| Saturday, 14th June 2025, 8:09 am

ടി-20 മത്സരത്തില്‍ ഒരുത്തന്‍ മാത്രം അടിച്ചത് 19 സിക്‌സര്‍! ക്രിസ് ഗെയ്‌ലിന്റെ ചരിത്ര റെക്കോഡ് 'അമേരിക്കന്‍ ഐ.പി.എല്ലില്‍' സ്വാഹ

സ്പോര്‍ട്സ് ഡെസ്‌ക്

മേജര്‍ ലീഗ് ക്രിക്കറ്റില്‍ ചരിത്ര നേട്ടവുമായി ന്യൂസലിലാന്‍ഡ് സൂപ്പര്‍ താരം ഫിന്‍ അലന്‍. എം.എല്‍.സിയില്‍ കഴിഞ്ഞ ദിവസം നടന്ന സാന്‍ ഫ്രാന്‍സിസ്‌കോ യൂണികോണ്‍സ് – വാഷിങ്ടണ്‍ ഫ്രീഡം മത്സരത്തിലാണ് വെടിക്കെട്ടുമായി ചരിത്രമെഴുതിയത്. പുതിയ സീസണിലെ ആദ്യ മത്സരത്തില്‍ തന്നെയാണ് ഫിന്‍ അലന്‍ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരെ പഞ്ഞിക്കിട്ട് റണ്ണേഴ്‌സ് അപ്പിന് വിജയം സമ്മാനിച്ചത്.

ഒക്‌ലാന്‍ഡ് കൊളീസിയത്തില്‍ നടന്ന മത്സരത്തില്‍ 123 റണ്‍സിന്റെ വിജയമാണ് യൂണികോണ്‍സ് സ്വന്തമാക്കിയത്. യൂണികോണ്‍സ് ഉയര്‍ത്തിയ 270 റണ്‍സിന്റെ വിജയം പിന്തുടര്‍ന്നിറങ്ങിയ ഫ്രീഡം 146ന് പുറത്തായി. 51 പന്തില്‍ 151 റണ്‍സടിച്ച ഫിന്‍ അലന്റെ കരുത്തിലാണ് യൂണികോണ്‍സ് മികച്ച സ്‌കോര്‍ സ്വന്തമാക്കിയത്.

അഞ്ച് ഫോറും ആകാശം തൊട്ട 19 സിക്‌സറും അടങ്ങുന്നതായിരുന്നു യൂണികോണ്‍സ് ഓപ്പണറുടെ ഇന്നിങ്‌സ്. 296.08 എന്ന വെടിക്കെട്ട് സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ പ്രകടനം.

ഇതോടെ ഒരു റെക്കോഡും താരം സ്വന്തമാക്കി. ടി-20 ഫോര്‍മാറ്റില്‍ ഒരു ഇന്നിങ്‌സില്‍ ഏറ്റവുമധികം സിക്‌സര്‍ നേടുന്ന താരമെന്ന ചരിത്ര നേട്ടമാണ് താരം സ്വന്തമാക്കിയത്. 2017ല്‍ ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ ക്രിസ് ഗെയ്ല്‍ പറത്തിയ 18 സിക്‌സറിന്റെ റെക്കോഡാണ് ഇതോടെ പഴങ്കഥയായത്.

ഒരു ടി-20 മത്സരത്തില്‍ ഏറ്റവുമധികം സിക്‌സര്‍ നേടിയ താരങ്ങള്‍

(താരം – ടീം – എതിരാളികള്‍ – സിക്‌സര്‍ – വര്‍ഷം എന്നീ ക്രമത്തില്‍)

ഫിന്‍ അലന്‍ – സാന്‍ ഫ്രാന്‍സിസ്‌കോ യൂണികോണ്‍സ് – വാഷിങ്ടണ്‍ ഫ്രീഡം – 19 – 2025*

ക്രിസ് ഗെയ്ല്‍ – രംഗപൂര്‍ റൈഡേഴ്‌സ് – ധാക്ക ഡൈനാമിറ്റ്‌സ് – 18 – 2027

സാഹില്‍ ചൗഹാന്‍ – എസ്റ്റോണിയ – സൈപ്രസ് – 18 – 144 – 2024

ക്രിസ് ഗെയ്ല്‍ – റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – പൂനെ വാറിയേഴ്‌സ് ഇന്ത്യ – 17 – 2013

പുനീത് ബിഷ്ത് – മേഘാലയ – മിസോറാം – 17 – 2021

മത്സരത്തില്‍ ഫിന്‍ അലന് പുറമെ സഞ്ജയ് കൃഷ്ണമൂര്‍ത്തിയും ഹസന്‍ ഖാനും യൂണികോണ്‍സിനായി സ്‌കോര്‍ ചെയ്തു. ഹസന്‍ ഖാന്‍ 18 പന്തില്‍ പുറത്താകാതെ 38 റണ്‍സ് നേടിയപ്പോള്‍ സഞ്ജയ് കൃഷ്ണമൂര്‍ത്തി 20 പന്തില്‍ 36 റണ്‍സും സ്വന്തമാക്കി.

വാഷിങ്ടണ്ണിനായി ജാക്ക് എഡ്വാര്‍ഡ്‌സ് രണ്ട് വിക്കറ്റ് നേടിയപ്പോള്‍ മിച്ചല്‍ ഓവന്‍, സൗരഭ് നേത്രാവല്‍ക്കര്‍, ഇയാന്‍ ഹോളണ്ട് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ വാഷിങ്ടണ്‍ പവര്‍പ്ലേയ്ക്ക് മുമ്പ് തന്നെ ഒറ്റ വിക്കറ്റ് പോലും നഷ്ടപ്പെടാതെ 80 റണ്‍സിലെത്തിയെങ്കിലും 13.1 ഓവറില്‍ 146/10 എന്ന നിലയിലേക്ക് ചാമ്പ്യന്‍മാര്‍ കൂപ്പുകുത്തി.

ആദ്യ വിക്കറ്റില്‍ 80 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഓപ്പണര്‍മാരായ രചിന്‍ രവീന്ദ്രയും മിച്ചല്‍ ഓവനും ചേര്‍ന്ന് സ്വന്തമാക്കിയത്. 17 പന്തില്‍ 42 റണ്‍സ് നേടിയ രചിന്‍ രവീന്ദ്രയെ മടക്കി ലിയാം പ്ലങ്കറ്റ് കൂട്ടുകെട്ട് പൊളിച്ചു. അധികം വൈകാതെ 20 പന്തില്‍ 39 റണ്‍സടിച്ച മിച്ചല്‍ ഓവനും മടങ്ങി. തുടര്‍ന്ന് വിക്കറ്റുകളുടെ ഘോഷയാത്രയ്ക്കാണ് ഓക്‌ലാന്‍ഡ് കൊളീസിയം സാക്ഷ്യം വഹിച്ചത്.

ഒന്നിന് പിന്നാലെ ഒന്നായി വിക്കറ്റുകള്‍ വീണതോടെ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാര്‍ 13.1 ഓവറില്‍ 146ന് പുറത്തായി.

യൂണികോണ്‍സിനായി ഹാരിസ് റൗഫും ഹസന്‍ ഖാനും മൂന്ന് വിക്കറ്റ് വീതം സ്വന്തമാക്കി. കാര്‍മി ലെ റോക്‌സ് രണ്ട് വിക്കറ്റും ലിയാം പ്ലങ്കറ്റ് ഒരു വിക്കറ്റും വീഴ്ത്തി.

Content Highlight: MLC: Finn Allen smashed 19 sixes in a T20 innings

We use cookies to give you the best possible experience. Learn more