കെ.എ. ആന്‍സണ്‍ എന്ന ഫുട്‌ബോളര്‍ പോലീസ് ഇന്ന് സര്‍വീസില്‍ നിന്ന് വിരമിക്കുന്നു. എത്ര വേഗത്തിലാണ് കാലത്തിന്റെ പാച്ചില്‍. ഇന്നും ഒരു 27കാരനായി ആന്‍സണ്‍ ഉള്ളിന്റെയുള്ളില്‍ പന്തടിക്കുന്നുണ്ട്.
ഇന്ത്യന്‍ ടീമിലും കേരള പോലീസിലും എഫ്.സി കൊച്ചിനിലുമെല്ലാം ഈ നീളക്കാരന്‍ വാശിയോടെ കളിക്കുന്നത് കണ്ടു. കളത്തില്‍ ഒരു പടക്കുതിരയെ ഓര്‍മിപ്പിച്ചിരുന്നു ഈ എറണാകുളംകാരന്‍. തലയുയര്‍ത്തിയുള്ള വേഗതയാര്‍ന്ന നീക്കങ്ങള്‍ ആന്‍സണെ മൈതാനത്ത് വേറിട്ടു നിര്‍ത്തി.
എതിരാളികള്‍ വട്ടമിട്ടു നിന്നാലും കുതറിത്തെറിക്കുന്ന കരുത്ത്. വേഗതയും ഉയരവുമായിരുന്നു ആന്‍സണിന്റെ ആയുധങ്ങള്‍. ഓവര്‍ലാപ്പ് ചെയ്തു പായുന്ന ആന്‍സണ്‍ 1990കളുടെ രണ്ടാം പകുതിയില്‍ കേരളാ ഫുട്‌ബോളിലെ സ്ഥിരം കാഴ്ചയായിരുന്നു.
ആന്‍സണ്‍ കളത്തില്‍
ഓര്‍മയില്‍ വരുന്നത് 1997ലെ ജബല്‍പൂര്‍ സന്തോഷ് ട്രോഫി. ജിജു ജേക്കബ് നായകനായ കേരളം പുലികളുടെ സംഘമായിരുന്നു. ഫിറോസ് ശരീഫ്, വി.പി. ഷാജി, കെ. വി. ധനേഷ്, കെ.പി. നിസാര്‍, എഡിസണ്‍, സി. ജാബിര്‍, ആന്‍സണ്‍, അജിത് കുമാര്‍, ശിവകുമാര്‍, സുനില്‍, എ.എസ്. ഫിറോസ്, ഷബീര്‍ അലി തുടങ്ങിയ പ്രബലരുടെ കൂട്ടം.
ഗ്രൂപ്പ് റൗണ്ടിലെ ആദ്യ മത്സരത്തില്‍ കേരളം സര്‍വീസസിനോട് സമനിലയില്‍ കുരുങ്ങി. രണ്ടാം അങ്കം കര്‍ണാടകയോട്. ജയിച്ചേ പറ്റൂ. വി.പി. ഷാജിയുടെ ഹാട്രിക്കിനൊപ്പം നിസാറും ആന്‍സണും ഗോള്‍ വര്‍ഷിച്ചപ്പോള്‍ 5-0 ന്റെ വമ്പന്‍ വിജയം. അഞ്ചില്‍ മൂന്ന് ഗോളുകളിലും ആന്‍സണ്‍ ടച്ച്.
എന്നാല്‍ വീണ്ടും പ്രതിസന്ധി. അവസാന മത്സരം ജയിക്കാതെ സെമി ഫൈനല്‍ ബെര്‍ത്ത് ഉറപ്പില്ല. എതിരാളികളോ, ബംഗാളും.
രാമന്‍ വിജയന്‍, ദുലാല്‍ ബിശ്വാസ്, റെനഡി സിങ്, ദീപേന്ദു ബിശ്വാസ്, ബാസുദേവ് മൊണ്ടല്‍, അബ്ദുല്‍ ഖലീക്ക്, രഞ്ജന്‍ ഡേ, ശങ്കര്‍ ലാല്‍ ചക്രവര്‍ത്തി, അമിത് ദാസ്… താരത്തിളക്കത്തില്‍ തുടര്‍ച്ചയായ നാലാം കപ്പ് ലക്ഷ്യമിട്ടാണ് ബംഗാളിന്റെ വരവ്.
ജബല്‍പൂര്‍ രവിശങ്കര്‍ ശുക്ല സ്റ്റേഡിയത്തില്‍ ബംഗാളിന്റെ ഗോളടിയില്‍ കേരളം ഒലിച്ചുപോവുമെന്ന് ഫുട്‌ബോള്‍ വിചക്ഷണന്മാര്‍ വിധിയെഴുതി.
