1946 ആഗസ്റ്റ്.
കൊല്‍ക്കത്തയില്‍ വര്‍ഗീയ കലാപം പൊട്ടിപ്പുറപ്പെട്ട സമയം. ‘വടിവാളുകളുടെ ദിനങ്ങള്‍’ എന്ന് വിശേഷിപ്പിക്കപ്പെട്ട മതഭ്രാന്തന്മാരുടെ കലിപ്പില്‍ അന്ന് പതിനായിരക്കണക്കിന് പാവം മനുഷ്യര്‍ക്ക് ജീവന്‍ നഷ്ടമായി.
അന്ന് പ്രാണരക്ഷാര്‍ത്ഥം ഒരു ഹോട്ടലില്‍ ഒളിച്ചുതാമസിക്കുകയായിരുന്നു ഈസ്റ്റ് ബംഗാളിന്റെ ഇതിഹാസ ഫുട്‌ബോള്‍ താരങ്ങളായ അപ്പറാവുവും കോട്ടയം സാലിയും. ഹിന്ദുവായ അപ്പറാവുവിനെ കൊല്ലാന്‍ വിട്ടുനല്‍കണം എന്നാവശ്യപ്പെട്ടു കൊണ്ട് ആയുധങ്ങളുമായി മുസ്‌ലിം വര്‍ഗീയവാദികള്‍ ഹോട്ടല്‍ ആക്രമിച്ചു.
അപ്പറാവു
വെറും 20 വയസ്സുള്ള, ബംഗാളി അറിയാത്ത കോട്ടയം സാലി എന്ന മലയാളികളുടെ അഭിമാന ഫുട്‌ബോള്‍ താരം ആ സാഹചര്യത്തെ കൈകാര്യം ചെയ്തത് സ്വന്തം ജീവന്‍ പണയം വെച്ചായിരുന്നു. തന്റെ സഹതാരത്തോട് കട്ടിലിനടിയില്‍ ഒളിക്കാന്‍ നിര്‍ദേശിച്ച സാലി, രക്തദാഹികളായ കലാപകാരികളുടെ മുന്നിലേക്ക് വാതില്‍ തുറന്നു. ‘ഞാനാണ് അപ്പറാവു’ എന്ന് പറഞ്ഞു.
വര്‍ഗീയ വാദികള്‍ക്ക് ഫുട്‌ബോള്‍ താരങ്ങളെ തിരിച്ചറിയാന്‍ കഴിയില്ലല്ലോ, അന്നും ഇന്നും. അപ്പറാവുവെന്ന് തെറ്റിദ്ധരിച്ച അവര്‍ സാലിയെ വലിച്ചിഴച്ചുകൊണ്ടു പോയി. സ്നേഹിതന്റെ നിര്‍ദേശപ്രകാരം കട്ടിലിനടിയില്‍ മറഞ്ഞിരുന്ന അപ്പറാവു സാലിയെ ഇനി ഒരിക്കലും കാണുകയില്ലെന്ന് ഉറപ്പിച്ചു.
കോട്ടയം സാലി
എന്നാല്‍ അടുത്ത ദിവസം ഈസ്റ്റ് ബംഗാള്‍ ആരാധകരുടെ ഇടപെടലില്‍ സാലി അപകടമൊന്നും സംഭവിക്കാതെ തിരിച്ചെത്തി. സ്വന്തം ജീവന്‍ അപകടപ്പെടുത്തി സാലി ചെയ്ത ത്യാഗം അപ്പറാവു പിന്നീട് ഒരിക്കലും മറന്നില്ല.
കളിക്കളത്തിലെ തന്റെ മികച്ച പാസുകളെല്ലാം അപ്പറാവു എന്നും പ്രിയപ്പെട്ട മലയാളി സുഹൃത്തിനു വേണ്ടി കരുതിവച്ചു. ഗോള്‍: സാലി, ഒത്താശ: അപ്പറാവു എന്നത് ഈസ്റ്റ് ബംഗാള്‍ ടീമിന്റെ ചരിത്രരേഖകളില്‍ ഇന്നും ഇഷ്ടംപോലെ കാണാം.
