കൊല്‍ക്കത്ത: പശുക്കളെ മോഷ്ടിച്ചെന്ന സംശയത്തെ തുടര്‍ന്ന് പശ്ചിമ ബംഗാളില്‍ അഞ്ച് പേരെ ആള്‍ക്കൂട്ടം ആക്രമിച്ചു. ആക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെടുകയും മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തതായി റിപ്പോര്‍ട്ട്.
ഡാര്‍ജിലിങ് ജില്ലയിലെ സിലിഗുരിക്ക് സമീപം മാട്ടിഗാര-ബാഗ്ഡോഗ്ര മേഖലയില്‍ ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം.
മാട്ടിഗാര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ താരബാരി മേഖലയിലൂടെ പുലര്‍ച്ചെ രണ്ടരയോടെ കാറിലും പിക്കപ്പ് വാനിലുമായി എത്തിയ അഞ്ച് പേരെയാണ് പ്രദേശവാസികള്‍ തടഞ്ഞത്.
പ്രദേശത്ത് അടുത്തിടെ കന്നുകാലി മോഷണവുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ ഉണ്ടായിരുന്നുവെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ കന്നുകാലി മോഷ്ടിക്കാന്‍ എത്തിയവരാണെന്ന് സംശയിച്ചാണ് നാട്ടുകാര്‍ വാഹനങ്ങള്‍ തടഞ്ഞതെന്നും പൊലീസ് പറഞ്ഞു.
തുടര്‍ന്ന് സംഘം സഞ്ചരിച്ച വാഹനങ്ങള്‍ പിന്തുടര്‍ന്നെത്തിയ ആള്‍ക്കൂട്ടം യാത്രക്കാരെ മര്‍ദിക്കുകയായിരുന്നു. പിക്കപ്പ് വാന്‍ കത്തിക്കുകയും കാര്‍ തകര്‍ക്കുകയും ചെയ്തു. ആക്രമണത്തില്‍ ചോപ്ര സ്വദേശിയായ ഷാഹിദ് അക്തര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു.
ഹരിയാന സ്വദേശിയായ സജ്ജാദ് മുഹമ്മദ് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിന്നീട് മരിച്ചു. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
ഇവരെ നോര്‍ത്ത് ബംഗാള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവസ്ഥലത്തെത്തിയ പൊലീസ് സംഘമാണ് ഇവരെ ആള്‍ക്കൂട്ടത്തില്‍നിന്ന് രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്.
സംഭവത്തിന് പിന്നാലെ പ്രദേശത്ത് സംഘര്‍ഷാവസ്ഥ രൂപപ്പെട്ടു. വാഹനങ്ങള്‍ തകര്‍ക്കുകയും കത്തിക്കുകയും ചെയ്തതായും പൊലീസ് അറിയിച്ചു.
സംഭവത്തില്‍ നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ആക്രമണത്തില്‍ പങ്കെടുത്തതായി സംശയിക്കുന്ന മറ്റുള്ളവരെ കണ്ടെത്തുന്നതിനായി അന്വേഷണം തുടരുകയാണ്.
സംഭവത്തിന്റെ യഥാര്‍ഥ കാരണം കണ്ടെത്തുന്നതിനും ആക്രമണത്തില്‍ പങ്കെടുത്ത എല്ലാവരെയും തിരിച്ചറിയുന്നതിനുമായി അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
Content Highlights: Mob attack over alleged cattle smuggling: Two killed, three critically injured in Bengal.