് വിവരം.

എന്നാല്‍, കുട്ടിയുടെ കൊലപാതകത്തില്‍ ഈ രണ്ട് യുവാക്കള്‍ക്ക് എന്തെങ്കിലും പങ്കുണ്ടോയെന്നതില്‍ ഇതുവരെ വ്യക്തതയൊന്നും ലഭിച്ചിട്ടില്ല. കുട്ടിയുടെയും യുവാക്കളുടെയും കൊലപാതകങ്ങളില്‍ ഇതുവരെ ആരെയും അറസ് ചെയ്തിട്ടില്ല. പോലീസ് ഇതില്‍ അന്വേഷണം നടത്തി വരികയാണ്.

ഇത് ആദ്യമായല്ല പശ്ചിമ ബംഗാളില്‍ ആള്‍ക്കൂട്ട കൊലപാതകം നടക്കുന്നത്. ഈ വര്‍ഷം ജൂലൈ മാസത്തില്‍ ഒരാഴ്ചയ്ക്കിടെ അഞ്ച് പേരെയാണ് ആള്‍കൂട്ടം കൊലപ്പെടുത്തിയിരുന്നത്.

Content Highlight: Mob Lynching in West Bengal, Two Killed

We use cookies to give you the best possible experience. Learn more