| Sunday, 7th December 2025, 8:39 am

ലോകകപ്പിനോളവും ചാമ്പ്യന്‍സ് ലീഗിനോളവും വരില്ലെങ്കിലും ഇതും പ്രതികാരം തന്നെയല്ലേ; കപ്പുയര്‍ത്തി മെസി പട

സ്പോര്‍ട്സ് ഡെസ്‌ക്

എം.എല്‍.എസ് കപ്പില്‍ വിജയം സ്വന്തമാക്കി ലയണല്‍ മെസിയുടെ ഇന്റര്‍ മയാമി. ചെയ്സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ വാന്‍കൂവര്‍ വൈറ്റ് ക്യാപ്‌സിനെ പരാജയപ്പെടുത്തിയാണ് കന്നി കിരീട നേട്ടം. ഒന്നിനെതിരെ മൂന്ന് ഗോളിനായിരുന്നു കലാശപ്പോരിലെ ദി ഹെറോണ്‍സിന്റെ വിജയം.

ഫൈനലില്‍ മെസിയ്ക്ക് ഗോളടിക്കാനായില്ലെങ്കിലും മയാമി താരങ്ങളുടെ രണ്ട് ഗോളിനും അസിസ്റ്റ് താരത്തിന്റെ വകയായിരുന്നു. വിജയത്തോടെ 2020ല്‍ ചാമ്പ്യന്‍സ് ലീഗ് ബയേണ്‍ – ബാഴ്സ മത്സരത്തില്‍ 8 – 2 ഗോളിന് നാണംകെടുത്തിയ മുള്ളറിനെതിരെ പകരം വീട്ടാനും മെസിയ്ക്ക് സാധിച്ചു. ഒപ്പം ഈ വിജയത്തിലൂടെ മെസിയ്ക്ക് 2014ലെ ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീനയെ ജര്‍മനി തോല്‍പ്പിച്ചതിന്റെയും കണക്ക് തീര്‍ക്കാനുമായി.

മെസിയും സംഘവും എം.എൽ.എസ് കപ്പുമായി Photo: MarcaMexico/x.com

അതേസമയം, മത്സരത്തില്‍ തുടക്കം തന്നെ മയാമി മുന്നിലെത്തി. എട്ടാം മിനിട്ടില്‍ വാന്‍കൂവര്‍ താരം എഡിയര്‍ ഒകാമ്പോയുടെ സെല്‍ഫ് ഗോളിലാണ് മയാമി മുന്നിലെത്തിയത്. ഇതേ സ്‌കോറില്‍ തന്നെ ആദ്യ പകുതിയില്‍ കളി മുന്നോട്ട് പോയി.

രണ്ടാം പകുതി തുടങ്ങി ഏറെ വൈകാതെ വാന്‍കൂവര്‍ മയാമിക്കൊപ്പമെത്തി. 60ാം മിനിറ്റിലായിരുന്നു മുള്ളറിന്റെ ടീമിന്റെ ഗോള്‍. അലി അഹമ്മദാണ് ഗോള്‍ അടിച്ചത്. അതോടെ ബ്ലൂ ആന്‍ഡ് വൈറ്റ്സ് വലിയ ആഘോഷമത്തിലായി. എന്നാല്‍, ഇതിനധികം ആയുസുണ്ടായിരുന്നില്ല.

11 മിനിട്ടുകള്‍ക്കകം മയാമി ഒരു ഗോള്‍ അടിച്ച് ടീമിന്റെ ലീഡ് ഉയര്‍ത്തി. റോഡ്രിഗോ ഡി പോളാണ് പന്ത് വലയിലെത്തിച്ചത്. 71ാം മിനിട്ടിലെ ഗോളിന് പന്ത് നല്‍കിയത് മെസിയായിരുന്നു. പിന്നീട് ഏറെ നേരം ഇതേ സ്‌കോര്‍ ലൈനില്‍ മത്സരം തുടര്‍ന്നു.

മത്സരത്തിനിടെ റോഡ്രിഗോ ഡി പോൾ Photo: Intermiamicf/x.com

മത്സരം ഇങ്ങനെ അവസാനിക്കുമെന്ന് ആരാധകര്‍ ഏറെ കുറെ ഉറപ്പിച്ചിരിക്കെ ടാഡിയോ അല്ലെന്‍ഡെ ഗോള്‍ കണ്ടെത്തി. മത്സരത്തിന്റെ ഇഞ്ചുറി ടൈമിന്റെ അവസാന മിനിട്ടുകളിലാണ് താരം പന്ത് വലയിലേക്ക് അടിച്ച് കയറ്റിയത്.

മെസി നല്‍കിയ പന്ത് സ്വീകരിച്ചായിരുന്നു താരത്തിന്റെ ഗോള്‍ നേട്ടം. പിന്നാലെ മയാമിയെ ജേതാക്കളായി അവരോധിച്ച് മത്സരത്തിന്റെ ഫൈനല്‍ വിസിലുമെത്തി. ഇതോടെ മെസിയ്ക്ക് തന്റെ കരിയറിലെ 48ാം കിരീടമുയര്‍ത്താന്‍ സാധിച്ചു.

Content Highlight: MLS Cup: Lionel Messi’s Inter Miami defeated Vancouver in MLS CUP final

Latest Stories

We use cookies to give you the best possible experience. Learn more