| Saturday, 7th June 2025, 2:23 pm

സയണിസം കൊന്ന രാജ്യത്ത് നിന്നൊരു ഫുട്‌ബോള്‍ ടീം ഉണ്ടാവുന്നത് എങ്ങനെ? ഏത് മന്ത്രമോതിയാണ് അവര്‍ ജയിക്കുന്നത്?

എം.എം.ജാഫർ ഖാൻ

ഫുട്‌ബോള്‍ ഒരു വെറും കളിയല്ല, അത് ജീവിതത്തിനും മരണത്തിനുമപ്പുറമാണ്,’ – സോഷ്യലിസ്റ്റായിരുന്ന ലിവര്‍പൂള്‍ മാനേജര്‍ ബില്‍ ഷാങ്ക്ളിയുടെ വാക്കുകളാണിത്. ‘കൂട്ടായ പരിശ്രമവും ഒന്നിച്ചുള്ള വിജയവും’ എന്നതായിരുന്നു അദ്ദേഹത്തിന്റെ മുദ്രാവാക്യം. ലിവര്‍പൂളിനെ ചെങ്കുപ്പായം അണിയിക്കുന്നതും സ്‌കോട്ട്‌ലന്‍ഡുകാരനായ ഈ മനുഷ്യനാണ്. അദ്ദേഹം 1981ല്‍ മരിച്ചുപോയി.

ഉള്ളില്‍ ‘തീയില്ലാത്ത’ പതിനൊന്നു മറഡോണമാര്‍ക്ക് പകരം, ബ്യൂണസ് ഐറിസ് തുറമുഖത്ത് ഭക്ഷണം പങ്കുവെച്ച് കഴിക്കുന്ന 11 മനുഷ്യരെ തന്നാല്‍ ഫുട്‌ബോളിലെ ഏത് കപ്പും ജയിക്കാനാവുമെന്ന് തറപ്പിച്ചു പറഞ്ഞത് അര്‍ജന്റിനയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗവും പരിശീലകനുമായിരുന്ന സീസര്‍ ലൂയിസ് മെനോട്ടിയാണ്. 1978 ല്‍ അര്‍ജന്റീനയെ ആദ്യ ലോകകപ്പ് വിജയത്തിലേക്ക് നയിച്ച മെനോട്ടി കഴിഞ്ഞ വര്‍ഷമാണ് അന്തരിച്ചത്.

ബില്‍ ഷാങ്ക്‌ളി | സീസര്‍ ലൂയീസ് മെനോട്ടി

ഇരുവരും വീണ്ടും ഹൃദയത്തിലേക്ക് ഗോളടിച്ചത് കഴിഞ്ഞ ദിവസം നട്ടപ്പാതിരക്ക് കുവൈത്ത്-ഫലസ്തീന്‍ 2026 ലോകകപ്പ് യോഗ്യതാ മത്സരം കാണുമ്പോള്‍. ഒപ്പം ഫലസ്തീന്‍ ദേശീയ കവി മഹമൂദ് ദര്‍വശ് എഴുതിയ ഒരു കവിതയും തേങ്ങലോടെ ചുറ്റിപ്പിടിച്ചു.

അതിങ്ങനെയാണ്.

തിന്നാന്‍ ഗോതമ്പും കുടിക്കാന്‍ വെള്ളവും നമുക്ക് കിട്ടുന്നില്ലെങ്കില്‍ സ്‌നേഹം തിന്നുകയും കണ്ണീര്‍ കുടിക്കുകയും ചെയ്യുക.

നാട് കടത്തിയാലും ഞങ്ങളിവിടന്ന് പോവുകയില്ല, വെടിയുണ്ടകള്‍ക്ക് ഞങ്ങളുടെ വഴികളില്‍ തുളകള്‍ വീഴ്ത്താന്‍ ഒരിക്കലും കഴിയില്ല, അവസാനത്തെ അതിര്‍ത്തിയും മുറിച്ചുകടന്ന് ഞങ്ങള്‍ എങ്ങോട്ട് പോവാനാണ്. ആകാശത്തിനുമപ്പുറത്തേക്ക് പക്ഷികള്‍ എങ്ങോട്ട് പറക്കാനാണ്…

കുവൈത്ത് ആര്‍ദിയയിലെ ജാബിര്‍ അല്‍ അഹമ്മദ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലായിരുന്നു ആ മത്സരം. ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ സ്‌കോര്‍ ബോര്‍ഡില്‍ തെളിഞ്ഞത് അമ്പരപ്പോടെ കണ്ടു. കുവൈത്ത്: 0 ഫലസ്തീന്‍: 2. ഒന്നുകൂടെ നോക്കി. ഇല്ല, തെറ്റിയിട്ടില്ല.

