| Wednesday, 13th May 2026, 4:02 pm

ഒറ്റ നോട്ടം കൊണ്ട് കളിക്കാരുടെ കാലിൽ തീ പകർന്ന ടുട്ടു ബോസ് ഇനി അനശ്വരരുടെ ഗ്യാലറിപ്പടവിൽ; Rest In Football ടുട്ടുദാ

എം.എം.ജാഫർ ഖാൻ

കൊൽക്കത്ത മൈതാൻ അപൂർവ്വ ജനുസ്സിൽ പെട്ട ചില ക്ലബ് ഭാരവാഹികൾക്ക് ജന്മം നൽകാറുണ്ട്. സർവവും തങ്ങളുടെ പ്രിയ ക്ലബിന് സമർപ്പിക്കുന്നവർ.

ഗ്യാലറിയുടെ മിടിപ്പ് നിയന്ത്രിക്കാനും ഒറ്റനോട്ടം കൊണ്ട് കളിക്കാരുടെ കാലിൽ തീ പകരാനും സാധിക്കുന്നവർ. ഈസ്റ്റ്‌ ബംഗാളിന് അത് ജ്യോതിഷ് ചന്ദ്രഗുഹയോ മുഹമ്മദൻസിന് സുൽത്താൻ അഹമ്മദോ ഒക്കെയായിരുന്നെങ്കിൽ മോഹൻ ബഗാന്റെ ആ കരുത്ത് സ്വപൻ സധൻ ബോസ് എന്ന ടുട്ടു ബോസ് ആയിരുന്നു.

ഏറെ കാലം ബഗാന്റെ പ്രസിഡന്റായിരുന്ന അദ്ദേഹം ഇന്ന് പുലർച്ചെ ജീവിതത്തിന്റെ കളമൊഴിഞ്ഞു. ഇനി അനശ്വരരുടെ ഗ്യാലറിപ്പടവിൽ.

ക്ലബ്ബിന്റെ സാധാരണ ആരാധകരോട് മുതൽ സൂപ്പർ താരങ്ങളോട് വരെ ബോസിനുണ്ടായിരുന്ന ബന്ധം ഏറെ ആത്മാർത്ഥമായിരുന്നു. അലക്കുകാരനെ ശാസിച്ച ടോപ് സ്‌കോററെ അലക്കാൻ പഠിപ്പിച്ച ചരിത്രവും ഈ ഹൗറക്കാരന്റേതായുണ്ട്. അങ്ങനെയാണ് ബോസ് എല്ലാവരുടെയും “ടുട്ടുദാ” ആയി മാറുന്നത്. ആ വിളിപ്പേരിൽ തന്നെ ജനങ്ങളുടെ സ്നേഹവും ആദരവും തെളിഞ്ഞുകാണാം.

ഈസ്റ്റ് ബംഗാൾ – മോഹൻ ബഗാൻ മഹാ ഡെർബിക്ക് എന്നും ആവേശത്തിന്റെ മേളം കൊട്ടിത്തുടങ്ങുന്നത് ബോസായിരുന്നു. ഡെർബിക്ക് മുമ്പ് അദ്ദേഹത്തിൽ നിന്നുള്ള ഒരു പരാമർശം പോലും ആരാധകരുടെ രക്തത്തിൽ തീ പടർത്തി. ആത്മവിശ്വാസം നിറഞ്ഞ വാക്കുകൾ നൽകി കളിക്കാരെ അമാനുഷരാക്കി.

1980-90 കാലത്ത് ഈസ്റ്റ് ബംഗാൾ ആരാധകർക്ക് ഭയം മോഹൻ ബഗാൻ കളിക്കാരെയായിരുന്നില്ല, ബോസിനെയായിരുന്നു. ജയിക്കാൻ അയാൾ എന്തും ചെയ്യും, എന്തും!

ഫുട്ബോൾ വെറും മൈതാനത്ത് കളിക്കുന്ന ഒരു കളിയല്ലെന്നും അതൊരു മാനസിക പോരാട്ടം കൂടിയാണെന്നും ദൂരദർശിയായ ആ മനുഷ്യൻ മനസ്സിലാക്കി. വലിയ മത്സരങ്ങൾക്ക് മുമ്പ് ആരാധകരുടെ ഉള്ളിൽ ആവേശ തീ കത്തിക്കാനായാൽ പകുതി പോരാട്ടം ജയിച്ചതുപോലെയെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു.

പുതിയ കാലത്തെ മാർക്കറ്റിങ്, സോഷ്യൽ മീഡിയ ‘കളി’ അല്ലാട്ടോ, ക്ലബ്ബിനൊപ്പം നിൽക്കുന്ന എല്ലാവരെയും ചേർത്തുപിടിച്ചുള്ള അറ്റാക്കിങ്.

