കോഴിക്കോട്: ഒമര്‍ ലുലുവിന്റെ പുതിയ സിനിമയായ ഒരു അഡാറ് ലവിലെ ഗാനത്തിനെതിരായ മതമൗലികവാദികളുടെ ആക്രമണം ഞെട്ടിക്കുന്നതെന്ന് എഴുത്തുകാരന്‍ എം.എന്‍ കാരശ്ശേരി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് കാരശ്ശേരിയുടെ പ്രതികരണം.
” മാണിക്യ മലരായ പൂവി എന്ന ഗാനം പ്രവാചകനായ മുഹമ്മദിന്റെയും ഖദീജാ ബീവിയുടെയും പ്രണയവും വിവാഹവുമാണ് ആവിഷ്‌കരിക്കുന്നത്. എന്നാല്‍ ഇസ്‌ലാം മത വികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ചില മതമൗലികവാദികള്‍ ഗാനത്തിനെതിരെ പ്രതിഷേധിക്കുന്നുവെന്നത് ഞെട്ടലുളവാക്കുന്നു.”
എല്ലാ മതമൗലികവാദികളും പ്രത്യേകിച്ച് മുസ്‌ലിം മതമൗലികവാദികള്‍ എല്ലാത്തരം കലകളേയും വെറുക്കുന്നവരാണ്. കലകള്‍ മനുഷ്യന് ആനന്ദം നല്‍കുന്നത് അവര്‍ അനുവദിക്കില്ലെന്നും കാരശ്ശേരി കൂട്ടിച്ചേര്‍ത്തു.
മതമൗലികവാദത്തേയും പൗരോഹിത്യത്തേയും പ്രതിരോധിക്കാന്‍ ഏറ്റവും ശക്തമായ മാര്‍ഗമാണ് കലാരൂപങ്ങളെന്നും കാരശ്ശേരി വ്യക്തമാക്കി.
നേരത്തെ ചിത്രത്തിലെ ഗാനം മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് സംവിധായകന്‍ ഒമര്‍ ലുലുവിനെതിരെ ഹൈദരാബാദ് പൊലീസ് കേസെടുത്തിരുന്നു. മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിലാണ് കേസ്.
സെക്ഷന്‍ 295 എ പ്രകാരം ഫലക്നുമ പൊലീസാണ് ഒമറിനെതിരെ കേസെടുത്തിരിക്കുന്നത്. മുഹമ്മദ് അബ്ദുള്‍ മുഖീത് ഖാന്‍ എന്നയാളും അദ്ദേഹത്തിന്റെ ചില സുഹൃത്തുക്കളുമാണ് പരാതി നല്‍കിയതെന്ന് ഹൈദരാബാദ് ഡെപ്യൂട്ടി കമ്മീഷണര്‍ വി. സത്യനാരായണ പറഞ്ഞു.
പരാതി പൊലീസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും ഉചിതമായ നടപടി എടുക്കുമെന്നും ഡി.സി.പി വ്യക്തമാക്കി. അതേസമയം മാണിക്യമലരായ പൂവിയെന്ന ഗാനം പ്രദര്‍ശിപ്പിക്കുന്നത് വിലക്കണമെന്നും ഇവര്‍ പരാതിയില്‍ പറയുന്നുണ്ട്.
പ്രവാചകന്‍ മുഹമ്മദ് നബിയേയും അദ്ദേഹത്തിന്റെ ഭാര്യ ഖദീജബീവിയേയും അപമാനിക്കുന്ന വരികളാണ് പാട്ടിലേതെന്ന് ഇവര്‍ പരാതിയില്‍ പറയുന്നു.
മലയാളത്തിലെ വരികള്‍ മനസ്സിലാക്കിയിരുന്നില്ലെന്നും പിന്നീട് പരിഭാഷപ്പെടുത്തിയപ്പോഴാണ് പ്രവാചകന്റെ ഭാര്യയെക്കുറിച്ചുള്ള പരാമര്‍ശം മുസ്ലീം വികാരത്തെ വ്രണപ്പെടുത്തിയതാണെന്ന് മനസിലായതെന്ന് ഇവര്‍ പരാതിയില്‍ ചൂണ്ടിക്കാട്ടി. യഥാര്‍ത്ഥ ഗാനവും അതിന്റെ ഇംഗ്ലീഷ് പരിഭാഷയും പരാതിക്കൊപ്പം ഇവര്‍ നല്‍കിയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.