അന്ന് ഇന്ത്യന്‍ ഫുട്‌ബോളില്‍ ഗോള്‍പൂരമൊരുക്കുന്ന കോമരമായിരുന്നു രാമന്‍ വിജയന്‍. അവനാണ് ബംഗാളിന്റെ ആക്രമണം നയിക്കുന്നത്. എന്നാല്‍ കേരള പ്രതിരോധത്തില്‍ ജിജു ജേക്കബും ശിവകുമാറും ഒരുങ്ങിയിറങ്ങിയപ്പോള്‍ രാമന്‍ വിജയന്റെ കാലുകള്‍ക്ക് വാതം പിടിപെട്ടു.
തീപ്പിടിച്ച കളി തൊണ്ണൂറാം മിനിറ്റിലേക്ക്. സ്‌കോര്‍ ബോര്‍ഡ് അപ്പോഴും 0-0. കേരളത്തിന് അനുകൂലമായി കോര്‍ണര്‍ കിക്ക്. പി.എന്‍. മനോജിന്റെ രണ്ടാം പോസ്റ്റിലേക്ക് താഴ്ന്നിറങ്ങിയ കിക്ക് ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് വി.പി. ഷാജി പോസ്റ്റിലേക്ക് തിരിച്ചുവിട്ടു. ബംഗാള്‍ ഗോളി അര്‍പന്‍ ഡേയുടെ ക്ലോസ് റേഞ്ച് സേവ്.
റീബൗണ്ട് ചെയ്ത പന്ത് ആന്‍സണിന്റെ കാലില്‍. രണ്ട് പ്രതിരോധക്കാര്‍ക്ക് ഇടയിലൂടെ പോസ്റ്റിലേക്ക് അടിച്ചുകയറ്റിയ ആന്‍സണ്‍ കേരളത്തിന് സ്വപ്നതുല്യ വിജയവും സെമി ടിക്കറ്റും ചീന്തി വാങ്ങി. കേരളം ഏറെ ആഘോഷിച്ച ജയന്റ് കില്ലിങ്.
ആന്‍സണ്‍ കളത്തില്‍
സെമിയില്‍ പക്ഷെ അത്രയൊന്നും കരുത്തരല്ലാത്ത ഗോവയോട് അഡ്രിയാന്‍ ഡയസിന്റെ ഗോളിന് കേരളം തോറ്റു. അപ്രതീക്ഷിതം! കനത്ത മഴയെ തുടര്‍ന്ന് വെള്ളക്കെട്ടിലായിരുന്നു മത്സരം.
കേരളം ഉറപ്പിച്ചിരുന്ന കപ്പ് ഗോവയെ ഫൈനലില്‍ തോല്‍പ്പിച്ച് ബംഗാള്‍ കൊണ്ടുപോയി.
ടൂര്‍ണമെന്റിലുടനീളം തകര്‍ത്തു കളിച്ച ആന്‍സണിന്റെ പേരില്‍ ഓര്‍ക്കുമായിരുന്ന കപ്പ് കൈവിട്ടുപോയി. ആന്‍സണിനെ ഇന്നും ആ തോല്‍വി സങ്കടപ്പെടുത്തുന്നുണ്ടാവാം.
1990 കളില്‍ ഇന്ത്യന്‍ ഫുട്‌ബോളിലെ ‘തറവാടി’കളെയെല്ലാം ഞെട്ടിച്ചു നിര്‍ത്തിയ കേരളത്തിന്റെ സംസ്ഥാന ടീമും പൊലീസും ടൈറ്റാനിയവും കെല്‍ട്രോണുമെല്ലാം. എത്രകാലം കഴിഞ്ഞാലും മനസ്സില്‍ നിന്ന് മായില്ല, ആ ടീമുകളിലെ കളിക്കാരും.
അവരില്‍ മിക്കവാറും എല്ലാവരും കാലത്തിന്റെ വിളിക്കു വഴങ്ങി വിശ്രമജീവിതത്തിലാണ്. ആന്‍സണും ഇന്ന് വിരമിക്കല്‍ പട്ടികയിലേക്ക് കയറും. എവിടെ വെച്ചാവും ആ ഫുട്‌ബോളറെ നാം ഇനി കാണുക? കളിച്ചിരുന്ന കാലത്തെ അതേ സ്പിരിറ്റോടെ പരിശീലകന്റെ കുപ്പായത്തില്‍ കാണണമെന്ന് ആഗ്രഹം. പേരെടുത്ത പോലീസ് ടീമിലെ ആരും ഗൗരവത്തോടെ പരിശീലകപ്പണിക്ക് ഇറങ്ങിയിട്ടില്ലല്ലോ! ആന്‍സണ്‍ എങ്കിലും…?
Content Highlight: MM Jaffer Khan writes about KA Anson