| Wednesday, 29th May 2019, 10:34 am

'പിന്മാറരുത്, നിങ്ങള്‍ ജനങ്ങളുടെ ഹൃദയങ്ങളെ വിജയിച്ചു കഴിഞ്ഞവനാണ്'; രാഹുല്‍ ഗാന്ധിയോട് സ്റ്റാലിന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഉണ്ടായ തിരിച്ചടിയെ തുടര്‍ന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് പിന്മാറാനുള്ള ആലോചനയില്‍ നിന്ന് രാഹുല്‍ ഗാന്ധി പിന്മാറണമെന്ന് ആവശ്യപ്പെട്ട് ഡിഎംകെ അദ്ധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍. ജനങ്ങളുടെ ഹൃദയങ്ങളെ കീഴടക്കുന്നതില്‍ രാഹുല്‍ ഇപ്പോള്‍ തന്നെ വിജയിച്ചു കഴിഞ്ഞുവെന്നും സ്റ്റാലിന്‍ പറഞ്ഞു.

പാര്‍ട്ടി അദ്ധ്യക്ഷ പദവിയില്‍ നിന്ന് രാജിവെക്കാനുള്ള രാഹുിലിന്റെ തീരുമാനത്തില്‍ നിന്ന് പിന്മാറണമെന്ന് ആര്‍ജെഡി അദ്ധ്യക്ഷന്‍ ലാലു പ്രസാദ് യാദവ് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് സ്റ്റാലിന്റെ പ്രതികരണം. ബി.ജെ.പിയുടെ കെണിയില്‍ വീഴുന്നതിന് തുല്യമാണ് ഇതെന്നും കോണ്‍ഗ്രസിന് മാത്രമല്ല സംഘപരിവാറിതെിരെ പോരാടുന്ന എല്ലാ രാഷ്ട്രീയ സാമൂഹ്യ ശക്തികള്‍ക്കും ഇത് തിരിച്ചടിയാണെന്നും ലാലു പറഞ്ഞു.

ഗാന്ധി കുടുംബത്തില്‍ നിന്നല്ലാത്ത ഒരാള്‍ അധ്യക്ഷ പദവിയില്‍ വന്നാല്‍ തന്നെ അയാളെ ഒരു പാവയാക്കി വെച്ചിരിക്കുകയാണെന്ന ആരോപണം ഉയരും. എന്തിനാണ് അത്തരമൊരു ആരോപണം കൂടി പ്രതിപക്ഷത്തിന് ഉന്നയിക്കാനുള്ള അവസരം നല്‍കുന്നതെന്നും ലാലു പ്രസാദ് യാദവ് ചോദിച്ചു.

മോദി സര്‍ക്കാരിന്റെ വിജയം പ്രതിപക്ഷം അംഗീകരിക്കണം. എവിടെയാണ് പിഴവ് വന്നതെന്ന് പ്രതിപക്ഷം ഒന്നടങ്കം ചര്‍ച്ച ചെയ്യണം. കൃത്യമായ തീരുമാനങ്ങളിലെത്തണം- ലാലു പ്രസാദ് പറഞ്ഞു.

അതേസമയം, രാജിവക്കാനുള്ള തീരുമാനത്തില്‍നിന്നും രാഹുല്‍ ഗാന്ധി മാറ്റമറിയിച്ചിട്ടില്ല. തീരുമാനം പുന:പരിശോധിക്കാന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ രാഹുല്‍ഗാന്ധിയില്‍ സമ്മര്‍ദം തുടരുകയാണ്.

സോണിയ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കരുതെന്നും രാഹുല്‍ ഗാന്ധി നിര്‍ബന്ധം പിടിക്കുന്നുണ്ട്. ഗാന്ധി കുടുംബത്തില്‍നിന്നല്ലാതെ പാര്‍ട്ടിയെ നയിക്കാന്‍ പുതിയ ആള്‍ വരണമെന്നാണ് രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശം.

അധ്യക്ഷ പദവി ഒഴിഞ്ഞാലും പാര്‍ട്ടിയുടെ മുന്‍നിരയില്‍ താന്‍ സജീവമായി ഉണ്ടാകുമെന്ന് രാഹുല്‍ ഗാന്ധി നേതാക്കള്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. രാഹുല്‍ ഗാന്ധിയുടെ രാജി തീരുമാനത്തെ തുടര്‍ന്ന് അധ്യക്ഷ പദവി ഏറ്റെടുക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ സോണിയ ഗാന്ധിയില്‍ സമ്മര്‍ദം ചെലുത്തുന്നുണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more