ബെംഗളൂരു: ബെംഗളൂരുവിലെത്തിയ ഒരു ഡസനോളം എം.എല്‍.എമാര്‍ രണ്ട് വിവാഹം കഴിച്ച് നഗരത്തില്‍ തന്നെ തുടരുകയാണെന്ന് കര്‍ണാടക മുഖ്യമന്ത്രി ഡി.കെ.ശിവകുമാര്‍. പരാമര്‍ശം വിവാദമായതോടെ അങ്ങനെ ചെയ്തവരുടെ പേരുപറയാന്‍ അവശ്യപ്പെട്ട് ബി.ജെ.പി രംഗത്തെത്തി.
വ്യാഴാഴ്ച നിയമസഭയില്‍ നഗരത്തിലെ വരള്‍ച്ചയെക്കുക്കുറിച്ചുള്ള ചര്‍ച്ചക്കിടെയാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം. നഗരത്തില്‍ നടക്കുന്ന വികസനം കാരണം വരുന്നവരാരും തിരിച്ചുപോകാത്തത് കൊണ്ട് ജനസംഖ്യ കൂടുകയാണെന്നാണ് ശിവകുമാര്‍ പറഞ്ഞത്.
‘നിങ്ങള്‍ എം.എല്‍.എമാര്‍ പോലും ഇവിടെവന്നിട്ട് തിരികെപ്പോകുന്നില്ല. നഗരത്തിലെത്തിയ നിങ്ങള്‍ രണ്ട് വിവാഹം കഴിക്കുന്നു. അങ്ങനെ ഒരു ഡസന്‍ ആളുകളുടെ ലിസ്റ്റ് ഞാന്‍ തരാം’, മുഖ്യമന്ത്രിയുടെ പരാമര്‍ശം ഇങ്ങനെയായിരുന്നു.
ധര്‍വാഡ്, ദക്ഷിണകന്നഡ ജില്ലകളില്‍ നിന്നും വരുന്ന സാമാജികരുടെ പേരുകള്‍ പറയാനാകുമെന്നാണ് ശിവകുമാര്‍ പറഞ്ഞത്.
‘ബെംഗളൂരുവിലെത്തുന്ന അഭിഭാഷകരും അവരുടെ നാടുകളിലേക്ക് തിരികെപ്പോകുന്നില്ല. അതുകൊണ്ടാണ് നഗരത്തിന്റെ ജനസംഖ്യ വര്‍ധിക്കുന്നത്’, ശിവകുമാര്‍ തുടര്‍ന്നു.
എന്നാല്‍ ഈ പരാമര്‍ശം പ്രതിപക്ഷപാര്‍ട്ടികളുടെ ഇടയില്‍ വന്‍ വിമര്‍ശനമുയരാന്‍ കാരണമായിട്ടുണ്ട്. ഉദ്ദേശിച്ചത് ആരെയാണെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തണമെന്നാണ് ബി.ജെ.പിയുടെ ആവശ്യം.
‘ഇത്തരമൊരു പ്രസ്താവനയുടെ ആവശ്യമുണ്ടായിരുന്നില്ല. ഇപ്പോള്‍ സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്നുള്ള എം.എല്‍.എമാരുടെ തലയ്ക്ക് മുകളില്‍ ഒരു വാള്‍ തൂങ്ങിക്കിടക്കുന്നതുപോലെയാണ്’, പ്രതിപക്ഷനേതാവ് ആര്‍.അശോക പറഞ്ഞു.
ഒരു കാര്യം ശിവകുമാര്‍ ലളിതമായി അവതരിപ്പിക്കാന്‍ ശ്രമിച്ചതാകാമെന്നും എന്നാല്‍ ഇത്തരം പരാമര്‍ശങ്ങള്‍ സഭയുടെ അന്തസിനുചേര്‍ന്നതല്ലെന്ന് മുതിര്‍ന്ന ബി.ജെ.പി എം.എല്‍.എ എസ്.സുരേഷ്‌കുമാര്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രസ്താവന പൊതുജനങ്ങള്‍ക്കിടയില്‍ അനാരോഗ്യകരമായ ഒരു കൗതുകം സൃഷ്ടിച്ചുവെന്ന് സുരേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.
Content Highlight: MLAs who come to Bengaluru don’t go back, marry twice: Shivakumar sparks row