| Sunday, 21st August 2022, 4:22 pm

അപ്പോയിന്‍മെന്റ് എടുക്കാതെ കാണാന്‍ പറ്റില്ലെന്ന് പറഞ്ഞ ഡോക്ടറെ തല്ലി മകള്‍; മാപ്പ് പറഞ്ഞ് മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗുവാഹത്തി: മകള്‍ ഡോക്ടറിനെ മര്‍ദ്ദിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ പരസ്യമായി മാപ്പുപറഞ്ഞ് മിസോറം മുഖ്യമന്ത്രി സോറംതംഗ.

അപ്പോയിന്‍മെന്റ് ഇല്ലാതെ തന്നെ കാണാന്‍ വിസമ്മതിച്ച ഡോക്ടറെ മുഖ്യമന്ത്രിയുടെ മകള്‍ മിലാരി മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ ആണ് കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചത്. സംസ്ഥാന തലസ്ഥാനമായ ഐസ്‌വാളിലെ സ്വകാര്യ ക്ലിനിക്കില്‍ ബുധനാഴ്ചയായിരുന്നു സംഭവം.

അപ്പോയിന്‍മെന്റ് എടുത്ത ശേഷം ക്ലിനിക്കില്‍ വരണമെന്ന് ഡോക്ടര്‍ നേരത്തെ മിലാരിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് പാലിക്കാതെയായിരുന്നു മിലാരി ക്ലിനിക്കിലെത്തിയത്.

ക്ലിനിക്കിലെത്തിയ യുവതി ഡോക്ടറുടെ അടുത്തേക്ക് ചെല്ലുന്നതും മുഖത്ത് അടിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.

വീഡിയോ പുറത്തുവന്നതോടെ മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ വലിയ രീതിയില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി പരസ്യമായി ക്ഷമാപണം നടത്തിയത്. അദ്ദേഹത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയായിരുന്നു ക്ഷമാപണം നടത്തിയത്. മകളുടെ പ്രവര്‍ത്തിയെ അപലപിക്കുന്നുവെന്നും മകള്‍ ചെയ്ത കാര്യത്തെ ന്യായീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: mizoram Chief minister apologizes for misbehaviour of doctor

We use cookies to give you the best possible experience. Learn more