ഞാന്‍ ജീവിച്ച കാലത്തെ രണ്ട് ജ്ഞാനവൃദ്ധരും ഉറുഗ്വേക്കാരാണ്. ഒന്നാമന്‍ ആ രാജ്യത്തിന്റെ ദേശീയ ഫുട്‌ബോള്‍ ടീം കോച്ച് (2006-2021) ഓസ്‌കാര്‍ തബരേസ്.
വാക്കിങ് സ്റ്റിക്കും പിടിച്ച് ഡഗ്ഗൗട്ടിന് മുന്നില്‍ വന്നുനിന്ന് സുവാരസ്, കവാനി, ഡീഗോ ഗോഡിന്‍ തുടങ്ങിയ ‘കച്ചറ പിള്ളേരെ’ വരച്ച വരയിലൂടെ അദ്ദേഹം പന്ത് കളിപ്പിച്ചു. ഒരിക്കല്‍ ലോക ഫുട്‌ബോള്‍ ഭരിച്ചു ചത്തു പോയ ഉറുഗ്വേയന്‍ കാലുകളില്‍ ജീവന്‍ ഊതി നിറച്ചത് അദ്ദേഹമാണ്.
ഓസ്‌കാര്‍ തബരേസ്
ലാറ്റിനമേരിക്കയില്‍ ഒരു ചൊല്ലുണ്ട്, ‘എല്ലാ രാജ്യങ്ങള്‍ക്കും ചരിത്രമാണുള്ളത്, ഉറുഗ്വെക്ക് ഫുട്‌ബോളും’. ആ ചൊല്ലിലെ അക്ഷരങ്ങളില്‍ വീണ്ടും ചോര പായിച്ചത് തബരേസാണ്. ശരാശരിയിലും താഴെയുള്ള ടീമിനെ വെച്ച് അയാള്‍ ഉറുഗ്വേയെ ലാറ്റിന്‍ ജേതാക്കളാക്കി. 40 വര്‍ഷങ്ങള്‍ക്ക് ശേഷം രാജ്യത്തെ ലോകകപ്പിന്റെ സെമി ഫൈനല്‍ കളിപ്പിച്ചു. എണ്‍പത് വയസോടടുത്തപ്പോള്‍ അദ്ദേഹം കളം മാറിക്കൊടുത്തു, പുതിയ തലമുറയ്ക്ക്.
രണ്ടാമന്‍ രാഷ്ട്രീയത്തിലാണ്. ഹൊസെ ‘പെപ്പെ’ മൊഹീക. 2010 മുതല്‍ 2015 വരെ ഉറുഗ്വേ പ്രസിഡന്റ്. തൊണ്ണൂറാം വയസില്‍ ഇന്നലെ അദ്ദേഹം അന്തരിച്ചു.
പാശ്ചാത്യ മാധ്യമങ്ങള്‍ ഈ രാഷ്ട്രീയ ജ്ഞാനത്തെ പരിഹാസം എന്നോണം വിളിച്ചിരുന്നത് ‘ലോകത്തെ ഏറ്റവും ദരിദ്രനായ പ്രസിഡന്റ്’ എന്നായിരുന്നു. അറിവും നിലപാടും മനുഷ്യസ്‌നേഹവും കൊണ്ട് അതിസമ്പന്നനായിരുന്ന അദ്ദേഹം പ്രസിഡന്റ് ആയിരിക്കെ ആ വിളിക്ക് നല്‍കിയ മറുപടി ഇങ്ങനെ –
‘ഞാനൊരു ദരിദ്രന്‍ പ്രസിഡന്റല്ല, പക്ഷെ നിലപാടുള്ള പ്രസിഡന്റാണ്. ദരിദ്രനെന്നാല്‍ ഒരുപാട് ആവശ്യങ്ങളുള്ളവനാണ്. എനിക്ക് വളരെക്കുറച്ച് ആവശ്യങ്ങളേയുള്ളൂ. പ്രസിഡന്റാകും മുന്‍പ് ജീവിച്ചതുപോലെത്തന്നെ ഇന്നും ജീവിക്കുന്നു,’.
ഹൊസെ മൊഹീക
അധികാരത്തിന്റെ പൊലിമകളോന്നും സ്വീകരിക്കാതെ, സാധാരണ ജീവിതമായിരുന്നു മൊഹീകയുടേത്. പ്രസിഡന്റിന്റെ വസതിയില്‍ തിന്നു തുടുക്കാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. കുടുംബത്തോടൊപ്പം മോണ്ടിവിഡിയോയിലെ സ്വന്തം ഫാം ഹൗസില്‍ ജീവിച്ചു.
ചെടികളും പച്ചക്കറികളും നട്ടു. നായകളെയും പക്ഷികളെയും വളര്‍ത്തി. ശമ്പളം മുഴുവന്‍ ഗല്ലികളിലെ പാവങ്ങള്‍ക്ക് വിതരണം ചെയ്തു. എല്ലാ ആഴ്ചകളിലും ഫുട്‌ബോള്‍ കാണാന്‍ പോയി.
