ചെന്നൈ: വോട്ടര്‍പട്ടിക ക്രമക്കേടില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ വിമര്‍ശനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ചോദ്യങ്ങളുമായാണ് അദ്ദേഹം രംഗത്തെത്തിയത്.
ഇന്ത്യ സഖ്യത്തിന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാതെ അതില്‍ നിന്നും ഒഴിഞ്ഞുമാറിയ തെരഞ്ഞെടുപ്പ് കമ്മിഷന്‍ കൂടുതല്‍ ചോദ്യങ്ങള്‍ ചോദിക്കുകയാണ് ചെയ്തതെന്നും സ്റ്റാലിന്‍ പറഞ്ഞു.
എം.കെ. സ്റ്റാലിന്‍
മരിച്ച വോട്ടര്‍മാരുടെ പേരുകള്‍ നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അത് ഇതുവരെ ചെയ്തിട്ടില്ല, അത് ഇനിയെന്ന് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്?
ജൂലൈ 17ന് ഇക്കാര്യം തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നുവെന്നും പോസ്റ്റില്‍ സ്റ്റാലിന്‍ വ്യക്തമാക്കി.
വീടുകള്‍ തോറുമുള്ള കണക്കെടുപ്പ് കൃത്യമായി നടക്കാതെ എങ്ങനെയാണ് യോഗ്യതയുള്ള വോട്ടര്‍മാര്‍ പട്ടികയില്‍ നിന്നും ഒഴിവാക്കപ്പെടുന്നത്? കന്നി വോട്ടര്‍മാരുടെ എണ്ണം വളരെയധികം കുറവാണ്. ഇവരെ ഏതെങ്കിലും കണക്കില്‍പ്പെടുത്തിയിട്ടുണ്ടോ?
18 വയസ്സ് തികഞ്ഞ എത്ര യുവാക്കളെ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് കാണിക്കാന്‍ ഏതെങ്കിലും തരത്തിലുള്ള വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പക്കലുണ്ടോ തുടങ്ങിയ ചോദ്യങ്ങളും സ്റ്റാലിന്‍ ഉന്നയിച്ചു.
വോട്ടര്‍മാരുടെ അംഗീകൃത രേഖയായി ആധാര്‍ എന്തുകൊണ്ട് കണക്കാക്കുന്നില്ല? സുതാര്യമായ തെരഞ്ഞെടുപ്പാണ് കമ്മീഷന്റെ ലക്ഷ്യമെങ്കില്‍ എന്തുകൊണ്ടാണ് ഈ പ്രക്രിയകള്‍ കൂടുതല്‍ സുതാര്യവും വോട്ടര്‍ ഫ്രണ്ട്‌ലിയും ആകാത്തത് എന്നും തമിഴ്നാട് മുഖ്യമന്ത്രി ചോദിച്ചു.
അതേസമയം, വോട്ടര്‍ പട്ടികയിലെ തീവ്ര പരിഷ്‌കരണം (എസ്.ഐ.ആര്‍) വോട്ട് ചോരിയുടെ പുതിയ ആയുധമാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. ഒരു വ്യക്തി, ഒരു വോട്ട് എന്ന തത്വം സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ വാട്സ്ആപ്പ് ചാനലിലായിരുന്നു രാഹുല്‍ ഗാന്ധിയുടെ ഈ പരാമര്‍ശം.
ബീഹാറിലെ എസ്.ഐ.ആര്‍ നടപടിക്രമങ്ങളില്‍ പേര് നീക്കം ചെയ്തവരുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഈ പരാമര്‍ശം നടത്തിയത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തിട്ടും വോട്ടര്‍പട്ടികയില്‍ നിന്ന് പുറത്ത് പോയ ഒരു കൂട്ടം ആളുകളോടൊപ്പമുള്ള ചിത്രം പങ്കുവെച്ചായിരുന്നു പ്രതിപക്ഷ നേതാവിന്റെ പരാമര്‍ശം.
‘എസ്.ഐ.ആര്‍ ‘വോട്ട് ചോരി’യുടെ പുതിയ ആയുധമാണ്. യാദൃശ്ചികമായി, ചിത്രത്തില്‍ എന്നോടൊപ്പം നില്‍ക്കുന്ന ആളുകള്‍ ഈ വോട്ട് മോഷണത്തിന്റെ ‘ജീവിക്കുന്ന’ തെളിവുകളാണ്. 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അവരെല്ലാം വോട്ട് ചെയ്തിരുന്നു. എന്നാല്‍ ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് വന്നപ്പോഴേക്കും അവരുടെ വ്യക്തിത്വം, നിലനില്‍പ്പ് എന്നിവ ഇന്ത്യയുടെ ജനാധിപത്യത്തില്‍ നിന്ന് തുടച്ചുനീക്കപ്പെട്ടു,’ രാഹുല്‍ ഗാന്ധി പറഞ്ഞു.
Content Highlight: MK Stalin questions Election Commission