തിരുവനന്തപുരം: മുസ്‌ലിം ലീഗ് നേതാവും മുന്‍ മന്ത്രിയുമായ എം.കെ. മുനീറിനും ഫോര്‍വേഡ് ബ്ലോക്ക് നേതാവ് ജി. ദേവരാജനും കാബിനറ്റ് റാങ്കുള്ള ഔദ്യോഗിക പദവികള്‍ നല്‍കി സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാന ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനായാണ് മുനീറിനെ നിയമിക്കുന്നത്. ദല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായാണ് ജി. ദേവരാജന്റെ നിയമനം.
ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനായി തെരഞ്ഞെടുത്ത മുനീറിന് അഭിവാദ്യം അര്‍പിച്ചുകൊണ്ടുള്ള പോസ്റ്റുകള്‍ മുസ്‌ലിം ലീഗിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഫോര്‍വേഡ് ബ്ലോക്കിന്റെ യുവജന വിഭാഗമായ ഓള്‍ ഇന്ത്യ യൂത്ത് ലീഗ് ജി. ദേവരാജന് കാബിനറ്റ് പദവിയില്‍ അഭിവാദ്യം അര്‍പിച്ചുകൊണ്ട് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റുകള്‍ പങ്കുവച്ചു.
ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് മുന്‍ മുഖ്യമന്ത്രി വി.എസ് വി.എസ് ഭരണ പരിഷ്‌കാര ചെയര്‍മാനായി നിയമിച്ചിരുന്നു. 2016ലായിരുന്നു നിയമനം. പിന്നീട് 2021ല്‍ ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി വി.എസ് ഈ പദവി രാജിവെക്കുകയും ചെയ്തിരുന്നു. രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ഈ പദവിയില്‍ ആരെയും നിയമിച്ചിരുന്നില്ല.
കെ.വി. തോമസായിരുന്നു പിണറായി സര്‍ക്കാരിന്റെ കാലത്ത് ദല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി. ഇരു കാബിനറ്റ് പദവികള്‍ക്കെതിരെയും അന്നത്തെ പ്രതിപക്ഷമായിരുന്ന യു.ഡി.എഫ് വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു.
പുതിയ യു.ഡി.എഫ് സര്‍ക്കാര്‍ ഈ വര്‍ഷം മെയില്‍ അധികാരമേറ്റതിന് ശേഷം ഈ പദവികളിലെ നിയമനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങളും പുറത്ത് വന്നിരുന്നു.
ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനത്തിനായി കോണ്‍ഗ്രസും മുസ്‌ലിം ലീഗും ആവശ്യമുന്നയിക്കുന്നുവെന്ന തരത്തിലായിരുന്നു ഈ വര്‍ഷം മെയില്‍ പുറത്ത് വന്ന വാര്‍ത്തകള്‍. മുതിര്‍ന്ന നേതാവും മുന്‍ കെ.പി.സി.സി പ്രസിഡന്റുമായ വി.എം. സുധീരനെയാണ് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് കോണ്‍ഗ്രസ് മുന്നോട്ട് വെച്ചതെന്ന് അത്തരം റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഈ സ്ഥാനത്തേക്ക് മുനീറിനെയാണ് അന്നും ലീഗ് പരിഗണിച്ചതായി വാര്‍ത്തകളുണ്ടായിരുന്നത്.
ആരോഗ്യപരമായ കാരണങ്ങളാല്‍ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ മുനീര്‍ മത്സരിച്ചിരുന്നില്ല. അതിനാല്‍ മുതിര്‍ന്ന നേതാവിന് അര്‍ഹമായ നിയമനം നല്‍കണമെന്നാണായിരുന്നു പാര്‍ട്ടി നേതൃത്വത്തിന്റെ നിലപാടെന്നും അന്നത്തെ വാര്‍ത്തകളില്‍ പറഞ്ഞിരുന്നു.
Content Highlight: MK Muneer to be Kerala Administrative Reforms Commission Chairman, G Devarajan to be Special Representative in Delhi