| Monday, 30th April 2018, 1:48 pm

വരാപ്പുഴ കസ്റ്റഡി മരണത്തില്‍ സി.പി.ഐ.എമ്മിനു പങ്കുണ്ടെന്ന് എം.എം ഹസ്സന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ സി.പി.ഐ.എമ്മിന് പങ്കുണ്ടെന്ന് കെ.പി.സി.സി അധ്യക്ഷന്‍ എം.എം ഹസ്സന്‍. ദല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശ്രീജിത്തിനെ കസ്റ്റഡിയിലെടുക്കാന്‍ റൂറല്‍ എസ്.പിക്ക് സി.പി.ഐഎമ്മിന്റെ പ്രാദേശിക നേതൃത്വം നിര്‍ദേശം നല്‍കിയതായി ശ്രീജിത്തിന്റെ സഹോദരന്‍ മൊഴി നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രിക്കും സി.പി.ഐ.എം നേതാക്കള്‍ക്കും ശ്രീജിത്തിന്റെ വീട്ടില്‍ പോകാനും മാതാപിതാക്കളെയും ഭാര്യയെയും ആശ്വസിപ്പിക്കാനും കഴിയാത്തത് കുറ്റബോധം കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

ആലുവ മുന്‍ റൂറല്‍ എസ്.പി എ.വി ജോര്‍ജിനെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണമെന്നും ഹസന്‍ ആവശ്യപ്പെട്ടു. അതേസമയം സി.പി.ഐ.എം ഇന്ന് വരാപ്പുഴയില്‍ രാഷ്ട്രീയ വിശദീകരണയോഗം നടത്തുന്നുണ്ട്.

സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. കഴിഞ്ഞദിവസം വിവിധ പരിപാടികളില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി എറണാകുളം ജില്ലയില്‍ ഉണ്ടായിരുന്നെങ്കിലും പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ വരാപ്പുഴയിലെ വീട് സന്ദര്‍ശിക്കാന്‍ തയാറായിരുന്നില്ല. എറണാകുളത്തുനിന്ന് വടക്കന്‍ പറവൂരിലെ പരിപാടിയില്‍ പങ്കെടുക്കാന്‍ വരാപ്പുഴ ഒഴിവാക്കി, വൈപ്പിന്‍ വഴി ചുറ്റിക്കറങ്ങിയായിരുന്നു മുഖ്യമന്ത്രിയുടെ യാത്ര.

മുഖ്യമന്ത്രി എത്താത്തതിലെ വിഷമം ശ്രീജിത്തിന്റെ കുടുംബാംഗങ്ങള്‍ പരസ്യമാക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ പങ്കെടുക്കാന്‍ വരാപ്പുഴയിലെത്തുന്ന സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ശ്രീജിത്തിന്റെ വീട്ടിലെത്തുമോയെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.

We use cookies to give you the best possible experience. Learn more