ഒരു കാല്‍ നഷ്ടപ്പെട്ട വളര്‍ത്തുനായക്കൊപ്പം മൊഹീക
പ്രസിഡന്റ് ഹൗസിലേക്ക് പഴയൊരു കാര്‍ സ്വയം ഓടിച്ചു വരുന്ന മൊഹീകയോട് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോട്ടര്‍ ജാക്ക് നിക്കാസ് ചോദിക്കുന്നുണ്ട്, ‘ഇത് ഇക്കാലത്ത് റോഡില്‍ ഓടിക്കാവുന്ന വണ്ടിയാണോ’ എന്ന്’ ട്രാക്ടര്‍ ഓടിക്കുന്നതാണ് കാറോടിക്കുന്നതിനേക്കാള്‍ തനിക്കിഷ്ടമെന്നായിരുന്നു മറുപടി.
രാജ്യത്തിന്റെ പ്രസിഡന്റ് ആയിരിക്കുമ്പോഴും വെറും ഒരു തൊഴിലാളിയെ പോലെയുള്ള അദ്ദേഹത്തിന്റെ ജീവിതരീതി ജനങ്ങള്‍ക്കിടയില്‍ പ്രശസ്തിക്ക് കാരണമായി. ലാളിത്യത്തിന്റെയും സത്യസന്ധതയുടെയും ആഗോളപ്രതീകമായി.
ഗറില്ല പോരാളിയായിരുന്ന മൊഹീകയുടെ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള വരവ് ക്യൂബന്‍ വിപ്ലവത്തില്‍നിന്ന് ഊര്‍ജ്ജം ഉള്‍ക്കൊണ്ടായിരുന്നു. ചെയും ഷാവേസുമാണ് രാഷ്ട്രീയത്തില്‍ അദ്ദേഹത്തിന്റെ ‘ദൈവങ്ങള്‍’.
ഉറുഗ്വേയിലെ സൈനിക സ്വേച്ഛാധിപത്യകാലത്ത് വിപ്ലവകാരിയായ മൊഹീക പിടിയിലാവുന്നുണ്ട്. 14 വര്‍ഷം തടവില്‍. അതില്‍ ഭൂരിഭാഗവും ഏകാന്ത ജയിലില്‍. ആ അനുഭവങ്ങളെപ്പറ്റി മരിക്കുന്നതിന് മുന്‍പ് അദ്ദേഹം പറയുന്നുണ്ട്.
ആറുമാസത്തോളം കൈകള്‍ കയറുകൊണ്ട് പിന്നിലേക്ക് കെട്ടിയും രണ്ടുവര്‍ഷത്തോളം ശുചിമുറിയില്‍ പോലും പോകാന്‍ അനുവദിക്കാതെയുമാണ് ജീവിച്ചത് എന്ന്.
മൊഹീക പ്രസിഡന്റ് സ്ഥാനത്ത് ഇരിക്കുമ്പോഴാണ് ചരിത്രത്തില്‍ ഒരിക്കലും ഇല്ലാത്ത വിധം ഉറുഗ്വേ സാമ്പത്തിക നേട്ടങ്ങള്‍ കൈവരിക്കുന്നത്. രാഷ്ട്രതന്ത്രവും മാനുഷിക പരിഗണനയും കൃത്യം മനസിലാക്കി അദ്ദേഹം നടത്തിയ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ ഇടതു നിലപാട് സ്വീകരിക്കുന്ന രാജ്യങ്ങള്‍ക്ക് എക്കാലവും പാഠപുസ്തകമാണ്. സ്വവര്‍ഗരതിക്കാര്‍ക്കു ഉള്‍പ്പടെ നിയമം നടപ്പാക്കിയ ലോകത്തെ ആദ്യ ഭരണാധികാരിയും അദ്ദേഹം തന്നെ.
ഹൊസെ മൊഹീക
കറുത്തവര്‍ക്ക് ഫുട്‌ബോള്‍ ജഴ്‌സിയണിയാന്‍ 1916 ല്‍ തന്നെ നിയമം നിര്‍മ്മിച്ച രാജ്യമാണ് ഉറുഗ്വേ. കറുത്തവര്‍ ഭൂരിപക്ഷമുള്ള രാജ്യങ്ങള്‍ പോലും അക്കാലത്ത് കറുത്തവരെ മാറ്റി നിര്‍ത്തി. കറുത്തവര്‍ക്ക് ഗ്രൗണ്ടിലിറങ്ങാന്‍ മറ്റു രാജ്യങ്ങളിലെല്ലാം എത്രയോ വര്‍ഷങ്ങളുടെ കാത്തിരിപ്പു വേണ്ടിവന്നു എന്നത് ചരിത്രം. ഉറുഗ്വെ നടത്തിയ പോരാട്ടമാണ് അന്നും ഇന്നും കറുത്ത മനുഷ്യര്‍ക്ക് അവസരം ഒരുക്കിയത്.
ജനാധിപത്യത്തിന്, മനുഷ്യരെ പരിഗണിക്കുന്നതില്‍ ഉറുഗ്വേ നല്‍കിയയത്ര കനപ്പെട്ട സംഭാവന ഒരു പക്ഷെ മറ്റൊരു രാജ്യവും പ്രസ്ഥാനവും ലോകത്തിന് നല്‍കിയിരിക്കാന്‍ ഇടയില്ല.
ആ നാടിന്റെ, രാഷ്ട്രീയത്തിന്റെ പ്രതിനിധിയാണ് ഇന്നലെ ജീവിതത്തിന്റെ മൈതാനം വിട്ടത്.
റെഡ് സല്യൂട്ട് കൊമ്രേഡ് മൊഹീക
Content Highlight: MM Jaffer Khan writes about Jose Mujica and Oscar Taberez