| Thursday, 10th September 2026, 2:15 pm

ബ്രസീലുകാരെ വിസ്മയിപ്പിച്ച ആ ഗോളി ഇന്നെവിടെ?

എം.എം.ജാഫർ ഖാൻ

ബ്രസീലിയന്‍ ഫുട്‌ബോള്‍ ടീം ഒക്ടോബര്‍ മൂന്നിന് കൊല്‍ക്കത്തയില്‍ ഇന്ത്യയെ നേരിടാനിറങ്ങുമ്പോള്‍, ആതിഥേയരുടെ ഗോള്‍വല കാക്കാന്‍ മോഹങ്ങളും മോഹഭംഗങ്ങളും പ്രതിഷേധവും ചേര്‍ത്തുവെച്ച് ഞാനൊരാളെ നിര്‍ത്തുന്നു. അയാള്‍ ആരെന്നറിയാന്‍ 12 വര്‍ഷം ആഴത്തില്‍ മുങ്ങണം.

കൃത്യം തീയതി 2014 ഒക്ടോബര്‍ 20. ന്യൂദല്‍ഹിയിലെ അംബേദ്കര്‍ സ്‌റ്റേഡിയത്തില്‍ സുബ്രതോ കപ്പിന്റെ ഫൈനല്‍ മത്സരം നടക്കുന്നു. ഒരുവശത്ത് കാല്‍പന്തിന്റെ ആത്മാവ് പേറുന്ന ബ്രസീലില്‍ നിന്നുള്ള കൊളേജിയോ എസ്റ്റാഡുല്‍ സാന്റോ അന്റോണിയോ. മറുവശത്ത് മലബാറിന്റെ മണ്ണ് കാലില്‍ പുരട്ടിയ മലപ്പുറം എം.എസ്.പി സ്‌കൂള്‍.

സുബ്രതോ കപ്പ്

ലോകഫുട്‌ബോളിന്റെ മഹാപാരമ്പര്യത്തില്‍ നിന്ന് പറന്നെത്തിയ ബ്രസീലിയന്‍ കരുത്തിനോട് പരിമിതികളുടെ വേലിക്കെട്ടുകള്‍ക്കുള്ളില്‍ നിന്ന് ആകാശം തേടുന്ന മലബാറിന്റെ മക്കള്‍ പോരാടുന്നു.

ഫൈനല്‍ വരെ ബ്രസീലിയന്‍ കുട്ടികള്‍ നടത്തിയത് ഭയപ്പെടുത്തുന്ന പ്രകടനമാണ്. ഗ്രൂപ്പ് ഘട്ടത്തിലും നോക്കൗട്ടിലും അവര്‍ 15-0, 15-1, 8-0 എന്നിങ്ങനെ വമ്പന്‍ വിജയങ്ങള്‍ നേടി എതിരാളികളെ പരിഹസിച്ചു. അതുകൊണ്ട് തന്നെ ഫൈനലിലും അവരുടെ വിജയം അര ഡസണ്‍ ഗോളില്‍ താഴേക്ക് വരില്ലെന്ന് എല്ലാവരും ഉറപ്പിച്ചു.

പക്ഷേ അന്ന് അംബേദ്കര്‍ സ്‌റ്റേഡിയത്തില്‍ എഴുതപ്പെട്ടത് മറ്റൊരു വീരഗാഥ. ബ്രസീല്‍ പന്ത് സ്വന്തമാക്കിയാല്‍ മലപ്പുറം തിരിച്ചുപിടിക്കും. ഇങ്ങോട്ട് വന്ന ആക്രമണങ്ങള്‍ക്ക് തൊട്ടടുത്ത നിമിഷം അതേ വേഗത്തില്‍ മറുപടി.

എം.എസ്.പി സ്‌കൂള്‍ മലപ്പുറം

മലപ്പുറത്തിന്റെ ഗോള്‍വലയ്ക്ക് മുന്നില്‍ ഒരു പതിനാറുകാരന്‍ അചഞ്ചലനായി നിന്നു. ആറടി രണ്ടിഞ്ച് ഉയരത്തില്‍ ഒരു കൗമാരക്കാരന്‍ സുജിത് എം. എസ്. ഈ പോരാട്ടത്തില്‍ അവന്‍ ഒരു കുട്ടിയായിരുന്നില്ല, മറിച്ച് സ്വന്തം ടീമിന്റെ സ്വപ്നങ്ങള്‍ക്കുചുറ്റും പടുത്തുയര്‍ത്തിയ കോട്ടയായിരുന്നു.

