| Tuesday, 7th October 2025, 8:03 am

ഡ്രോണ്‍ ഉപയോഗിച്ച് മോഷണം നടത്തുന്നെന്ന് ആരോപണം, ഉത്തര്‍പ്രദേശില്‍ ദളിത് യുവാവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

റായ്ബറേലി: ഡ്രോണ്‍ ഉപയോഗിച്ച് മോഷണം നടത്തുന്നുവെന്ന് ആരോപിച്ച് ദളിത് യുവാവിനെ കൊലപ്പെടുത്തി നാട്ടുകാര്‍. ഉത്തര്‍പ്രദേശിലെ റായ്ബറേലിയിലാണ് സംഭവം. വീടുകളില്‍ മോഷണത്തിനായി ഡ്രോണുകള്‍ ഉപയോഗിക്കുന്നുവെന്ന് സംസ്ഥാനത്തുടനീളം കഴിഞ്ഞ കുറച്ചുമാസങ്ങളായി സംശയങ്ങള്‍ നിലനില്ക്കവെയാണ് ഈ സംഭവം.

‘ഡ്രോണ്‍ ചോരി’ എന്ന് ആരോപിച്ചാണ് നാട്ടുകാര്‍ 38 വയസുള്ള ഹരി ഓം എന്ന ദളിത് യുവാവിനെ കൂട്ടംകൂടി മര്‍ദിച്ച് കൊലപ്പെടുത്തിയത്. ഒക്ടോബര്‍ രണ്ടിന് ഉഞ്ചഹാറിലെ റയില്‍വേ ട്രാക്കില്‍ നിന്നാണ് ഹരി ഓമിന്റെ മൃതദേഹം പൊലീസ് കണ്ടെടുത്തത്. മരണകാരണം അറിയാനായി പൊലീസ് പോസ്റ്റ്‌മോര്‍ട്ടത്തിന് അയക്കുകയായിരുന്നു. പിന്നാലെയാണ് കള്ളനെന്ന് ആരോപിച്ച് ആള്‍ക്കൂട്ടം ഹരി ഓമിനെ മര്‍ദിക്കുന്ന വീഡിയോ ശ്രദ്ധയില്‍പെടുന്നത്.

വീഡിയോയിലൂടെ അഞ്ച് പേരെ തിരിച്ചറിഞ്ഞെന്നും അവരെ അറസ്റ്റ് ചെയ്‌തെന്നും പൊലീസ് അറിയിച്ചു. ബി.എന്‍.എസ് സെക്ഷന്‍ 105 (കൊലപാതകത്തിന് തുല്യമല്ലാത്ത മനപൂര്‍വമല്ലാത്ത നരഹത്യ) പ്രകാരം കേസെടുത്തിട്ടുണ്ടെന്നും പിന്നീട് സെക്ഷന്‍ 103 ചേര്‍ത്ത് ഇത് കൊലപാതക കേസാക്കി മാറ്റിയെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

ശേഷിക്കുന്ന പ്രതികള്‍ക്കായി തെരച്ചില്‍ നടക്കുകയാണെന്ന് റായ്ബറേലി എസ്.പി സഞ്ജീവ് കുമാര്‍ സിന്‍ഹ അറിയിച്ചു. എസ്.സി/ എസ്.ടി നിയമപ്രകാരമുള്ള കുറ്റങ്ങള്‍ ചേര്‍ക്കുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് നിയമോപദേശം തേടിയിട്ടുണ്ടെന്നും അതനുസരിച്ച് മുന്നോട്ടുപോകുമെന്നും അദ്ദേഹം അറിയിച്ചു.

സംഭവത്തിന് പിന്നാലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഹരി ഓമിന്റെ കുടുംബവുമായി ഫോണില്‍ ബന്ധപ്പെട്ടു. ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് പ്രസിഡന്റ് അജയ് റആയ് ഫത്തേപൂരിലെ വീട് സന്ദര്‍ശിച്ച് പാര്‍ട്ടിയുടെ പിന്തുണ കുടുംബത്തോടൊപ്പമാണെന്ന് ഉറപ്പ് നല്‍കി. സംസ്ഥാനത്തെ ബി.ജെ.പി സര്‍ക്കാരിന്റെ ഭരണ പരാജയമാണിതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

യോഗി സര്‍ക്കാരിന്റെ കീഴിലുള്ള സര്‍ക്കാരിന്റെ ക്രൂരതയാണ് ഇത്തരം സംഭവങ്ങളെന്ന് അജയ് റായ് ആരോപിച്ചു. സംഭവത്തിന് പിന്നാലെ യോഗി ആദിത്യനാഥിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എക്‌സില്‍ കുറിപ്പ് പങ്കുവെച്ചു. യോഗിയുടെ ഭരണത്തില്‍ സാധാരണക്കാരുടെ ജീവിതം നരകതുല്യമായി മാറിയെന്നാണ് വേണുഗോപാല്‍ കുറിച്ചത്.

Content Highlight: Mob Lynched and murdered a Dalit man in Uttar Pradesh over Drone chor rumors

We use cookies to give you the best possible experience. Learn more