| Sunday, 18th May 2025, 1:36 pm

അമ്മമ്മേ.. ഈ കപ്പ് നിങ്ങള്‍ക്കുള്ളതാണ്

എം.എം.ജാഫർ ഖാൻ

120 വര്‍ഷമായി ഒരു കിരീടം മോഹിച്ചു പറക്കുകയായിരുന്നു ക്രിസ്റ്റല്‍ പാലസ് ഫുട്‌ബോള്‍ ക്ലബ്. 1905ല്‍ കളത്തിലിറങ്ങിയ ഈ ലണ്ടന്‍ ക്ലബ് ചരിത്രത്തില്‍ ഒരുപാട് ദൗത്യങ്ങള്‍ നിര്‍വഹിച്ചിട്ടുണ്ട്. ഫുട്‌ബോള്‍ അസോസിയേഷന്‍ (ഇംഗ്ലണ്ട്), എഫ്. എ കപ്പ്, ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് എന്നിവയെല്ലാം തുടങ്ങിയത് ക്രിസ്റ്റല്‍ പാലസിന്റെ കൂടെ പങ്കാളിത്തത്തിലായിരുന്നു.

ഏറ്റവും ദൂരക്കാഴ്ചയുള്ള പക്ഷിയാണ് പരുന്ത്, ആ പേരിലാണ് (ദ് ഈഗിള്‍സ്) ക്ലബ് അറിയപ്പെടുന്നത്. ഒന്നേകാല്‍ നൂറ്റാണ്ട് ദൂരക്കാഴ്ചയോടെ പറന്നിട്ടും അവര്‍ക്കൊരു വിജയ കിരീടം സ്വപ്നമായി തന്നെ നിലനിന്നു. എന്നാല്‍, 2025 മെയ് 17 ആ കാത്തിരിപ്പിനും ഫൈനല്‍ വിസില്‍ മുഴക്കി.

തങ്ങളുടെ കൂടി ശ്രമഫലമായി 1905 (ഔദ്യോഗികമായി) ല്‍ തുടങ്ങിയ എഫ്. എ. കപ്പ് ജയിച്ചുകൊണ്ടാണ് ക്രിസ്റ്റല്‍ പാലസ് നൂറ്റാണ്ടിനുമപ്പുറം താണ്ടിയ കാത്തിരിപ്പിന് വിരാമമിട്ടത്. അതും സമീപകാല ചരിത്രത്തിലെ ഏറ്റവും മികച്ച ഫുട്‌ബോള്‍ ക്ലബായ മാഞ്ചസ്റ്റര്‍ സിറ്റിയെ കൊത്തിക്കൊന്നുകൊണ്ട്.

മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരായ ഫൈനല്‍ മത്സരം വെംബ്ലി സ്റ്റേഡിയത്തില്‍ നടക്കുമ്പോള്‍ ക്രിസ്റ്റല്‍ പാലസ് ആരാധകര്‍ ഗ്രൗണ്ടില്‍ ഉയര്‍ത്തിയ ഒരു പോസ്റ്റര്‍ കണ്ടു. അതില്‍ എഴുതിയത് ഇങ്ങനെയായിരുന്നു – ‘അമ്മമ്മേ ഈ കപ്പ് നിങ്ങള്‍ക്ക് വേണ്ടി നമ്മള്‍ ജയിക്കും’.

ആരാണ് പാലസ് ആരാധകരുടെ ആ അമ്മമ്മ? പാം ബ്ലോംഫീല്‍ഡ്. 1905ല്‍ പാലസ് ടീം രൂപം കൊള്ളുമ്പോള്‍ പാമിന്റെ അച്ഛന്‍ യുവാവായിരുന്നു. അദ്ദേഹമാണ് അവരെ ഗ്രൗണ്ടിലേക്ക് കൂടെ കൂട്ടുന്നത്.

പാം ബ്ലോംഫീല്‍ഡ്

2021-22 സീസണില്‍ ക്ലബിന്റെ കിറ്റ് പാം ലോഞ്ച് ചെയ്യുമ്പോള്‍ അവരുടെ വയസ് 101. ഏതാനും മാസങ്ങള്‍ക്ക് ശേഷം അവര്‍ അന്തരിച്ചു. ഒരു കിരീടം പോലും ഇല്ലാതിരുന്നിട്ടും നിരന്തരം ടോപ് ലീഗുകളില്‍ നിന്ന് പ്രിയ ടീം താഴേക്ക് താഴേക്ക് പതിച്ചപ്പോഴും ആ പെണ്ണ് പാലസ് ആരാധകയായി തന്നെ ജീവിച്ചു. ഒരു നൂറ്റാണ്ടിനിടെ സംഭവിച്ച നിരന്തര തോല്‍വികളും അപമാനവും അവരെ മാറി ചിന്തിപ്പിച്ചതേയില്ല.

ലിവര്‍പൂളിന്റെ ഇതിഹാസ പരിശീലകന്‍ ബില്‍ ഷാങ്ക്‌ളി ഒരിക്കല്‍ പറയുന്നുണ്ട്, ‘നിങ്ങള്‍ക്ക് മതം മാറാം, പാട്ട്ണറെ മാറാം, നാടും വീടും മാറാം, പക്ഷെ, ഒരിക്കലും ഇഷ്ടപ്പെട്ട ക്ലബ് മാറാനാവില്ല, അത് എത്ര തോല്‍വികള്‍ നേരിട്ടാലും‘ എന്ന്.

തോറ്റവര്‍ക്കൊപ്പം ഒളിച്ചു നില്‍ക്കാന്‍ പോലും ഏത് പ്രത്യയശാസ്ത്രവും തയ്യാറല്ലാത്ത ഇക്കാലത്തും പല ഫുട്‌ബോള്‍ ഫാന്‍സും അതിന് തയ്യാറാവുന്നു എന്നത് നരവംശശാസ്ത്രവും ഫിലോസഫിയും പഠിക്കുന്നവര്‍ക്ക് നല്ലൊരു വിഷയമാണ്. തോല്‍വികളിലും മനുഷ്യന് സംതൃപ്ത്തരാവാന്‍ സാധിക്കുമോ?

ഇത് നിങ്ങള്‍ക്കുള്ള കപ്പാണ് അമ്മമ്മേ. സ്വര്‍ഗ്ഗത്തില്‍ അത് മറഡോണക്കും ജോര്‍ജ് ബെസ്റ്റിനും ചെഗുവേരക്കും ഒപ്പം ആഘോഷിക്കൂ.

Content Highlight: MM Jafar Khan writes about Pam Blomfield and Crystal Palace

എം.എം.ജാഫർ ഖാൻ

We use cookies to give you the best possible experience. Learn more