| Tuesday, 23rd December 2025, 1:36 pm

ബംഗ്ലാദേശിലെ ആള്‍കൂട്ടക്കൊല; ദല്‍ഹിയില്‍ വി.എച്ച്.പിയുടെ പ്രതിഷേധ റാലി

രാഗേന്ദു. പി.ആര്‍

ന്യൂദല്‍ഹി: ബംഗ്ലാദേശില്‍ മതനിന്ദ ആരോപിച്ച് ഹിന്ദു യുവാവിനെ കൊന്ന് കത്തിച്ച സംഭവത്തില്‍ ദല്‍ഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷന് മുമ്പാകെ പ്രതിഷേധം. വി.എച്ച്.പി, ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് പ്രതിഷേധം തുടരുന്നത്.

സ്ത്രീകള്‍ ഉള്‍പ്പെടെ നൂറുക്കണക്കിന് ആളുകളാണ് പ്രതിഷേധിക്കുന്നത്. എന്നാല്‍ ബംഗ്ലാദേശ് ഹൈക്കമ്മീഷന്‍ കെട്ടിടത്തിന് ഒരു കിലോമീറ്റര്‍ അകലെ വെച്ച് പൊലീസ് പ്രതിഷേധക്കാരെ തടഞ്ഞു. ഏതാനും പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

പ്രതിഷേധത്തിന് പിന്നാലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറെ ബംഗ്ലാദേശ് സര്‍ക്കാര്‍ വിളിച്ചുവരുത്തി. ബംഗ്ലാദേശ് ഉദ്യോഗസ്ഥരുടെ സുരക്ഷ ഉപ്പാക്കണമെന്ന് നിര്‍ദേശം നല്‍കി. ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയത്തിന്റേതാണ് നടപടി.

ഇന്നലെ (തിങ്കള്‍) ബംഗ്ലാദേശിലും സമാനമായ പ്രതിഷേധം ഉണ്ടായിരുന്നു. ഇതിനുപിന്നാലെയാണ് ഇന്ത്യന്‍ പ്രതിനിധിയെ ബംഗ്ലാദേശ് സര്‍ക്കാര്‍ വിളിച്ചുവരുത്തിയത്.

അതേസമയം ബംഗ്ലാദേശിന്റേത് അടക്കമുള്ള ഇന്ത്യയിലെ മുഴുവന്‍ നയതന്ത്ര സ്ഥാപനങ്ങളും സുരക്ഷിതമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.

രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്ന് ബംഗ്ലാദേശിലെ മുഹമ്മദ് യൂനുസ് സര്‍ക്കാരിനോട് കേന്ദ്രം തുടര്‍ച്ചയായി ആവശ്യപ്പെടുന്നുണ്ട്.

വ്യാഴാഴ്ച്ച രാത്രിയോടെയാണ് ദിപു ചന്ദ്രദാസ് എന്ന യുവാവിനെ ആള്‍ക്കൂട്ടം കൊലപ്പെടുത്തിയത്. തല്ലിക്കൊന്ന ശേഷം യുവാവിനെ മരത്തില്‍ കെട്ടിയിട്ട് കത്തിക്കുകയായിരുന്നുവെന്ന് ബി.ബി.സി ബംഗ്ലാ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

സംഭവത്തില്‍ ഏഴ് പ്രതികള്‍ അറസ്റ്റിലായിരുന്നു. മുഹമ്മദ് ലിമോണ്‍ സര്‍ക്കാര്‍, മുഹമ്മദ് ഷരീഖ് ഹൊസൈന്‍, മുഹമ്മദ് മണിക് മിയ, നിജൂം ഉദ്ദീന്‍, അലോംഗിര്‍ ഹൊസൈന്‍, ഇര്‍ഷാദ് അലി, മുഹമ്മദ് മിറാജ് ഹൊസൈന്‍ അക്കാണ്‍ എന്നിവരാണ് പ്രതികള്‍.

ബംഗ്ലാദേശിലെ ജെന്‍സി പ്രക്ഷോഭത്തതിന് നേതൃത്വം നല്‍കിയ വിദ്യാര്‍ത്ഥി നേതാവ് ഷെരീഫ് ഒസ്മാന്‍ ബിന്‍ ഹാദി വെടിയേറ്റ് മരിച്ചതിനെ തുടര്‍ന്നായിരുന്നു ദിപുവിന്റെ കൊലപാതകം. ഡിസംബർ 12 ന് ഹാദിയുടെ തലയ്ക്ക് നേരെ അജ്ഞാതൻ വെടിയുതിർക്കുകയായിരുന്നു.

ഒസ്മാന്‍ ഹാദിയുടെ മരണത്തെ തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ, ബംഗ്ലാദേശിലെ ചട്ടോഗ്രാമിലുള്ള ഇന്ത്യന്‍ വിസ അപ്ലിക്കേഷന്‍ സെന്റര്‍ (ഐ.വി.എ.സി) സ്ഥാപനത്തിന്റെ സേവനങ്ങള്‍ താത്ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു.

ഇതേ തുടര്‍ന്ന് ഇന്ത്യക്കാര്‍ക്കുള്ള വിസാ സേവനങ്ങള്‍ ബംഗ്ലാദേശും താത്ക്കാലികമായി നിര്‍ത്തിവെച്ചു. നിലവില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതല്‍ വഷളാകുകയാണ്.

Content Highlight: Mob lynching in Bangladesh; VHP protest rally in Delhi

രാഗേന്ദു. പി.ആര്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more