ചെന്നൈ: വിവിധ ഭാഷകളിലെ വാര്‍ഷിക സാഹിത്യ അവാര്‍ഡുകള്‍ സമ്മാനിക്കുമെന്ന് പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍. ബംഗാളി, മറാത്തി, ഉള്‍പ്പടെയുള്ള ഏഴ് ഭാഷകള്‍ക്കാണ് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡി.എം.കെ സര്‍ക്കാര്‍ പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. സാഹിത്യ അക്കാദമി അവാര്‍ഡുകളിലെ രാഷ്ട്രീയ ഇടപെടലുകളില്‍ കേന്ദ്രത്തിനെതിരെ രൂക്ഷവിമര്‍ശനമുയര്‍ത്തിക്കൊണ്ടായിരുന്നു സ്റ്റാലിന്റെ നീക്കം.
സെമ്മൊഴി ഇലക്കിയ വിരുദു (ക്ലാസിക്കല്‍ ഭാഷാ സാഹിത്യ അവാര്‍ഡ്) എന്നാണ് പുരസ്‌കാരത്തിന് പേരിട്ടിരിക്കുന്നത്. അഞ്ച് ലക്ഷം രൂപയാണ് തമിഴ്‌നാട് സര്‍ക്കാര്‍ വിജയികള്‍ക്ക് സമ്മാനിക്കുക.
ആദ്യ ഘട്ടത്തില്‍ തമിഴ്, തെലുങ്ക്, കന്നഡ. മലയാളി, ഒഡിയ, ബംഗാളി, മറാത്തി ഭാഷകളിലെ ഏറ്റവും മികച്ച സാഹിത്യ കൃതികള്‍ക്കാണ് പുരസ്‌കാരം സമ്മാനിക്കുന്നത്.
ചെന്നൈ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ (സി.ഐ.ബി.എഫ് – 2026) സമാപന സമ്മേളനത്തില്‍ സാഹിത്യ അക്കാദമി അവാര്‍ഡ് പ്രഖ്യാപനം റദ്ദാക്കിയതിനെ കുറിച്ചും സ്റ്റാലിന്‍ സംസാരിച്ചു. കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന്റെ ഇടപെടലുകളാണ് ഇതിന് കാരണമെന്നും പുരസ്‌കാരങ്ങളില്‍ രാഷ്ട്രീയ ഇടപെടലുകള്‍ അപകരടകരമാണെന്നും പറഞ്ഞു.
ഇത്തരമൊരു സാഹചര്യത്തില്‍ നിരവധി എഴുത്തുകാരും കലാസാംസ്‌കാരിക പ്രവര്‍ത്തകരും ഒരു ബദലിനായി തന്നോട് ആവശ്യപ്പെട്ടിരുന്നു. ഇത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് തങ്ങള്‍ക്ക് ബോധ്യമുണ്ടെന്നും തമിഴ്‌നാട് മുഖ്യമന്ത്രി പറഞ്ഞു. ഇതിന്റെ പശ്ചാത്തലത്തിലാണ് എല്ലാ വര്‍ഷവും ദേശീയ തലത്തില്‍ വിവിധ ഭാഷകളിലെ മികച്ച സാഹിത്യകൃതികള്‍ക്ക് പുരസ്‌കാരമേര്‍പ്പെടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
‘ഇക്കാര്യം അറിയിക്കുന്നതില്‍ എനിക്കേറെ സന്തോഷമുണ്ട്. ആദ്യ ഘട്ടത്തില്‍ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഒഡിയ, ബംഗാളി, മറാത്തി ഭാഷകളിലെ മികച്ച കൃതികള്‍ക്ക് പുരസ്‌കാരം സമ്മാനിക്കും. ഓരോ ഭാഷയിലെയും പുരസ്‌കാരത്തിന് അഞ്ച് ലക്ഷം രൂപയാണ് സമ്മാനമായി നല്‍കുക,’ സ്റ്റാലിന്‍ പറഞ്ഞു.
തമിഴ്‌നാട് സര്‍ക്കാര്‍ ഇതില്‍ രക്ഷാധികാരികളായി പ്രവര്‍ത്തിക്കും. വിജയികളെ നിര്‍ണയിക്കുന്നതിനുള്ള പ്രക്രിയ വിദഗ്ധരെ ഏല്‍പ്പിക്കും. അവാര്‍ഡിന്റെ ഗുണനിലവാരവും സുതാര്യതയും ഉറപ്പാക്കുന്നതിനായി ഓരോ ഭാഷയിലെയും പ്രശസ്തരായ എഴുത്തുകാര്‍ ഉള്‍പ്പെടുന്ന പ്രത്യേക കമ്മിറ്റി രൂപീകരിക്കുമെന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.
രണ്ടാം തവണയും (ദ്രാവിഡ മോഡല്‍ 2.0) തന്റെ സര്‍ക്കാര്‍ അധികാലത്തിലെത്തുന്നതോടെ പരിപാടി കൂടുതല്‍ വിപുലമാക്കുമെന്നും, ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഭാഷകള്‍ക്കിടയില്‍ ഐക്യത്തിന്റെയും ആശയങ്ങള്‍ പങ്കുവയ്ക്കുന്നതിന്റെയും ആവശ്യകതയെ കുറിച്ചും ചെന്നൈ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ ഊന്നിപ്പറഞ്ഞു. ഭാഷ ആളുകളെ വേര്‍തിരിക്കുന്ന ഒരു മതിലല്ല; മറിച്ച്, അത് ലോകമെമ്പാടുമുള്ള ആളുകളെ ബന്ധിപ്പിക്കുകയാണെന്നും ഈ പരിപാടി നമ്മുടെ സ്വപ്നം സാക്ഷാത്കരിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlight: MK Stalin announces Tamil Nadu government literary award for 7 non-Hindi languages