ബ്രസീലിന്റെ ഓരോ ആക്രമണവും ആ കോട്ടവാതിലില്‍ വന്നുമുട്ടി. പക്ഷെ സുജിത്തിന്റെ കൈകള്‍ അന്ന് കൈയ്യുറ ധരിച്ച രണ്ട് തടയണകളായിരുന്നു. നിശ്ചിതസമയത്ത് മാത്രം വ്യക്തമായ പത്ത് ഗോളവസരങ്ങള്‍ അവന്‍ തടുത്തിട്ടു.

സുജിത് എം.എസ്. (പില്‍ക്കാലത്ത് കേരള ബ്ലാസ്റ്റേഴ്‌സില്‍ കളിക്കവെ)

മാഹിന്‍ ഹുസൈന്‍, ഗനി അഹമ്മദ് നിഗം എന്നിവര്‍ ഗോള്‍ നേടിയ മത്സരം അവസാനിക്കാന്‍ സെക്കന്‍ഡുകള്‍ മാത്രം ബാക്കി. മലപ്പുറം 2-1ന് മുന്നില്‍. ട്രോഫി കേരളത്തിലേക്കെന്ന് ഉറപ്പിച്ച നിമിഷം. പക്ഷെ, ഫുട്‌ബോളില്‍ അവസാന വിസില്‍ വരെ എന്തും സംഭവിക്കാംമെന്നതിനെ അടിവരയിട്ട ജോസ് റിക്കാര്‍ഡോയുടെ ഗോള്‍! സ്‌കോര്‍ 2-2.

പിന്നാലെ ഷൂട്ട്ഔട്ട്. നാഡികള്‍ വലിഞ്ഞുമുറുകിയ നിമിഷങ്ങള്‍. അവസാനം ബ്രസീല്‍ 5-4ന് വിജയിച്ചു. മലപ്പുറത്തിന്റെ കൈകളില്‍ നിന്ന് കിരീടം വഴുതി. ബ്രസീലിയന്‍ കുട്ടികള്‍ കപ്പുയര്‍ത്തി.

ബ്രസീലിയന്‍ ടീം കിരീടവുമായി

ഇന്ത്യന്‍ ഫുട്‌ബോളിന്റെ ചരിത്രത്തില്‍ ആ പോരാട്ടം സ്വര്‍ണപ്പേജായി മാറി. കാര്യമായ ഒരു പിന്തുണയും ഇല്ലാതെ ഫുട്‌ബോള്‍ കളിച്ചുകൊണ്ടിരിക്കുന്ന നമ്മുടെ സ്‌കൂള്‍ കുട്ടികള്‍ ‘ഞങ്ങള്‍ക്കും ലോകത്തെ ഏത് വമ്പനെയും നേരിടാന്‍ പറ്റുമെന്ന്’ പ്രഖ്യാപിച്ച ദിവസമാണത്.

മത്സരം കഴിഞ്ഞപ്പോള്‍ ബ്രസീല്‍ ക്യാമ്പില്‍ നിന്നെത്തിയ അഭിനന്ദങ്ങള്‍ ഏറെ ഹൃദ്യമായി. സുജിത്തിന്റെ അടുത്തെത്തിയ ബ്രസീല്‍ കോച്ച് അവനെ ചേര്‍ത്തുപിടിച്ചു. ബ്രസീല്‍ ഗോളി ബൂട്ടും ഗ്ലൗസും സുജിത്തിന് സമ്മാനിച്ചു. ഒരു പ്രതിഭക്ക് മറ്റൊരു ഫുട്‌ബോള്‍ സംസ്‌കാരം ആദരവ് നല്‍കിയ സാമ്മോഹന നിമിഷം.