ലോകത്തെ ഏറ്റവും മൂല്യമുള്ള കറന്‍സി കുവൈത്തിന്റേതാണ്. സൗകര്യങ്ങളുടെ പട്ടുമെത്തയിലാണ് ആ രാജ്യം ഉറങ്ങുന്നത്.

ഫലസ്തീനോ? അങ്ങനെയൊരു രാജ്യം ഇന്നുണ്ടോ? അവര്‍ക്ക് അംഗീകൃത പതാകയില്ല. ലീഗ് ഫുട്‌ബോളില്ല, ഫണ്ടില്ല, വെള്ളവും വെളിച്ചവും പോലുമില്ല.

കഴിഞ്ഞ 75 വര്‍ഷമായി പോരാട്ടത്തിലാണ് ആ നാട്. സ്വന്തം മണ്ണില്‍ ജീവിക്കാന്‍. അതിനിടെ സയണിസം കൊന്നൊടുക്കിയത് അവിടത്തെ ലക്ഷക്കണക്കിന് മനുഷ്യരെ. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ മാത്രം അരലക്ഷത്തിലധികം മനുഷ്യര്‍ അവിടെ മരിച്ചുവീണു.

മാത്രമോ? 360 ഓളം ഫലസ്തീന്‍ ഫുട്‌ബോള്‍ താരങ്ങളെയാണ് സയണിസം കൊന്നത്. റഫയിലും ഗസയിലുമെല്ലാം ഉണ്ടായിരുന്ന ഫുട്‌ബോള്‍ സ്റ്റേഡിയങ്ങള്‍ ഇന്ന് ജയിലുകളാണ്.

അങ്ങനെയൊരു രാജ്യത്ത് നിന്ന് ഒരു ഫുട്‌ബോള്‍ ടീം ഉണ്ടാവുന്നത് എങ്ങനെയാണ്? അവര്‍ ജയിക്കുന്നത് ഏത് മന്ത്രമോതിയാണ്?

2026 ലോകകപ്പിനുള്ള ഏഷ്യന്‍ യോഗ്യതാ മത്സരങ്ങള്‍ അവസാന ഘട്ടത്തില്‍ എത്തുമ്പോഴും ഫലസ്തീന്‍ ‘ജീവനോടെയുണ്ട്’ എന്നത് അത്ഭുതപ്പെടുത്തുന്നു. അന്‍പതോളം രാജ്യങ്ങളാണ് ഏഷ്യയില്‍ നിന്ന് ലോകകപ്പ് സ്‌പോട്ടിനായി മത്സരിച്ചത്. എട്ട് ടീമുകള്‍ക്ക് നേരിട്ടും ഒരു ടീമിന് പ്ലേ ഓഫ് വഴിയും യോഗ്യത നേടാം.

ഇതുവരെ ചീട്ടുറപ്പിച്ചത് ഇറാന്‍, ജപ്പാന്‍, ദക്ഷിണ കൊറിയ, ജോര്‍ദാന്‍, ഉസ്ബക്കിസ്ഥാന്‍ ടീമുകള്‍. ബാക്കിയുള്ള നാല് സ്ഥാനത്തിനായി യു.എ.ഇ, ഖത്തര്‍, ഇറാഖ്, ഒമാന്‍, ഓസ്‌ട്രേലിയ, സൗദി അറേബ്യ, ഇന്തോനേഷ്യ ടീമുകള്‍ക്കൊപ്പം ഫലസ്തീനും പോരാടാനുറച്ച് കളത്തില്‍ തുടരുന്നു. ചൊവ്വാഴ്ച ഒമാനെ തോല്‍പ്പിക്കാന്‍ കഴിഞ്ഞാല്‍ ഫലസ്തീന്‍ വിശ്വപോരാട്ട വേദിയിലേക്ക് ഒരു ചുവട് കൂടി അടുക്കും.

ലോക ജനസംഖ്യയുടെ പകുതിയും ജീവിക്കുന്ന ഇന്ത്യയും ചൈനയും പുറത്തായിക്കഴിഞ്ഞ അങ്കത്തട്ടിലാണ് ‘മണ്ണും മനുഷ്യരുമില്ലാതാവുന്ന’ ഒരു സാങ്കല്‍പ്പിക നാട് വീറോടെ പൊരുതുന്നത്.

ഫുട്ബോള്‍ ഏതു നാടകത്തെയും വെല്ലുന്ന നാടകമാണെന്നും ഏതു ജീവിതത്തെയും നിസ്സാരമാക്കുന്ന ജീവിതപാഠമാണെന്നും ഫലസ്തീന്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

The Israeli forces try to kill our dreams, but we will not let them stand in our way. We can never stop dreaming.’

-Palestine midfielder Mohammed Rashid

Content Highlight: MM Jaffer Khan writes about Palestine’s performance in FIFA World Cup Qualifiers

എം.എം.ജാഫർ ഖാൻ

We use cookies to give you the best possible experience. Learn more