ചെന്നൈ: തമിഴ്‌നാട്ടിലെ അഞ്ച് ജില്ലകളിലായി ശ്രീലങ്കന്‍ തമിഴരുടെ പുനരധിവാസ ക്യാമ്പുകളില്‍ 729 വീടുകള്‍ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. കഴിഞ്ഞ ദിവസം (തിങ്കളാഴ്ച) സെക്രട്ടേറിയേറ്റില്‍ നിന്ന് വീഡിയോ കോണ്‍ഫറന്‍സിങ് വഴിയായിരുന്നു ഉദ്ഘാടനം നിര്‍വഹിച്ചത്.
38.76 കോടി രൂപ ചെലവഴിച്ചാണ് വീടുകള്‍ നിര്‍മിച്ചിരിക്കുന്നത്. സംസ്ഥാനത്തെ 26 ജില്ലകളിലായി 67 ക്യാമ്പുകളിലാണ് സര്‍ക്കാര്‍ ഈ വീടുകള്‍ നിര്‍മിച്ചത്. ശ്രീലങ്കന്‍ തമിഴരുടെ ക്ഷേമത്തിനായി 7400ല്‍ അധികം പുതിയ വീടുകള്‍ നിര്‍മിക്കുമെന്ന് മുഖ്യമന്ത്രി നേരത്തെ പ്രഖ്യാപിച്ചിരുന്നു.
സംസ്ഥാന നിയമസഭയില്‍ 2021 ഓഗസ്റ്റില്‍ ചട്ടം 110 പ്രകാരം ഇത് സംബന്ധിച്ച് ഒരു പ്രഖ്യാപനം നടത്തിയിരുന്നു. സംസ്ഥാനത്തെ 26 ജില്ലകളിലായി 67 ക്യാമ്പുകളില്‍ താമസിക്കുന്ന ശ്രീലങ്കന്‍ തമിഴരുടെ ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ നിരവധി നടപടികള്‍ സര്‍ക്കാര്‍ രൂപികരിച്ചിട്ടുണ്ടായിരുന്നു.
പുതിയ വീടുകളുടെ നിര്‍മാണം, നിലവില്‍ ഉള്ളവയുടെ അറ്റകുറ്റപണികള്‍, നവീകരണം എന്നിവ ഉള്‍പ്പെടെ നടത്തുമെന്നായിരുന്നു പ്രഖ്യാപനം. നിലവില്‍ നിര്‍മിച്ച വീടുകള്‍ സ്ഥിതി ചെയ്യുന്നത് വിരുദുനഗര്‍, സേലം, തിരുപ്പൂര്‍, ധര്‍മപുരി, വില്ലുപുരം എന്നീ ജില്ലകളിലെ ക്യാമ്പുകളിലാണ്.
സര്‍ക്കാറിന്റെ പുനരധിവാസ പരിപാടിയുടെ ആദ്യ ഘട്ടത്തില്‍ 30ല്‍ അധികം ക്യാമ്പുകളിലായി 3500ല്‍ അധികം വീടുകള്‍ നിര്‍മിക്കുകയും അത് കൈമാറുകയും ചെയ്തിരുന്നു. 180 കോടിയില്‍ അധികം രൂപയ്ക്ക് ആയിരുന്നു ഇത് നിര്‍മിച്ചത്. 18 ജില്ലകളിലായി 2700ല്‍ അധികം വീടുകള്‍ ഇതുവരെ നിര്‍മിച്ച് നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
Content Highlight: MK Stalin inaugurates 729 houses for Sri Lankan Tamils in five districts