രണ്ടാം സ്ഥാനം നേടിയ എം എസ് പി ടീമിന് മലപ്പുറത്ത് നൽകിയ സ്വീകരണം

ഇനിയാണ് യഥാര്‍ത്ഥ ചോദ്യം. അന്ന് ബ്രസീലിനെ വിറപ്പിച്ച ആ 16കാരന്‍ ഇന്ന് എവിടെയാണ്? ഏതാനും വര്‍ഷം വിവിധ ക്ലബുകളുടെ ജൂനിയര്‍ ടീമുകള്‍ക്കൊപ്പം അവനെ കണ്ടിരുന്നു. സുജിത്ത് മറുപടി നല്‍കേണ്ട ചോദ്യമല്ലിത്. ഇന്ത്യന്‍ ഫുട്‌ബോള്‍ സംവിധാനങ്ങളില്‍ നിന്നു വേണം ഉത്തരം.

സുജിത് എം.എസ്.

ഒരു സ്‌കൂള്‍ ടൂര്‍ണമെന്റില്‍ നിന്ന് ഒരു അസാധാരണ പ്രതിഭയെ കണ്ടെത്താന്‍ നമുക്ക് കഴിയും. ഒരു മത്സരത്തില്‍ അവന് ലോകനിലവാരമുള്ള എതിരാളിയുടെ മുന്നില്‍ മികവ് തെളിയിക്കാനുമാവും.

എന്നാല്‍ അതിനുശേഷം?

ആ പ്രതിഭയെ നാം എങ്ങനെ പരിശീലിപ്പിച്ചു? എങ്ങനെ ഉയര്‍ന്ന നിലവാരത്തിലേക്ക് എത്തിക്കാന്‍ ശ്രമിച്ചു? അവന്റെ കരിയറിന് വഴികാട്ടിയോ?

ഇന്ത്യന്‍ ഫുട്‌ബോള്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി പ്രതിഭകളില്ലാത്തതല്ല. കണ്ടെത്തിയ പ്രതിഭകളെ വളര്‍ത്തിയെടുക്കാന്‍ സംവിധാനങ്ങളില്ലാത്തതാണ്.

പ്രതിഭകളെ കണ്ടെത്താന്‍ സ്‌കൗട്ടിങ് സംവിധാനം വേണം. വളര്‍ത്തിയെടുക്കാന്‍ ദീര്‍ഘകാല പദ്ധതികള്‍ വേണം. യോഗ്യരായ പരിശീലകരും സ്‌പോര്‍ട്‌സ് സയന്‍സും പോഷകാഹാരവും മാനസിക പിന്തുണയും മത്സരപരിചയവും വേണം.

ഏറ്റവും പ്രധാനമായി ഒരു കുട്ടിയുടെ പ്രതിഭ 22ാം വയസ്സിലെങ്കിലും കരിയറായി മാറുന്ന സംവിധാനം ഉണ്ടാകണം.

2014 ല്‍ ബ്രസീലിന്റെ മുന്നില്‍ സുജിത്ത് നിന്നത് ഇന്ത്യന്‍ ഫുട്‌ബോളിന്റെ പ്രതിഭയുടെ തെളിവായിരുന്നു. ഇന്ന് സുജിത്തിന്റെ കഥ നമ്മോട് ഒരു ചോദ്യം എറിയുന്നുണ്ട്.
നമ്മള്‍ ആ കഴിവിന് നേര്‍പാത കാണിച്ചോ?

ഇന്ത്യന്‍ ഫുട്‌ബോളിന്റെ വളര്‍ച്ചക്കായി നയം രൂപീകരിക്കുമ്പോള്‍ ഇത്തരം ചോദ്യങ്ങള്‍ക്കാണ് ഉത്തരം ഉണ്ടാവേണ്ടത്. കാരണം, പ്രതിഭയെ കണ്ടെത്തലല്ല, അത് നഷ്ടപ്പെടാതെ സംരക്ഷിച്ചു വളര്‍ത്തിയെടുക്കുന്നതാണ് ഒരു രാജ്യത്തിന്റെ നേട്ടം, വിജയം.

Content Highlight: MM Jaffer Khan writes about Sujith MS

എം.എം.ജാഫർ ഖാൻ

We use cookies to give you the best possible experience. Learn more