| Friday, 23rd May 2025, 2:58 pm

നയന്റീസ് കിഡ്‌സിന്റെ പ്രായം മാത്രമുള്ള ഒരു രാജ്യത്തെ ലോകകപ്പ് ഫൈനലിലേക്ക് നയിച്ച ലൂക്ക മോഡ്രിച്ച്

എം.എം.ജാഫർ ഖാൻ

ഡിസംബര്‍ 8, 1991. വടക്കന്‍ ഡല്‍മേഷ്യയിലാണ് സംഭവം. യുഗോസ്ലാവ് യുദ്ധകാലത്ത് മനോഹരമായ ഈ തീരദേശം ക്രൊയേഷ്യന്‍ വാദക്കാരുടെ താവളമായിരുന്നു. ശീതകാല വസ്ത്രങ്ങളണിഞ്ഞ് ആടുകളെ മേയ്ക്കുകയായിരുന്ന അവരുടെ ഇടയിലേക്ക് മുള്ളുവേലി തകര്‍ത്ത് ട്രാക്ടറിന്റെ ശരീരമുള്ള ഒരു മിലിട്ടറി ജീപ്പ് പാഞ്ഞു കയറി.

അതില്‍ നിന്ന് നാലഞ്ച് ‘സെര്‍ബിയന്‍ പോരാളികള്‍’ ചാടിയിറങ്ങി. മുന്നില്‍ കണ്ട വൃദ്ധന്റെ നെഞ്ചിലേക്ക് തുരുതുരാ നിറയൊഴിച്ച് വന്നതിനേക്കാള്‍ വേഗത്തില്‍ അവര്‍ ജീപ്പിന്റെ പുക പാറിച്ച് തിരിച്ചുപറന്നു. ആറ് വയസുകാരന്‍ ലൂക്ക തന്റെ വല്ല്യച്ഛന്‍ ചോരയില്‍ കിടന്ന് പിടയുന്നത് നിസഹായനായി നോക്കിനിന്നു, അലറിവിളിച്ചു. മൊത്തം ആറ് പേര്‍ അന്ന് അവിടെ മരിച്ചു വീണു.

‘ക്രൊയേഷ്യന്‍ പോരാളികളുടെ’ വാഹന റിപ്പയറര്‍ ആയിരുന്നു തുണിമില്‍ തൊഴിലാളിയായിരുന്ന ലൂക്കയുടെ അച്ഛന്‍. അദ്ദേഹത്തെ തേടിയാണ് അവര്‍ വന്നത്. അയാളെ കിട്ടാത്തതിനാല്‍ അച്ഛനെ വെടിവെച്ചു കൊന്നു. എന്നും യുദ്ധനീതികള്‍ ഇങ്ങനെയാണല്ലോ!

‘സെര്‍ബ് പോരാളികള്‍’ ക്രൊയേഷ്യന്‍ സെറ്റില്‍മെന്റുകളില്‍ ചോരപ്പുഴയൊഴുക്കുന്ന കാലമാണ്. സ്‌ഫോടനങ്ങളും വെടിയൊച്ചകളും മാത്രം കേള്‍ക്കുന്ന രാത്രികള്‍. കത്തിക്കപ്പെട്ട വീട് വിട്ടെറിഞ്ഞ് കുഞ്ഞു ലൂക്കയും കുടുംബവും അഭയാര്‍ത്ഥി ക്യാമ്പിലേക്ക് ജീവിതം മാറ്റിനട്ടു. ദുരിതം മാത്രം മുന്നില്‍ കണ്ട നാളുകള്‍.

അവിടെ വെച്ചാണ് നാം ഇന്നറിയുന്ന ലൂക്ക മോഡ്രിച്ചെന്ന ക്രോട്ട് ഫുട്‌ബോള്‍ താരം ‘വളരുന്നത്’. ഏത് നിമിഷവും പൊട്ടാവുന്ന മൈനുകള്‍ക്കിടയിലൂടെ അവന്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ പന്ത് തട്ടി. തലയില്‍ ഓളമുള്ള പരിശീലകനെ കിട്ടി. അത് അവന്റെ ‘ജാതകം’ മാറ്റിയെഴുതി. എത്രവലിയ പ്രതിരോധവും പൊട്ടിക്കാവുന്ന മിഡ്ഫീല്‍ഡ് ജനറലാക്കി.