പണമെറിഞ്ഞു ഫുട്ബോൾ താരങ്ങളെ വാങ്ങുകയായിരുന്നില്ല ബോസ് ചെയ്തത്, സ്വപ്നങ്ങളെ സ്വന്തമാക്കുകയായിരുന്നു. ആ സ്വപ്നങ്ങൾ ആയിരക്കണക്കിന് മോഹൻ ബഗാൻ ആരാധകരുടെ മനസ്സിലേക്ക് പകർന്നു നൽകി.

ഇന്ത്യക്കാരെ മാത്രമേ കളിപ്പിക്കൂ എന്ന ഒരു നൂറ്റാണ്ടു പഴക്കമുള്ള ബഗാന്റെ ‘പ്രതിജ്ഞ’ നൈജീരിയക്കാരൻ ചീമ ഒകെരിയെ ടീമിലെത്തിച്ചുകൊണ്ട് ‘ലംഘിച്ചത് ‘ ബോസാണ്.

ആനയെ കൊണ്ട് വലിപ്പിച്ചാലും ഈസ്റ്റ്‌ ബംഗാളിൽ നിന്ന് പിടിവിടാൻ തയ്യാറാവാതെ നിന്ന മനോരഞ്ജൻ ഭട്ടാചാര്യയെ രണ്ട് മിനിറ്റ് തോളിൽ കൈയ്യിട്ട് സംസാരിച്ച് ബഗാൻ ടെന്റിലേക്ക് കൊണ്ടുപോയി സൈൻ ചെയ്യിപ്പിച്ചത് മറ്റൊരു ബോസ് മാജിക്.

ക്ലബ്ബിന്റെ പ്രതിസന്ധികളിൽ സ്വന്തം പണം ഒരു മടിയില്ലാതെ ചെലവഴിച്ചു. കോടികളുടെ പിഴത്തുക സ്വന്തം വീട്ടിൽ നിന്ന് നൽകി. സാമ്പത്തിക പ്രതിസന്ധി നേരിട്ടപ്പോഴൊക്കെയും ബോസ് ബോസായി മുന്നോട്ടുവന്നു.

ഇതിഹാസ താരം കണ്ണനുവേണ്ടി ധനസഹായം നൽകിയതും അദ്ദേഹം തന്നെ. സുഹൃത്തായ അഞ്ജൻ മിത്രയോടൊപ്പമുള്ള ബോസിന്റെ കൂട്ടുകെട്ട് ബാഗാന് നിറമുള്ള കാലങ്ങൾ കൊണ്ടുവന്നു. ഇരുവരുടെയും ആദ്യ പ്രണയം പച്ചയും മെറൂണുമായിരുന്നല്ലോ.

ജ്യോതി ബസുവിന്റെ പ്രിയങ്കരനായിരുന്ന ബോസ് 2000ൽ തൃണമൂലിലേക്ക് കളംമാറി രാജ്യസഭയിലെത്തി. കല, സാഹിത്യം, സിനിമ, മാധ്യമം തുടങ്ങിയ എല്ലാ മേഖലകളിലും ഇറങ്ങിക്കളിച്ചു, ഗോളുകളടിച്ചു.

മമത ബാനർജിക്കൊപ്പം

അദ്ദേഹത്തിന്റെ ആത്മകഥ — “ശൂന്യതയിൽ നിന്നുള്ള തുടക്കം” — ഈ മൂന്ന് വാക്കുകൾക്കുള്ളിൽ തന്നെ ആ പോരാളിയുടെ ജീവിതകാവ്യം ഒളിഞ്ഞിരിപ്പുണ്ട്. കഠിനമായ വഴികളിലും അദ്ദേഹം പൂക്കൾ വിതറി നടന്നു.

ശൂന്യമായ കൈകളോടെയാണ് അദ്ദേഹം ജീവിതയാത്ര തുടങ്ങുന്നത്. അദമ്യമായ ഇച്ഛാശക്തിയും ധൈര്യവും കഠിനാധ്വാനവും കൂട്ടാക്കി ഉയരങ്ങളിലേക്ക് പറന്നു. അപ്പോഴും ഹൃദയത്തിനുള്ളിൽ മൈതാനത്തിന്റെ പച്ചപ്പും ഒരു മോഹൻ ബഗാൻ ആരാധകന്റെ ആവേശവും കരുതിവെച്ചു.

മെയ്‌ 17ന് വീണ്ടുമൊരു ആവേശത്തിന്റെ കൊൽക്കത്ത ഡെർബി. ഇന്ത്യൻ സൂപ്പർ ലീഗിലെ ജേതാവിനെ തീരുമാനിക്കുന്ന പോര്. കളിക്കാരെ ഉത്തേജിപ്പിച്ച ബോസിന്റെ കഥകൾ വീണ്ടും ഓർമകളിൽ തിരികെയെത്തുന്നു.

മനുഷ്യർ മരിക്കും, പക്ഷേ കഥകൾക്ക് മരണമില്ലല്ലോ!

Content Highlight: MM Jaffer Khan writes about Tuttu Bose

എം.എം.ജാഫർ ഖാൻ

We use cookies to give you the best possible experience. Learn more