1952 ഡിസംബര്‍
പാകിസ്ഥാനില്‍ നിന്നൊരു 20 വയസുകാരന്‍ മെലിഞൊട്ടിയ പയ്യന്‍ ഈസ്റ്റ് ബംഗാള്‍ ടീമിനായി കരാര്‍ ഒപ്പിടുന്നു. പേര് മസൂദ് ഫഖരി. ആദ്യ സീസണില്‍ തന്നെ കൊല്‍ക്കത്ത ഫുട്‌ബോള്‍ ആരാധകരുടെ മുത്തുമണിയായി അദ്ദേഹം മാറി.
മസൂദ് ഫഖരി
അതിനിടെയാണ് കൊല്‍ക്കത്തയില്‍ വീണ്ടും വര്‍ഗീയ കലാപത്തിന് തീപിടിക്കുന്നത്. മതം നോക്കി ആളുകളെ കൊല്ലുന്ന കാലം.
അതോടെ 1952-53 സീസണിലെ കൊല്‍ക്കത്ത ലീഗ് ഉപേക്ഷിച്ചു. നഗരം വര്‍ഗീയത്തീയില്‍ കത്തുന്നു, പൊരിയുന്നു. പാകിസ്ഥാനിയായ മസൂദ് ഫഖരിയെ തേടി ഹിന്ദു വര്‍ഗീയവാദികള്‍ കൊല്‍ക്കത്ത മൈതാനിലെ ഈസ്റ്റ് ബംഗാള്‍ ക്ലബ് ടെന്റിലെത്തി.
നൂറ് കണക്കിന് വരുന്ന വര്‍ഗീയ വിഷങ്ങളെ എല്ലാ മതത്തിലും പെട്ട ആയിരക്കണക്കിന് ഈസ്റ്റ് ബംഗാള്‍ ആരാധകര്‍ ഓടിച്ചിട്ട് തല്ലി, ഹൂഗ്ലി നദി കടത്തി. പിന്നീട് അവര്‍ തിരിച്ചുവന്നില്ല. കലാപം അമര്‍ന്നു. ഫുട്‌ബോളിന്റെ മാനവിക കരുത്ത്.
2025 സെപ്റ്റംബര്‍ 22
അണ്ടര്‍ 17 സാഫ് കപ്പ് ഫുട്‌ബോളിന്റെ ഗ്രൂപ്പ് റൗണ്ടില്‍ ഇന്ത്യയും പാകിസ്ഥാനും മുഖാമുഖം നില്‍ക്കുന്നു. മത്സരം ശ്രീലങ്കയിലെ കൊളംബോയില്‍.
കോടികള്‍ സാമ്പത്തിക കരുത്തുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ പിന്തുണയില്‍ വലിയ ആരാധക കൂട്ടമുള്ള ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ തലേദിവസം കാണിച്ച മാതൃക പിന്തുടരാതെ ഈ ചെറിയ മക്കള്‍ അവിടെ സ്‌നേഹത്തിന്റെ പൂങ്കാവനമൊരുക്കി. അവര്‍ പരസ്പരം ചേര്‍ന്നുനിന്നു, കെട്ടിപ്പിടിച്ചു. കൈകൊടുത്തു.
വര്‍ഗീയ വിഭജനം, അതിന്റെ ഭാഗമായി സൃഷ്ടിച്ചെടുക്കുന്ന ‘കപട ദേശസ്‌നേഹം’ അധികാരം പിടിക്കാന്‍ ഏറ്റവും നല്ല മാര്‍ഗമാണ് എന്ന് തിരിച്ചറിഞ്ഞ കുറുക്കന്മാര്‍ ആണ് പണ്ട് ഒന്നായിരുന്ന, പിന്നീട് രണ്ടായി പിരിഞ്ഞ ഈ രാജ്യങ്ങളിലെ സാധാരണ മനുഷ്യരെ ഇന്നും ഭരിക്കുന്നത്, തകര്‍ക്കാന്‍ ശ്രമിക്കുന്നത്.