കുഞ്ഞുനാള്‍ മുതല്‍ അനുഭവിച്ച മുറിവുകളും വേദനയും ആ കുട്ടിയെ കളത്തിലും ജീവിതത്തിലും പരുവപ്പെടുത്തി, പതറാത്ത പോരാളിയാക്കി. എല്ലാ പ്രതിസന്ധികളെയും പന്ത് കൊണ്ട് വകഞ്ഞുമാറ്റി സ്വാഭിമാനത്തിലേക്കും ആത്മവിശ്വാസത്തിലേക്കും ഐതിഹാസിക വിജയങ്ങളിലേക്കും അനായാസം കയറിപ്പോയി.

മെസ്സിയും ക്രിസ്ത്യാനോ റൊണാള്‍ഡോയും പാറിപ്പറക്കുന്ന കാലത്താണ് ലൂക്കയുടെ ബാലണ്‍ദ്യോര്‍ പുരസ്‌കാര നേട്ടം. അത് മാത്രം മതി താരത്തിന്റെ മാറ്ററിയാന്‍. 2012 ല്‍ റയല്‍ മാഡ്രിഡില്‍ എത്തിയ ശേഷം അദ്ദേഹം വിജയിച്ചത് ആറ് ചാമ്പ്യന്‍സ് ലീഗ് ഉള്‍പ്പടെ 28 കിരീടങ്ങളാണ്. ലൂക്ക കളിച്ചു നേടിയ ടീം/വ്യക്തിഗത നേട്ടങ്ങള്‍ക്ക് സമാനതകളില്ല. സഹനം കൊണ്ട് കെട്ടിയുയര്‍ത്തിയ വിജയസ്തംഭങ്ങള്‍.

നമ്മുടെ ഒരു ജില്ലയിലെ ജനസംഖ്യ പോലുമില്ലാത്ത, 90s കിഡ്‌സിന്റെ പ്രായം മാത്രമുള്ള ഒരു രാജ്യത്തെ ലോകകപ്പിന്റെ ഫൈനലിലേക്ക് നയിച്ചതും ‘പണ്ട് പേടിച്ച് അലറിക്കരഞ്ഞ ആ കുട്ടിയാണ് ‘. കഴിഞ്ഞ ദിവസം തന്റെ റയല്‍ മാഡ്രിഡ് കരിയര്‍ അവസാനിച്ചുവെന്ന് പ്രഖ്യാപിച്ച ലൂക്ക, ഒരു സോഷ്യല്‍ മീഡിയ പോസ്റ്റ് ഇട്ടിരുന്നു. അതിങ്ങനെയാണ്. ‘ഞാന്‍ എന്നെ കുറിച്ച് ഓര്‍ക്കുമ്പോഴെല്ലാം കുട്ടിക്കാലത്തെ പഴയ ആല്‍ബങ്ങള്‍ തപ്പിപ്പിടിച്ച് നോക്കും, എല്ലാ ഫോട്ടോയിലും ഒരു പന്ത് എപ്പോഴും എന്റെ കൂടെയുണ്ടായിരുന്നു’.

പ്രതീക്ഷയുടെ കിരണങ്ങള്‍ കെട്ടുപോയ ജീവിതങ്ങളെ വിജയങ്ങള്‍ക്കും മേലേ ഉദിച്ചുയര്‍ന്ന നക്ഷത്രങ്ങളാക്കി മാറ്റിയ മറ്റേത് പ്രത്യയശാസ്ത്രമാണ് നമുക്കുള്ളത്, ഈ കൊച്ചു പന്തല്ലാതെ?

സാന്തിയാഗോ ബെര്‍ണബ്യുവില്‍ ലൂക്ക ഇന്ന് അവസാന മത്സരത്തിനിറങ്ങും.

Lukita, You will surely be missed ?

content highlights: MM Jafar Khan writes about Luka Modric 

എം.എം.ജാഫർ ഖാൻ

We use cookies to give you the best possible experience. Learn more