| Wednesday, 29th October 2014, 7:33 pm

വി.സിമാരുടെ യോഗം: ഗവര്‍ണര്‍ പി.സദാശിവത്തിനെതിരെ എം.എം.ഹസന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരള ഗവര്‍ണര്‍ പി.സദാശിവത്തിനെതിരെ വിമര്‍ശനവുമായി കെ.പി.സി.സി വൈസ് പ്രസിഡന്റ് എം.എം.ഹസന്‍.  വൈസ് ചാന്‍സലര്‍മാരുടെ യോഗം വിളിച്ച ഗവര്‍ണറുടെ നടപടി ചട്ടവിരുദ്ധമാണെന്നും സര്‍ഡക്കാരിന്റെ അധികാരത്തിന് മേലുള്ള കടന്നുകയറ്റമാണെന്നും അദ്ദേഹം ആരോപിച്ചു.

ഗവര്‍ണര്‍ പദവിക്കുള്ള അധികാരങ്ങള്‍ ഭരണഘടന വ്യക്തമായി നിര്‍വചിച്ചിട്ടുണ്ടെന്നും സര്‍ക്കാറിന്റെ ദൈനം ദിന കാര്യങ്ങളില്‍ ഇടപെടാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നും ഹസന്‍ പറഞ്ഞു. അധികാരമുള്ളത് ചെയ്യാതെ അധികാരമില്ലാത്ത കാര്യങ്ങളില്‍ ഗവര്‍ണര്‍ ഇടപെടുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗവര്‍ണര്‍ രൂപീകരിച്ച ചാന്‍സലേഴ്‌സ് കൗണ്‍സിലിന് നിയമ സാധുതയില്ല. മുമ്പ് ഒരിക്കലും ഇല്ലാത്ത കീഴ്‌വഴക്കമാണ് ഇതെന്നും ഇങ്ങനെ പോയാല്‍ ഗവര്‍ണര്‍ മന്ത്രിസഭാ യോഗം വരെ വിളിച്ചുകൂട്ടുമെന്നും ഹസന്‍ പരിഹസിച്ചു.

സര്‍വ്വകലാശാലകളുടെ പ്രവര്‍ത്തനത്തില്‍ പരാതി ഉണ്ടെങ്കില്‍ സര്‍ക്കാരിനോട് ആക്ഷേപം ഉന്നയിക്കണമെന്നും നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ഗവര്‍ണറുടെ നടപടി രാഷ്ട്രീയ പ്രേരിതമാണോയെന്ന് സംശയമുണ്ടെന്നും എം.എം.ഹസന്‍ പറഞ്ഞു.

കഴിഞ്ഞ തിങ്കളാഴ്ചയാണ് സംസ്ഥാനത്തെ 12 വൈസ് ചാന്‍സലര്‍മാരുടെ യോഗം സര്‍വ്വകലാശാല ചാന്‍സലര്‍ കൂടിയായ സദാശിവം വിളിച്ചു ചേര്‍ത്തത്. കാലിക്കറ്റ്,കുസാറ്റ്,എം.ജി,കേരള എന്നീ സര്‍വകാശാലകളില്‍ സമീപകാലത്തുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു കൊച്ചിയില്‍ യോഗം ചേര്‍ന്നത്.

Latest Stories

We use cookies to give you the best possible experience. Learn more