വിഭജനം/പാലായനം/യുദ്ധം നടന്ന 1940/1950 കാലത്തേക്ക് പോകാം. പക്ഷെ, അന്ന് കായിക രംഗത്ത് വര്‍ഗീയതയുടെ ഒരു ഓലപ്പടക്കം പോലും വീണിരുന്നില്ല. വീണാല്‍ പോലും അത് വെള്ളം ഒഴിച്ച് നിര്‍വീര്യമാക്കാന്‍ കരുത്തുള്ള നേതാക്കള്‍ ഉണ്ടായിരുന്നു.
ഈസ്റ്റ് ബംഗാളില്‍ താജ് മുഹമ്മദ്, മസൂദ് ഫഖരി, റിയാസത്ത് അലി, ജമീല്‍ അഖ്തര്‍, മൂസ ഖാസി പോലെയുള്ള പാകിസ്ഥാനികള്‍ കളിക്കുന്നു. മുഹമ്മദന്‍സില്‍ ഉമര്‍ ഉള്‍പ്പടെയുള്ളവരുമുണ്ട്. എന്തെ അന്ന് ഫുട്‌ബോളില്‍ ആര്‍ക്കും മതം പൊള്ളാതിരുന്നത്?
കേരളത്തിലേക്ക് വന്നാല്‍, കോഴിക്കോട് നാഗ്ജി ടൂര്‍ണമെന്റില്‍ പാകിസ്ഥാന്‍ ടീം കറാച്ചി കിക്കേഴ്‌സ് 1955, 1956 വര്‍ഷങ്ങളില്‍ ജേതാക്കളായി. കണ്ണൂര്‍ ജിംഖാന, റെയില്‍വേ എന്നിവരെ ഫൈനലില്‍ തോല്‍പ്പിച്ചായിരുന്നു നേട്ടം.
കറാച്ചി കിക്കേഴ്‌സ്
തലശ്ശേരി അത്‌ലറ്റിക് ട്രോഫി, ചാക്കോള ട്രോഫി എന്നിവയില്‍ കറാച്ചി ടീമുകള്‍ എം.ആര്‍.സി ഉള്‍പ്പടെയുള്ള ഇന്ത്യന്‍ ആര്‍മി ടീമുകളെ തോല്‍പ്പിച്ചിരുന്നു.
അന്നൊക്കെ ഫുട്‌ബോള്‍ പ്രേമികളും രാഷ്ട്രീയ നേതാക്കളും അതിനെ സ്‌പോര്‍ട്‌സ് മാത്രമായി കണ്ടു. വിഭജനത്തിന്റെ മുറിവ് നീറ്റുന്ന അക്കാലത്തു പോലും നുരായാത്ത വര്‍ഗീയത ഇന്ന് കായിക രംഗത്ത് പതഞ്ഞുപൊങ്ങുന്നു എങ്കില്‍ നമ്മള്‍/നമ്മുടെ നാട് യാത്ര ചെയ്യുന്നത് മതവെറുപ്പ് മാത്രം സൃഷ്ടിക്കുന്ന ലോകത്തേക്കാണ്.
പരസ്പരം കൈ കൊടുത്തത് നമ്മുടെ മക്കളാണ്, അവര്‍ക്ക് രണ്ട് രാജ്യത്തെയും ‘അധികാര നാടകം’ അറിയില്ല. ഇനി അവര്‍ നയിക്കട്ടെ നമ്മളെ.
Content Highlight: MM Jaffer Khan writes about India vs Pakistan match and U17 SAAF tournament