| Monday, 29th September 2025, 3:14 pm

ശ്വാസകോശത്തിലെ മുറിവ് ഭേദമാക്കിയത് ഹോമിയോ മരുന്ന്; ആശുപത്രിയില്‍ എത്തിച്ചത് പ്രസാദമെന്ന പേരിലെന്ന് എം.എല്‍.എ ഉമാ തോമസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: സ്റ്റേഡിയത്തില്‍ നിന്ന് വീണ് പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഹോമിയോ മരുന്ന് പ്രസാദമെന്ന് പറഞ്ഞ് കഴിച്ചിരുന്നുവെന്ന് എം.എല്‍.എ ഉമാ തോമസ്. റെനെ മെഡി സിറ്റിയില്‍ ചികിത്സയിലിരിക്കെ ശ്വാസകോശത്തിലെ മുറിവ് ഉണങ്ങിയതിന് കാരണം ഹോമിയോ മരുന്നാണെന്ന് വിശ്വസിക്കുന്നുവെന്നും ഉമാ തോമസ് പറഞ്ഞു. കൊച്ചിയില്‍ ഇന്റര്‍നാഷണല്‍ ഫോറം ഫോര്‍ പ്രൊമോട്ടിങ് ഹോമിയോപതിയുടെ അഞ്ചാം വാര്‍ഷികത്തില്‍ സംസാരിക്കുകയായിരുന്നു എം.എല്‍.എ.

‘ആശുപത്രിയില്‍ മരുന്ന് അനുവദിക്കില്ലെന്നതിനാല്‍ മകന്‍ ഹോമിയോ മരുന്ന് എത്തിച്ചത് പ്രസാദമാണെന്ന് പറഞ്ഞാണ്. തീര്‍ത്ഥമാണ് ഒന്ന് അമ്മയുടെ മേത്ത് തേയ്ക്കണം എന്ന് പറഞ്ഞിട്ടാണ് എന്റെ ചെവിയുടെ ഭാഗത്ത് തേച്ചത്. പ്രസാദമായതുകൊണ്ട് നാവില്‍ കൊടുക്കാന്‍ പറ്റില്ലെന്ന് അവര്‍ പറഞ്ഞതുകാരണം ചെവിയുടെ ഭാഗത്തും കൈയുടെ ഭാഗത്തും മരുന്ന് തേച്ചിരുന്നുവെന്ന് മകന്‍ പറഞ്ഞു.

അവിടെ ഒരു സ്ട്രെക്ച്ചര്‍ ഒന്നും ഇല്ലാത്തതുകൊണ്ട് കൈയും കാലുമൊക്കെ പൂച്ചക്കുഞ്ഞിനെയൊക്കെ എടുത്തോണ്ട് പോണപോലെ ആളുകള്‍ എടുത്ത് പിടിച്ചാണ് പെട്ടെന്ന് എന്നെ ആംബുലന്‍സില്‍ കൊണ്ടുപോകുന്നത്. അവിടെ ഒരു സൗകര്യവും ചെയ്തിട്ടില്ലായിരുന്നു. ലങ്‌സില്‍ മുറിവ് ഉണ്ടാവുകയും ബ്ലീഡിങ് ഉണ്ടാവുകയും ചെയ്തു. ഹോസ്പിറ്റലില്‍ വീണ്ടും എക്സ്റേ എടുത്ത് കഴിഞ്ഞപ്പോ ഭയങ്കര അത്ഭുതം തോന്നുന്നുവെന്ന് ഡോക്ടര്‍ പറഞ്ഞത് ഞാന്‍ ഓര്‍ക്കുന്നുണ്ട്,’ ഉമ തോമസ് പറഞ്ഞു.

29/12/2024നാണ് കലൂര്‍ സ്റ്റേഡിയത്തില്‍ അപകടം ഉണ്ടായത്. ഗിന്നസ് റെക്കോര്‍ഡിനായി സംഘടിപ്പിച്ച മൃദംഗനാദം നൃത്തസന്ധ്യക്കിടെ 12 അടി ഉയരത്തില്‍ നിന്ന് എം.എല്‍.എ താഴേക്ക് വീഴുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന എം.എല്‍.എ 46 ദിവസങ്ങള്‍ക്ക് ശേഷമാണ് ആശുപത്രി വിട്ടത്.

നൃത്തപരിപാടിയുടെ സംഘാടകര്‍ക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നിരുന്നു. സംഘാടനത്തിലെ പിഴവായിരുന്നു അപകടത്തിന് കാരണമായതെന്നായിരുന്നു പിന്നീട് വന്ന റിപ്പോര്‍ട്ടുകള്‍.

താത്കാലികമായി തയ്യാറാക്കിയ വി.ഐ.പി ഗാലറിയുടെ കൈവരി ഒരുക്കിയത് ബലമില്ലാത്ത ക്യൂ ബാരിയേര്‍ഡ് ഉപയോഗിച്ചായിരുന്നു. 55 അടി നീളമുള്ള സ്റ്റേജില്‍ എട്ടടി വീതിയിലാണ് കസേരകള്‍ ഇടാന്‍ സൗകര്യമൊരുക്കിയത്. അവിടെ നിന്നായിരുന്നു എം.എല്‍.എ വീണത്.

സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ നൃത്തപരിപാടി സംഘടിപ്പിച്ചതിനാല്‍ സംഘാടകര്‍ക്കെതിരെ കേസ് എടുത്തിരുന്നു.

Content Highlight: MLA Uma Thomas said that she had taken homeopathic medicine while undergoing treatment

We use cookies to give you the best possible experience. Learn more